'ബിഗ് ബോസിലേക്ക് ഞാന്‍ ഇല്ല', അത് റൂമറെന്ന് ദിയ കൃഷ്ണ; ഇഷാനിയോ?
By സമകാലിക മലയാളം ഡെസ്ക് | Published: 12th January 2021 08:33 PM |
Last Updated: 13th January 2021 08:35 AM | A+A A- |
ദിയ കൃഷ്ണ, ഇഷാനി/ ചിത്രം: ഇൻസ്റ്റഗ്രാം
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ പതിപ്പില്‍ മൂന്നാം സീസണ് തുടങ്ങുകയാണ്. പുതിയ സീസണ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരെല്ലാമായിരിക്കും മത്സരാര്‍ത്ഥികള്‍ എന്നതാണ് ചര്‍ച്ച. നടി അഹാന കൃഷ്ണയുടെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താരങ്ങളുമായ ദിയ കൃഷ്ണയും ഇഷാനിയും മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി വരെ ഈ പട്ടികയില്‍ നിറയുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇനിയും പുറത്തുവിട്ടിട്ടില്ല.
അതേസമയം ബിഗ് ബോസിലേക്കില്ലെന്ന് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ദിയ ഇപ്പോള്‍. പ്രചരിക്കുന്നതെല്ലാം റൂമറുകള്‍ മാത്രമാണെന്നും താനോ അനിയത്തി ഇഷാനിയോ ഷോയും ഭാഗമായിരിക്കില്ലെന്നും ദിയ പറഞ്ഞു. പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചെന്നും അതിനാലാണ് വ്യക്തത വരുത്തുന്നതെന്നുമാണ് വിഡിയോയില്‍ ദിയ പറയുന്നത്.
ഏറെ വിജയകരമായ ബിഗ് ബോസ് ആദ്യ സീസണുശേഷം രണ്ടാം സീസണ് നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 100 ദിവസത്തെ ഷോ ഏകദേശം 60 ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കുകയായിരുന്നു. ഷോയുടെ അവതാരകനായി ഇക്കുറിയും മോഹന്‍ലാല്‍ തന്നെ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യ സീസണില്‍ നടനും അവതാരകകനുമായ സാബുമോന് അബുസമദ് ആണ് വിജയിയായത്. രണ്ടാം സ്ഥാനത്ത് നടിയും അവതാരകയുമായ പേളി മാണി എത്തി.