സെക്‌സിനെക്കുറിച്ച് പറയുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലായി; മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 12:06 PM |
Last Updated: 13th January 2021 12:06 PM | A+A A- |
വിവാദ വിഡിയോയില്‍ നിന്ന്/ യൂട്യൂബ് സ്‌ക്രീന്‍ഷോട്ട്
പെണ്‍കുട്ടി ലൈംഗികതയെക്കുറിച്ച് തുറന്നു പറയുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മൂന്ന് യൂട്യൂബര്‍മാര്‍ അറസ്റ്റില്‍. തമിഴ് യൂട്യൂബ് ചാനലിന്റെ ചെന്നൈ ടോക്ക് എന്ന പരിപാടിയിലെ വിഡിയോ ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. സെക്‌സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച് പറയുന്ന പെണ്‍കുട്ടിയുടെ വിഡിയോ ആണ് വൈറലായത്. തുടര്‍ന്ന് ആളുകളില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് ചാനലിന്റെ നടത്തിപ്പുകാരെ പൊലീസ് അറസ്റ്റു ചെയ്തത്.
വിവിധ വിഷയങ്ങളില്‍ ആളുകളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ 200 ല്‍ അധികം വിഡിയോകളാണ് ചാനലിലുണ്ടായിരുന്നു. ഇതില്‍ നിരവധി വിഡിയോകളില്‍ പറയുന്നത് ലൈംഗികതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചുമെല്ലാം നിരവധി സ്ത്രീകളാണ് തുറന്നു സംസാരിക്കുന്നത്.
ബെസന്ത് നഗര്‍ ബീച്ചിലാണ് വിഡിയോകള്‍ ചിത്രീകരിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ബീച്ചില്‍ എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാനലിന്റെ ഉടമയായ ദിനേഷ് (31), വെജെ അസെന്‍ ബാദ്ഷാ (23), കാമറാമാന്‍ അജയ് ബാബു (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബീച്ചില്‍ എത്തുന്ന പെണ്‍കുട്ടികളെ സമീപിച്ച് ഏതെങ്കിലും വിഷയത്തില്‍ അവരുടെ അഭിപ്രായം ചോദിക്കുകയാണ് ഇവര്‍ ചെയ്യുക. തുടര്‍ന്ന് അവരുടെ സ്വകാര്യകാര്യങ്ങള്‍ ചോദിക്കുകയും ലൈംഗികജീവിതത്തെക്കുറിച്ച് സംസാരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. പൊതുയിടത്തിലെ അശ്ലീല പ്രകടനം, ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.