വീണ്ടും മോഷണ ആരോപണം, വിജയ് ചിത്രം മാസ്റ്റർ തന്റെ കഥയെന്ന് രംഗദാസ്; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 10:26 AM |
Last Updated: 09th January 2021 10:26 AM | A+A A- |
മാസ്റ്റർ പോസ്റ്റർ
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം മാസ്റ്റർ പൊങ്കൽ തിയറ്ററിലേക്ക് എത്തുകയാണ്. പൊങ്കൽ റിലീസായി 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാൽ അതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ രംഗദാസ് എന്ന വ്യക്തി. 2017 ൽ രജിസ്റ്റർ ചെയ്ത തന്റെ കഥ മോഷ്ടിച്ചു എന്നാണ് വാർത്താസമ്മേളനത്തിലൂടെ രംഗദാസ് ആരോപിച്ചത്.
സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ 2017 ഏപ്രില്‍ 7 ന് താൻ കഥ രജിസ്റ്റർ ചെയ്തത്. എന്നാൽ ആ കഥ മറ്റാരോ സിനിമയാക്കിയെന്നും വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആദ്യമായല്ല വിജയ് ചിത്രം മോഷണ ആരോപണത്തിൽ വീഴുന്നത്. ഇതിന് മുൻപ് എആർ മുരുഗദോസിന്റെ സർക്കാരിനെ എതിരെ ഉയർന്ന മോഷണ ആരോപണം വലിയ വിവാദമായിരുന്നു. കൂടാതെ ബിഗിലും ഇത്തരത്തിലുള്ള വിവാദത്തിൽപ്പെട്ടു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാളവിക മോഹൻ, ആൻഡ്രിയ,ശാന്തനു, ഗൗരി കൃഷ്ണ, അർജുൻ ദാസ്, മഹേന്ദ്രൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ലോകേഷ് കനകരാജിന്റേതാണ് മാസ്റ്ററിന്റെ കഥ. സംവിധായകനൊപ്പം രത്നകുമാർ, പൊൻ പാർത്ഥിപൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.