പാർവ്വതിയുടെ അച്ഛൻ, 72 കാരൻ ഇട്ടിയവറയായി ബിജുമേനോൻ; ഞെട്ടിക്കുന്ന ലുക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2021 11:05 AM |
Last Updated: 29th January 2021 11:05 AM | A+A A- |
ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോനും, പാർവതിയും ഷറഫുദ്ദീനും/ ഫേയ്സ്ബുക്ക്
മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടാറുള്ള താരമാണ് ബിജുമേനോൻ. നായക വേഷം മാത്രമല്ല, സഹനടനും വില്ലനുമെല്ലാമായി നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോൾ പുതിയ ചിത്രത്തിലെ ബിജുമേനോന്റെ ലുക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലാണ് ഇതുവരെ കാണാത്ത ലുക്കിൽ ബിജു മേനോൻ എത്തുന്നത്.
72 വയസുകാരനായ ഇട്ടിയവറ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച കഥാപാത്രത്തെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ബിജു മേനോന്‍ ആണെന്നുതന്നെ പറയില്ല. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നതോടെയാണ് ചർച്ചകൾ സജീവമായത്. ചിത്രത്തിൽ പാർവ്വതിയുടെ അച്ഛന്റെ റോളിലാണ് ബിജു മേനോൻ എത്തുന്നത്.
പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. നേരത്തെ പുറത്തിറങ്ങിയ ഒരു പോസ്റ്ററിലും ബിജു മേനോന്റെ ലുക്ക് ചർച്ചയായിരുന്നു. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്.