'എന്താ ഞാൻ സ്മാർട്ടായിട്ടല്ലേ ഇരിക്കുന്നത്?' ആ ചിരിച്ചോദ്യം ബാക്കി; വിടവാങ്ങിയത് മലയാള സിനിമയുടെ 'മുത്തച്ഛൻ' 

74ാം വ​യ​സ്സി​ൽ ദേ​ശാ​ട​ന​ത്തി​ലെ പാ​ച്ചു​വി​ന്റെ മു​ത്ത​ച്ഛ​നാ​യി മലയാള സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

രാവിലെ ആറുമണിക്ക് മുമ്പേ ഉണരും, കുളിക്കുശേഷമുള്ള പ്രാർത്ഥനകൾക്കും മുടക്കമില്ല...പഞ്ചസാരയില്ലാതെ ഭക്ഷണം കഴിക്കാനാവില്ല, അതുകൊണ്ട് രാവിലെയും ഉച്ചയ്ക്കുമെല്ലാം ഭക്ഷണത്തിനൊപ്പം പഞ്ചസാര നിർബന്ധമാണ്. 98-ാം വയസിലേക്ക് കടന്നപ്പോഴും പതിവുകളൊന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി മാറ്റിയിരുന്നില്ല. വീൽചെയറിലായതിനാൽ യോഗ മാത്രം മുടങ്ങി.

74ാം വ​യ​സ്സി​ൽ ദേ​ശാ​ട​ന​ത്തി​ലെ പാ​ച്ചു​വി​ന്റെ മു​ത്ത​ച്ഛ​നാ​യി മലയാള സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ നടനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. പിന്നീട് ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ചു. കല്ല്യാണരാമൻ, രാപകൽ, ഉടയോൻ തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തി. രജനീകാന്തിനൊപ്പം ചന്ദ്രമുഖി, കമലഹാസനോടൊപ്പം പമ്മൽകെ സമ്മന്തം, ഐശ്വര്യ റായിയുടെ മുത്തച്ഛനായി കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്നിങ്ങനെ നീളുന്നു ഒപ്പം അഭിനയിച്ചവരുടെ നിര. മകളുടെ ഭർത്താവായ കൈതപ്രം ദാമോദരൻ നമ്പൂതിരി സംവിധാനം ചെയ്ത മഴവില്ലിന്നറ്റംവരെയാണ് ഒടുവിൽ അഭിനയിച്ച ചിത്രം.

ഇളയമകൻ കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാനെത്തിയ  ഉണ്ണികൃഷ്ണൻ നമ്പൂതിരി/ ചിത്രം: എക്‌സ്പ്രസ്‌
ഇളയമകൻ കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാനെത്തിയ  ഉണ്ണികൃഷ്ണൻ നമ്പൂതിരി/ ചിത്രം: എക്‌സ്പ്രസ്‌

'എന്താ ഞാൻ സ്മാർട്ടായിട്ടല്ലേ ഇരിക്കുന്നത്?' - ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇളയമകൻ കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണാനെത്തിയപ്പോൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചുറ്റുമുള്ളവരോട് ചോദിച്ച ചോദ്യമാണിത്. 

ആഴ്ചകൾക്ക് മുമ്പേ ന്യുമോണിയ ബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് പരിശോധനാഫലവും പോസിറ്റീവായി. രണ്ട് ദിവസം തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോ​ഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. തൊണ്ണൂറ്റിയെട്ടിൽ കോവിഡിനെ തോൽപ്പിച്ച് മടങ്ങിയെത്തിയെങ്കിലും ദിവസങ്ങൾക്കകം വിയോ​ഗവാർത്തയെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com