'വീടുവിട്ട് പോകാനാകാത്ത സ്ത്രീകളാണ് അധികവും, സർക്കാർ ഇതിനൊരു പരിഹാരം കണ്ടെത്തണം'; ജിയോ ബേബി
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2021 12:32 PM |
Last Updated: 30th January 2021 12:32 PM | A+A A- |
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രീകരണ വേളയിൽ നിമിഷയും സുരാജും ജിയോ ബേബിയും/ ഫേയ്സ്ബുക്ക്
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച അഭിപ്രായമാണ് നേടിയത്. അടുക്കളയിൽ തളച്ചിടുന്ന സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറഞ്ഞത്. തുടർന്ന് വലിയ ചർച്ചകൾക്കാണ് തുടക്കമായത്. അടുക്കള ജീവിതം വെറുത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന നിമിഷയുടെ കഥാപാത്രത്തിലാണ് ചിത്രം അവസാനിക്കുന്നത്. എന്നാൽ വീടുകളിൽനിന്ന് ഇറങ്ങിപ്പോകാൻപോലും സാധിക്കാത്ത സ്ത്രീകളാണ് സമൂഹത്തിൽ ഭൂരിപക്ഷവുമുള്ളതെന്ന് ജിയോ ബേബി പറയുന്നത്.
‘കേരളീയ അടുക്കള ഇത്രമേൽ ഭീതിതമോ’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമയിലെ കഥാപാത്രത്തിന് ഇറങ്ങിപ്പോകാനും മറ്റൊരു ജീവിതം കെട്ടിയുയർത്താനുമുള്ള സാമൂഹികസാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ അതില്ലാത്ത സ്ത്രീകളാണ് ഏറെയുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂടവും സർക്കാരും ഇടപെട്ട് വേണം ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.
ഇത്തരം ഒരു സിനിമ എടുക്കാനുണ്ടായ കാരണവും ജിയോ ബേബി വ്യക്തമാക്കി. വീട്ടിൽ രണ്ട് മാസത്തോളം അടുക്കളയുടെ ചുമതല പൂർണമായും ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമ മനസ്സിൽ വന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളിമാട്കുന്ന് റെഡ് യങ്സിന്റെയും മഞ്ചാടിക്കുരു ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ചടങ്ങിൽ സിനിമയിൽ അഭിനേതാക്കൾ, പിന്നണി പ്രവർത്തകർ തുടങ്ങിയവരെ ആദരിച്ചു. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്.