'മണിച്ചേട്ടന്റെ വീടിനു മുകളിൽ അദൃശ്യനായ ഒരാൾ'; ജീവിക്കാൻ അനുവദിക്കണമെന്ന് ആർഎൽവി രാമകൃഷ്ണൻ; വിഡിയോ

മണിച്ചേട്ടന്റെ വീട് കാണാൻ വന്നതാണ് എന്ന വ്യാജേന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണ്
ആർഎൽവി രാമകൃഷ്ണൻ, കലാഭവൻ മണി/ ഫേയ്സ്ബുക്ക്
ആർഎൽവി രാമകൃഷ്ണൻ, കലാഭവൻ മണി/ ഫേയ്സ്ബുക്ക്

വിടപറഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കലാഭവൻ മണി. താരത്തെക്കുറിച്ച് നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ചിലത് മണിയേയും കുടുംബത്തേയും അപമാനിക്കുന്ന തരത്തിലുള്ളവയാണ്. ഇപ്പോൾ അത്തരത്തിൽ വിഡിയോ ചെയ്യുന്ന ബ്ലോ​ഗർമാർക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചില യുട്യൂബ് ചാനലുകാരുടെ അസത്യമായ അവതരണങ്ങൾ അസഹ്യമാണെന്നാണ് രാമകൃഷ്ണൻ പറയുന്നത്. പല വിഡിയോകളിൽ പറയുന്ന വ്യാജ ആരോപണങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് രാമകൃഷ്ണന്റെ വിഡിയോ. മണിച്ചേട്ടന്റെ വീട് കാണാൻ വന്നതാണ് എന്ന വ്യാജേന ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് അനാവശ്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം എന്നും അ​ദ്ദേഹം അഭ്യർത്ഥിച്ചു.

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ:

സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും ഇവിടെ വ്ലോഗ് അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്പറിലാണ് ആ വണ്ടി റജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിച്ചേട്ടൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷകൾ ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല.

ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്നാട് രജിസ്ട്രേഷന്‍ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയതിനാൽ അത് ഉപയോഗശൂന്യമായി. മറ്റ് കാര്യങ്ങൾ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തികഭദ്രത പോലെയാണ് ചെയ്യാൻ സാധിക്കുക. അതിനപ്പുറത്തേയ്ക്ക് ആ വണ്ടിക്കുള്ളിൽ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ചുപോയി, തകർന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വിഡിയോകൾ കണ്ടു.

ഈ അടുത്ത് വേറൊരു വിഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വിഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ് ഇക്കൂട്ടർ. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വിഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

മണിച്ചേട്ടൻ നാടൻപാട്ടുകൾ പഠിച്ചത് തൊട്ടടുത്തുളള ചേട്ടനിൽ നിന്നാണെന്നൊക്കെ വ്ലോഗ് കണ്ടു. മണിച്ചേട്ടൻ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവിൽ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാൻ പോയിട്ടില്ല. ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാൻ അസത്യം വിളമ്പുകയാണ് ഇവർ. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നുവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്. കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്. നിങ്ങൾ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com