'എന്നെ കല്യാണം കഴിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം, ഹൻസിക ഓടിയിറങ്ങി വന്ന് വാതിൽ പൂട്ടി'; അഹാന
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 11:08 AM |
Last Updated: 06th January 2021 11:08 AM | A+A A- |
അഹാന കൃഷ്ണ, ഫേയ്സ്ബുക്ക്/ വീട്ടിലേക്ക് ആക്രമിച്ച് കടക്കാൻ ശ്രമിച്ച ആൾ
കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാൾ പൊലീസിന്റെ കസ്റ്റഡിയിലാവുന്നത്. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാനാണ് ഇയാൾ എത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.
തന്നെ നേരിട്ടു കാണണമെന്നും വിവാഹം കഴിക്കണമെന്നുമായിരുന്നു അയാളുടെ ആവശ്യം എന്നാണ് അഹാന പറയുന്നത്. ഗേറ്റ് ചാടിക്കടന്ന ആൾ വീടിന്റെ വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചുവെന്നും താരം പറയുന്നു. ഇളയ സഹോദരിയുടെ സമയോചിതമായ ഇടപെടലാണ് വലിയ പ്രശ്നങ്ങളുണ്ടാക്കാതിരുന്നതെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
എന്റെ ആരാധകനാണെന്നും നേരില്‍ കാണണമെന്നുമായിരുന്നു അയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ അടച്ചിട്ട ഗേറ്റിലൂടെ അയാള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. മാന്യമായ ലക്ഷ്യങ്ങള്‍ ഉള്ള ഒരാള്‍ അടച്ചിട്ട ഗേറ്റ് വഴി ഒരു വീട്ടില്‍ അതിക്രമിച്ച് കയറില്ല. ഗേറ്റ് ചാടിക്കടന്ന സമയം വീടിന്റെ വാതില്‍ അടച്ചത് കാരണം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. അയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്തയില്‍ ഇരുന്നു. ഫോണില്‍ ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. പോലീസ് 15 മിനിറ്റിനുള്ളില്‍ തന്നെ സ്ഥലത്തെത്തി. സമയയോചിതമായി ഇടപെട്ട ആള്‍ കുഞ്ഞനുജത്തി ഹന്‍സിക ആയിരുന്നു. മുകള്‍ നിലയില്‍ നിന്നും താഴേക്കോടിയിറങ്ങി വാതില്‍ അകത്തു നിന്നും പൂട്ടിയത് ഹന്‍സികയാണ്. വാതില്‍ പൂട്ടിയതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അയാള്‍ ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അവളെ ഇത്രയും ധൈര്യശാലിയായി വളര്‍ത്തിയെടുത്തതില്‍ അഭിമാനം തോന്നുന്നു. അവളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ ഇതുപോലെ ചെയ്യുമോ എന്നറിയില്ല.- അഹാന കുറിച്ചു.
സംഭവങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അഹാന അഭ്യര്‍ഥിച്ചു. അയാള്‍ എവിടെ നിന്നും വന്നെന്നോ, അയാളുടെ പേരെന്തെന്നോ വിഷയല്ല. എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ സ്വീകാര്യമല്ലെന്നും അഹാന കൂട്ടിച്ചേര്‍ത്തു. ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലാണ് അഹാനയും കുടുംബവും താമസിക്കുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഐസൊലേഷനിൽ കഴിയുകയാണ് അഹാന.