'തട്ടത്തിന് ശേഷം ഏറ്റവും രസിച്ചു ചെയ്ത ചിത്രം'; ഹൃദയത്തെക്കുറിച്ച് വിനീത്, കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2021 11:48 AM |
Last Updated: 22nd January 2021 11:48 AM | A+A A- |
വിനീത് ശ്രീനിവാസൻ, പ്രണവും കല്യാണിയും/ ഫയൽചിത്രം
പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്ന സന്തോഷം പങ്കുവെക്കുകയാണ് വിനീത്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. തട്ടത്തിന്‍ മറയത്തിന് ശേഷം താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ചെയ്യുന്ന ചിത്രമാണ് ഇതെന്നാണ് വിനീത് കുറിക്കുന്നത്.
ഹൃദയത്തിന്റെ ഗംഭീരമായ ഷെഡ്യൂള്‍ കൊച്ചിയില്‍ പൂര്‍ത്തിയാക്കി. തട്ടത്തില്‍ മറയത്തിന് ശേഷം ഇത്ര രസകരമായി ഞാന്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഇതെന്നാണ് തോന്നുന്നത്. നാളെ പുതിയ സ്ഥലത്തേക്ക് ഞങ്ങള്‍ മാറുകയാണ്. ചിത്രീകരണത്തിനായി കുറച്ച് ആള്‍ക്കൂട്ടത്തെ ഞങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. അവര്‍ എല്ലാവരും സൂപ്പര്‍നൈസായിരുന്നു. വളരെ അധികം സഹകരിച്ചു. അവര്‍ക്ക് എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുകയാണ്. താങ്ക്യൂ ഓള്‍. ഹൃദയം ചിത്രീകരണത്തിന്റെ മനോഹരമായ യാത്ര തുടരുകയാണ്- വിനീത് കുറിച്ചു.
പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. കോവിഡിന് മുന്‍പ് ചെന്നൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. തുടര്‍ന്ന് നിര്‍ത്തിവച്ച ചിത്രീകരണം പുതുവര്‍ഷത്തിലാണ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രണവിനും കല്യാണിക്കുമൊപ്പം തിയറ്ററില്‍ എത്തി മാസ്റ്റര്‍ കണ്ട സന്തോഷവും വിനീത് പങ്കുവെച്ചിരുന്നു.