പ്രതിഭകൾക്ക് പുതിയ വേദിയൊരുക്കി എആർ റഹ്മാൻ, ഒപ്പം ചേർന്ന് ലിജോ ജോസും ഗീതു മോഹൻദാസും
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2021 04:30 PM |
Last Updated: 22nd January 2021 04:31 PM | A+A A- |

എആര്‍ റഹ്മാന്‍ /ഫയല്‍ ചിത്രം
ലോകത്തിന് മുന്‍പില്‍ ഇന്ത്യയിലെ കഴിവുറ്റവരെ കാണിക്കുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമിട്ട് സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍. ഫ്യൂച്ചര്‍പ്രൂഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കലാരംഗത്തുള്ളവര്‍ക്ക് മാത്രമല്ല സയന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കും മികച്ച അവസരമാകും.
വിവിധ വിഷയങ്ങളില്‍ ശ്രദ്ധ നേടിയ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഫറന്‍സ് സീരീസാണ് ഫ്യൂച്ചര്‍പ്രൂഫ്. രാജ്യത്തെ വിവിധങ്ങളായ കഴിവുകളുള്ളവര്‍ക്ക് ശബ്ദമാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ ആദ്യ എഡിഷനില്‍ സംവിധായകന്‍ അനുരാഗ് കശ്യപ്, ഓസ്‌കര്‍ പുരസ്‌കാരം ചിത്രമായ ഗ്രീന്‍ ബുക്കിന്റെ തിരക്കഥാകൃത്താവായ നിക്ക് വല്ലലോന്‍ഗ, ആക്റ്റിങ് എജ്യുക്കേറ്ററായ ബെര്‍ണാര്‍ഡ് ഹിപ്പര്‍ എന്നിവരാണ് പങ്കെടുക്കുക. ഇന്ത്യയിലെ പ്രമുഖ സംവിധായകരായ സോയ അക്തര്‍, നന്ദിത ദാസ്, അനുഭവ് സിന്‍ഹ, ഹന്‍സല്‍ മെഹ്ത, നീരജ് ഗയ്വന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഗീതു മോഹന്‍ദാസ് എന്നിവരും സീരീസിന്റെ ഭാഗമാകുന്നുണ്ട്.
ഇന്ത്യയില്‍ വളര്‍ന്ന് ലോകത്തില്‍ സഞ്ചരിച്ച വ്യക്തി എന്ന നിലയില്‍ നിരവധി ചോദ്യങ്ങള്‍ താന്‍ സ്വയം അഭിമൂഖീകരിച്ചിട്ടുണ്ടെന്നാണ് എആര്‍ റഹ്മാന്‍ പറയുന്നത്. ജിജ്ഞാസയോ ഉത്കണ്ഠയോ ആണ് ആ ചോദ്യങ്ങള്‍ക്ക് കാരണമാകുന്നത്. സാംസ്‌കാരികമായി സമ്പന്നമായ ഒരു രാജ്യമായിരുന്നിട്ടും കലാപരമായി ലോകോത്തര നിലവാരത്തിലേക്ക് എത്താന്‍ കഴിയാത്തതിനുള്ള കാരണമെന്താണ്? കഴിഞ്ഞ പതിറ്റാണ്ടില്‍ രൂപംകൊണ്ട ഈ പുതിയ ലോകത്ത് വൈവിധ്യം വിജയിക്കുക മാത്രമല്ല ആഘോഷിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ സര്‍ഗ്ഗസൃഷ്ടിയുള്ളവരെ കൂട്ടിച്ചേര്‍ത്ത് കലാപരമായ ആശയങ്ങള്‍ കൈമാറേണ്ടത് ആവശ്യമാണെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ഇതുവരെ കാത്തിരുന്നതിനുള്ള ഉത്തരമാണ് ഫ്യൂച്ചര്‍പ്രൂഫ്.- റഹ്മാന്‍ പറഞ്ഞു.
സിനിമയുടെ ഭാവിയും അന്താരാഷ്ട്രതലത്തിലെ ഇന്ത്യന്‍ സിനിമയുടെ പ്രാധിനിത്യവുമാണ് ആദ്യ എഡിഷനില്‍ ചര്‍ച്ചചെയ്യുന്നത്. ലോകോത്തര നിലയിലേക്ക് ഇന്ത്യന്‍ സിനിമയെ കൊണ്ടുവരാന്‍ ഫ്യൂച്ചര്‍പ്രൂഫ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹ്മാന്‍ പറഞ്ഞു.