'കോശിയോട് മുട്ടിയതുപോലെ ആവില്ല അയ്യപ്പൻ സാറേ', സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിൽ ബിജു മേനോനും; ആവേശത്തിൽ ആരാധകർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2021 11:07 AM |
Last Updated: 30th January 2021 11:07 AM | A+A A- |
ഒറ്റക്കൊമ്പനിൽ ബിജു മേനോൻ, സുരേഷ് ഗോപി/ ഫേയ്സ്ബുക്ക്
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഒറ്റക്കൊമ്പനിൽ ബിജു മേനോനും. നോബിൾ എന്ന ശക്തമായ കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ ചിത്രത്തിനൊപ്പമുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കലിപ്പ് ലുക്കിൽ നിൽക്കുന്ന ബിജു മേനോനാണ് പോസ്റ്ററിൽ.
ചിത്രത്തിൽ ബിജു മേനോൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് അഭ്യൂഹം നിലനിന്നിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ കുറുവച്ചനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് നോബിൾ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേതുപോലെ മാസ് കഥാപാത്രമാണ് ബിജു മേനോനായി ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്.
Welcome on-board dear Biju Menon! So glad to have you as part of Ottakkomban #MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films
Posted by Suresh Gopi on Friday, January 29, 2021
ഒരു കാലത്ത് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച് നിരവധി ചിത്രങ്ങൾ ഇറങ്ങിയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. കളിയാട്ടം, ചിന്താമണി കൊലക്കേസ്, പത്രം തുടങ്ങിയ ചിത്രങ്ങളിൽ സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ ശക്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ 250ാം ചിത്രമാണ് ഇത്. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ഒറ്റക്കൊമ്പന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ട്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം.