'അടിമുടി സമരം'; പാർവതിയുടെ വർത്തമാനം ടീസർ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd January 2021 10:16 AM |
Last Updated: 23rd January 2021 10:16 AM | A+A A- |
പാർവതി, റോഷൻ മാത്യു/ വർത്തമാനം ടീസറിൽ നിന്ന്
പാർവതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാന'ത്തിന്‍റെ ടീസര്‍ പുറത്ത്. ഡൽഹിയിലെ ഒരു സര്‍വ്വകലാശാലയിൽ പഠിക്കാൻ എത്തുന്ന ഫൈസാ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും വിദ്യാർത്ഥി സമരങ്ങളുമാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്.
ടീസറിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളാണ്. മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയായ ഫൈസാ സൂഫിയ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് അണിയറക്കാര്‍ പറയുന്നു.
ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. ആര്യാടന്‍ ഷൗക്കത്തിന് നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ഡൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
വലിയ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. സെൻസർബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് റിവൈസിംഗ് കമ്മറ്റി തീരുമാനം പുനപരിശോധിക്കുകയായിരുന്നു. ഫെബ്രുവരി 19 ന് തിയറ്ററുകളില്‍.