തുടക്കം 'വെള്ള'ത്തിൽ; കോവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം ജയസൂര്യയുടേത്; റിലീസ് തിയതി പ്രഖ്യാപിച്ചു

ജനുവരി 22 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്
വെള്ളം പോസ്റ്റർ
വെള്ളം പോസ്റ്റർ

മാസങ്ങളുടെ അടച്ചിടലിന് ശേഷം മലയാളസിനിമക്ക് ജീവൻ വെക്കുകയാണ്. എന്നാൽ ഇന്ന് തിയറ്ററുകൾ തുറക്കുന്നത് മലയാള സിനിമയുമായിട്ടല്ല. തമിഴ് സൂപ്പർതാരം വിജയ് യുടെ മാസ്റ്ററുമായിട്ടാണ്. ഇതിനോടകം നിരവധി ചിത്രങ്ങൾ റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ ഇതാ കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി തിയറ്ററിലെത്തുന്ന മലയാള സിനിമയാകാൻ ഒരുങ്ങുകയാണ് ജയസൂര്യയുടെ വെള്ളം. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു.

ജനുവരി 22 നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ജയസൂര്യ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ആദ്യ ചിത്രമായി താൻ അഭിനയിച്ച ‘വെള്ളം’ പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നാണ് ജയസൂര്യ ഫേയ്സ്ബുക്കിൽ കുറിച്ചത്. എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൂരിലെ ഒരു കുടിയന്റെ ജീവിതം പറയുന്നതാണ് ചിത്രം.

നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി. ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം.- ജയസൂര്യ കുറിച്ചു. അതിനൊപ്പം കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും താരം ഓർമിപ്പിച്ചു.

സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com