ചെലവിട്ടത് 8,000 രൂപ, രണ്ടു ദിവസം കൊണ്ട് ചിത്രീകരണം; 'ന്യൂമെന്‍' ശ്രദ്ധേയമാകുന്നു ( വീഡിയോ)

ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംവിധായകന്‍ കിരണ്‍ പുല്ലാനൂരിന്റെ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു
ന്യൂമെന്‍ ഹ്രസ്വചിത്രത്തിലെ ഒരു രംഗം
ന്യൂമെന്‍ ഹ്രസ്വചിത്രത്തിലെ ഒരു രംഗം

കൊച്ചി: ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംവിധായകന്‍ കിരണ്‍ പുല്ലാനൂരിന്റെ ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുറഞ്ഞ ചെലവില്‍ രണ്ടുദിവസം കൊണ്ട് ദുബൈയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത ഹ്രസ്വചിത്രത്തിന് ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 8000 രൂപ മാത്രമാണ് ഇതിന് ചെലവായതെന്ന് സംവിധായകന്‍ പറയുന്നു.

ന്യൂമെന്‍ എന്ന പേരിലാണ് ഹ്രസ്വചിത്രം ഒരുക്കിയത്. ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥ മുന്നേറുന്നത്. കപടത നിറഞ്ഞ രാഷ്ട്രീയ- സാമൂഹിക അന്തരീക്ഷത്തില്‍ ദൈവത്തെയും അവനവനെ തന്നെയും തിരിച്ചറിയാനുള്ള ദൗത്യം ഏറ്റെടുത്ത യുവാവിന്റെ കഥയാണ് ഹ്രസ്വചിത്രം പറഞ്ഞുവെയ്ക്കുന്നത്. നന്മയും, തിന്മയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഭൂമിയിലെ എല്ലാ ജീവജാലകങ്ങളിലും രണ്ടിന്റെയും അംശമുണ്ട്. എന്നാല്‍ രണ്ടിലും നാം മുന്നോട്ട് പോകാന്‍ ഏത് തിരഞ്ഞെടുക്കും?  ഈ തിരഞ്ഞെടുപ്പില്‍ ബാഹ്യശക്തികള്‍ എന്തെല്ലാം സ്വാധീനം ചെലുത്തുന്നു? അങ്ങനെ ഒരുപാട് ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും സഞ്ചരിക്കുന്ന ഹ്രസ്വചിത്രമാണ് ന്യൂമെന്‍. ഇംഗ്ലീഷ് ഭാഷയിലാണ് ചിത്രം ഒരുക്കിയത്.

ഹ്രസ്വചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചത് കിരണ്‍ തന്നെയാണ്. സിനിമ നിര്‍മ്മിക്കുക എന്നതാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് കിരണ്‍ പറയുന്നു. തിരക്കഥ കൃതിക രമേശ്. സുബൈര്‍ ലോഖണ്ഡ് വാല, അലിട്ടോ ഫെര്‍ണാണ്ടസ് എന്നിവരാണ് ഛായാഗ്രഹണം. വിസ്മയ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്. 

പതിനൊന്ന് അന്താരാഷ്ട്ര ഹ്രസ്വചിത്ര ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്ത ചിത്രമാണിത്. ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡയറക്ടര്‍, രാമേശ്വരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തെ തേടിയെത്തിയത്.നടന്‍ ജയസൂര്യയാണ് സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ റിലീസ് നിര്‍വഹിച്ചത്. യൂട്യൂബില്‍ സിനിമ കണ്ടതിന് പിന്നാലെ നിരവധി കോളുകളാണ് തന്നെ തേടി എത്തുന്നതെന്ന് കിരണ്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com