എന്താണ് ഫോർപ്ലേ? ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് 'കുടുങ്ങി' മലയാളികൾ; ​അർത്ഥം അറിയാൻ ​ഗൂ​ഗിളിൽ

സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോസ്റ്റര്‍/ ഫേയ്‌സ്ബുക്ക്‌
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോസ്റ്റര്‍/ ഫേയ്‌സ്ബുക്ക്‌

നിമിഷ സജയനേയും സുരാജ് വെഞ്ഞാറമൂടിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ദി ​ഗേറ്റ് ഇന്ത്യൻ കിച്ചൻ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്വന്തം അഭിപ്രായം തുറന്നുപറയാൻ ആകാതെ അടുക്കളയിൽ തളച്ചിടപ്പെടുന്ന സ്ത്രീകളുടെ പ്രതീകമായാണ് നിമിഷ എത്തിയത്. അതിനൊപ്പം തന്നെ ലൈം​ഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യവും ചിത്രം ഉയർത്തിക്കാണിക്കുന്നുണ്ട്. 

ലൈം​ഗിക ബന്ധത്തിലെ അസംതൃപ്തി അറിയിക്കുന്ന നിമിഷയും അതിനോടുള്ള സുരാജിന്റെ പ്രതികരണവുമാണ് ചിത്രത്തിലുള്ളത്. അതിനിടെ നിമിഷ പറയുന്ന ഒരു വാക്കിന് പിന്നാലെയാണ് ഇപ്പോൾ മലയാളികൾ. ഫോർപ്ലേ. സാധാരണക്കാരായ മലയാളികൾ കേൾക്കാൻ സാധ്യതയില്ലാത്ത ഈ വാക്ക് തിരഞ്ഞു കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

ഫോർപ്ലേ വേണമെന്നാണ് നായികയുടെ ആവശ്യം. എന്നാൽ ഇതിനോട് തിരിഞ്ഞു കിടക്കുകയാണ് നായകൻ. എന്നാൽ ഈ വാക്കിന്റെ അർഥം മിക്കവർക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിൾ സേർച്ചിന്റെ സഹായം തേടാൻ തുടങ്ങിയത്. ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്. ചിലർ ഫോർപ്ലേയുടെ മലയാളം അർത്ഥവും അന്വേഷിക്കുകയാണ്. സിനിമ പുറത്തിറങ്ങിയതോടെ ഇതിനോടകം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ സ്വന്തം അനുഭവക്കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. ഫോർപ്ലേയെ കുറിച്ചും വിശദമായ കുറിപ്പുകൾ എഴുതിയവരും നിരവധിയാണ്. 

