മയക്കുമരുന്ന് ഉപയോഗിച്ചത് ചെറിയ അളവില്‍ മാത്രം; നടി രാഗിണി ദ്വിവേദിക്ക് ജാമ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 12:10 PM |
Last Updated: 21st January 2021 12:10 PM | A+A A- |

രാഗിണി ദ്വിവേദി
ന്യൂഡല്‍ഹി: ലഹരി ഇടപാട് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം. പ്രഥമദൃഷ്ടിയില്‍ ചെറിയ അളവില്‍ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. അതിനാല്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ 27-ാം വകുപ്പ് നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നടിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ജാമ്യം തള്ളിയ കര്‍ണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് രാഗിണി സുപ്രീംകോടതിയെ സമീപിച്ചത്.
സെപ്റ്റംബര്‍ നാലിനാണ് ലഹരി ഇടപാട് കേസില്‍ രാഗിണി അറസ്റ്റിലാകുന്നത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 140 ദിവസമായി ഇവര്‍ ജയിലിലാണ്. രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. റേവ് പാര്‍ട്ടികള്‍ക്കും മറ്റും ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള എന്‍ഡിപിഎസ് നിയമത്തിലെ വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയിരുന്നത്.