ആർആർആറിൽ ഹോളിവുഡ് താരവും, ജൂനിയർ എൻടിആറിന്റെ നായികയായി ഒലിവിയ മോറിസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2021 01:11 PM |
Last Updated: 30th January 2021 01:11 PM | A+A A- |
ആർആർആർ പോസ്റ്റർ, ഒലീവിയ മോറിസ്/ ട്വിറ്റർ
രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആർആർആറിൽ ഹോളിവുഡ് നടി ഒലിവിയ മോറിസും. ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായാണ് താരം എത്തുന്നത്. ഒലിവിയയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഭാഗമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പ്രത്യേക പോസ്റ്റർ പുറത്തുവിട്ട് രാജമൗലി തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
ചിത്രത്തിൽ ജെനീഫർ എന്ന കഥാപാത്രത്തെയാണ് ഒലിവിയ അവതരിപ്പിക്കുന്നത്. ഹോളിവുഡ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റും നടിയുമായ ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. തെന്നിന്ത്യൻ സിനിമാലോകത്തേയും ബോളിവുഡിലേയും പ്രമുഖർ ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
ചരിത്രവും കെട്ടുകഥയും കൂട്ടിചേർത്തുകൊണ്ട് ഒരുക്കുന്ന ചിത്രത്തിന് രുധിരം, രൗദ്രം, രണം എന്നാണ് പേരു നൽകിയിരിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ജൂനിയർ എൻടിആർ കൊമരു ഭീമിന്റേയും അല്ലൂരി സീതരാമ രാജുവിന്റേയും ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. ഇവർക്കൊപ്പം ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൊവിഡ് കാരണം നിർത്തി വച്ചിരുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിലാണ് ആരംഭിച്ചത്. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.