ഫോർപ്ലേയെക്കുറിച്ച് റിജിത്ത് പി എഴുതിയ കുറിപ്പ് വായിക്കാം

ഫോർപ്ലേ എങ്ങനെയാണ് വേദന ഇല്ലാതാക്കുന്നത്?? 
നമ്മള് ചെയ്യൂലേ, അപ്പൊ എനിക്ക് നല്ല പെയിൻ ഉണ്ട്. കുറച്ച് ഫോർപ്ലേ കൂടി ഉണ്ടെങ്കിൽ"
"എനിക്കും തോന്നണ്ടേ ഫോർപ്ലേക്ക് "
The Great Indian Kitchen ൽ ദമ്പതികൾ തമ്മിലുള്ള സംഭാഷണമാണിത്. ഇണയുടെ താല്പര്യങ്ങൾക്ക് യാതൊരുവിധ പരിഗണനയും കൊടുക്കാത്ത, പല കാര്യങ്ങളെ കുറിച്ചും അറിവില്ലാതിരുന്നിട്ടും ഉണ്ടെന്ന് നടിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മലയാളി പുരുഷന്മാരുടെ പ്രതിനിധിയാണ് സുരാജിന്റെ കഥാപാത്രം.
ആദ്യം ഫോർപ്ലേ എങ്ങനെയാണ് വേദന ഇല്ലാതാകുന്നത് എന്ന് നോക്കാം. ഫോർപ്ലേയിലൂടെ സ്ത്രീക്ക് ലൈംഗിക ഉത്തേജനം ഉണ്ടാവുമ്പോൾ വജൈനയുടെ അകത്ത് ഒരു ഫ്ലൂയിഡ് ഉൽപാദിപ്പിക്കപ്പെടുന്നു. പെനിസിന്റെ സ്മൂത്ത്‌ ആയ ചലനത്തിന് ഇത് സഹായിക്കുന്നു. ഫ്ലൂയിഡ് ശരിയായി വരാത്തവർക്ക് ലൂബ്രിക്കന്റ്സ് ഉപയോഗിക്കാം. ഫോർപ്ലേ ഇല്ലാതെ സംഭോഗത്തിനു തുനിഞ്ഞാൽ സ്ത്രീക്ക് അസഹ്യമായ വേദനയാവും ഫലം. തുറന്നു പറഞ്ഞാൽ പങ്കാളികൾ എന്ത് കരുതും എന്ന മനോവിചാരത്താൽ മിക്ക സ്ത്രീകളും വേദന നിശബ്ദമായി സഹിക്കും. ഇനി അഥവാ പറഞ്ഞാൽ "നിനക്ക് എങ്ങനെ ഇതൊക്കെ അറിയുമെടീ" എന്ന തരത്തിലുള്ള ചോദ്യശരങ്ങളെ നേരിടേണ്ടി വരും.
വജൈനൽ ഫ്ലൂയിഡ് കാണുമ്പോൾ ഓർഗാസം ആണെന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്മാരുമുണ്ട്.
പങ്കാളിക്ക് ലൈംഗികസംതൃപ്തി വന്നെന്ന തെറ്റിദ്ധാരണയുണ്ടാവാൻ  ഇത്‌ കാരണമാവുന്നു. ഫലത്തിൽ ഇതും ലൈംഗിക അസംതൃപ്തരായ സ്ത്രീകളെ ഉണ്ടാക്കുന്നു.
ഓർഗാസം വന്ന ഉടനെ തിരിഞ്ഞു കിടന്ന് ഉറങ്ങുക, ഇണയ്ക്ക് സംതൃപ്തിയുണ്ടായോ എന്ന് അന്വേഷിക്കാതിരിക്കുക, ഇഷ്ടമില്ലാത്ത പൊസിഷനുകളും ലൈംഗിക വൈകൃതങ്ങളും ഇണയിൽ അടിച്ചേൽപ്പിക്കുക, താല്പര്യമില്ലാത്ത സമയത്തും സെക്സിൽ ഏർപ്പെടാൻ നിർബന്ധിക്കുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അവഹേളനങ്ങൾക്ക് പീഡനങ്ങൾക്ക് അടുക്കള പോലെ തന്നെ കിടപ്പറയും വേദിയാകുന്നുണ്ട്.
പോൺ സൈറ്റുകളിൽ കാണുന്ന അവസാനമില്ലാത്ത ടൈമിംഗ് കണ്ട് തന്റെ കിടപ്പറയിലെ പ്രകടനം  നിരാശാജനകമാണെന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരും നിരവധി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ തങ്ങളുടെ  ഇഷ്ടനിഷ്ടങ്ങളെ കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുന്നതും അപൂർവ്വം.
Sex Education എന്ന Netflix Series ൽ ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. അതുപോലെയുള്ള മാറ്റങ്ങൾ പൊടുന്നനെ നമ്മുടെ നാട്ടിലുണ്ടാവുന്നത് സ്വപ്നം കാണാൻ പോലും കഴിയില്ലെങ്കിലും ശരിയായ സെക്സ് എഡ്യൂക്കേഷൻ പടിപടിയായെങ്കിലും ഇതിനൊക്കെ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com