ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ 124 കോടി; ഹാർവി വെയ്ൻസ്‌റ്റെയിന് അനുമതി 

പരാതിക്കാരായ 37ഓളം സ്ത്രീകൾക്കായി 124 കോടിയോളം രൂപയാണ് വെയ്ൻസ്‌റ്റെയിൻ നൽകേണ്ടത്
ഹാർവി വെയ്ൻസ്‌റ്റെയിൽ/ ഫയൽ ചിത്രം
ഹാർവി വെയ്ൻസ്‌റ്റെയിൽ/ ഫയൽ ചിത്രം

മീ ടു ആരോപണം തെളി‍ഞ്ഞതിന് പിന്നാലെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ കോടതിയുടെ അനുമതി. പരാതിക്കാരായ 37ഓളം സ്ത്രീകൾക്കായി 124 കോടിയോളം രൂപയാണ് വെയ്ൻസ്‌റ്റെയിൻ നഷ്ടപരിഹാരം നൽകേണ്ടത്. 

ഡെലവെയർ ജഡ്ജി മേരി റാത്ത് തിങ്കളാഴ്ചയാണ് ഒത്തുതീർപ്പ് അംഗീകരിച്ചുകൊണ്ടുള്ള വിധിപറഞ്ഞത്. സാമ്പത്തികമായി കേസ് ഒത്തുതീർപ്പാക്കുന്നതിലൂടെ നിയമപോരാട്ടത്തിനുള്ള സാധ്യത ഇല്ലാതാകുമെന്ന് പരാതിക്കാർ പറഞ്ഞെങ്കിലും കോടതി ഇത് ചെവിക്കൊണ്ടില്ല. ചില പരാതിക്കാരുടെ അഭിഭാഷകർ നിലവിലെ ഒത്തുതീർപ്പ് തുക അപര്യാപ്തമാണെന്ന് കോടതിയെ അറിയിച്ചു.

കേസ് ഒത്തുതീർപ്പാക്കാൻ വിസ്സമ്മതിച്ച എട്ട് പരാതിക്കാർക്ക് വെയ്ൻസ്‌റ്റയ്നെതിരെ പോരാടാൻ അവസരമുണ്ട്. ലൈംഗികാതിക്രമകേസിൽ കഴിഞ്ഞ വർഷമാണ് വെയ്ൻസ്‌റ്റെയിന് 23 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. തടവുശിക്ഷയുടെ ഭാഗമായി ന്യൂയോർക്കിലെ ജയിലിലാണ് വെയ്ൻസ്‌റ്റെയിൻ ഇപ്പോൾ കഴിയുന്നത്. മാർച്ച് 11നാണ് വെയ്ൻസ്‌റ്റെയ്ൻ അറസ്റ്റിലായത്.

നടിമാരായ ലൂസിയ ഇവാൻസ്, സൽമ ഹയെക്ക് എന്നവരടക്കം 12ൽ അധികം സ്ത്രീകളാണ് ആദ്യഘട്ടത്തിൽ വെയ്ൻസ്റ്റെൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘#മീടൂ’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com