ആകെ 224 സിനിമകള്‍ ; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2021 11:55 AM  |  

Last Updated: 15th January 2021 11:55 AM  |   A+A-   |  

iffi goa

രാജ്യാന്തര ചലച്ചിത്രമേള / പിഐബി ട്വിറ്റര്‍ ചിത്രം

 

പനാജി: ഗോവയില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. കോവിഡ് പശ്ചാത്തലത്തില്‍ ജനുവരി 16 മുതല്‍ 24 വരെ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി സിനിമ കാണാം.

ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തില്‍ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തില്‍നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടംനേടിയിട്ടുണ്ട്. 

പ്രദീപ് കാളിപുറം സംവിധാനംചെയ്ത 'സേഫ്', അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്', നിസാം ബഷീര്‍ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇടംപിടിച്ചത്. ശരണ്‍ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ഇടംപിടിച്ച ചിത്രം.

ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലാദേശ്) എന്നിവര്‍ ജൂറി അംഗങ്ങളാണ്.