​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം

​ഗോവയിൽ ഇനി സിനിമാക്കാലം; അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരി തെളിയും; പാസ് കിട്ടാത്തവർക്ക് ഓൺലൈനായി കാണാം
പിഐബി ട്വിറ്റര്‍ ചിത്രം
പിഐബി ട്വിറ്റര്‍ ചിത്രം

പനാജി: 51ാമത് ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് കലാഅക്കദാമയിലാണ് ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കടുത്ത നിയന്ത്രണമുണ്ട്. വിശ്വവിഖ്യാത സംവിധായ‌കൻ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമർപ്പിക്കും. 

ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലി​ഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളു. അല്ലാത്തവർക്ക് ഓൺലൈനായി സിനിമ കാണാം. 

ആകെ 224 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തിൽ ഇത്തവണ മലയാളചിത്രങ്ങളില്ല. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ സിനിമകളും ഒരു നോൺ ഫീച്ചർ ചിത്രവും ഇടംനേടിയിട്ടുണ്ട്. 

പ്രദീപ് കാളിപുറം സംവിധാനംചെയ്ത 'സേഫ്', അൻവർ റഷീദ് ചിത്രം 'ട്രാൻസ്', നിസാം ബഷീർ സംവിധാനം ചെയ്ത 'കെട്ട്യോളാണ് എന്റെ മാലാഖ', സിദ്ദിഖ് പരവൂരിന്റെ 'താഹിറ', മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ ഇടംപിടിച്ചത്. ശരൺ വേണുഗോപാലിന്റെ 'ഒരു പാതിരാസ്വപ്നം പോലെ' ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഇടംപിടിച്ച ചിത്രം.

ജയറാം കുചേലനായി വേഷമിടുന്ന സംസ്‌കൃത സിനിമ നമയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അർജന്റീനയിൽ നിന്നുള്ള സംവിധായകൻ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ. പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവർ ജൂറി അംഗങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com