സ്വപ്ന സിനിമ തിയറ്ററിൽ എത്താൻ കാത്തുനിന്നില്ല, സംവിധായകൻ സേതുരാജൻ ​കോവിഡിന് കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2021 10:06 AM  |  

Last Updated: 11th July 2021 10:13 AM  |   A+A-   |  

p_sethurajan

പി സേതുരാജൻ

 

തിരുവനന്തപുരം; സംവിധായകൻ പി സേതുരാജൻ കോവിഡ‍് ബാധിച്ചു മരിച്ചു. 64 വയസായിരുന്നു. തന്റെ സ്വപ്ന സിനിമ തിയറ്ററിൽ എത്താൻ കാത്തുനിൽക്കാതെയാണ് സേതുരാജൻ വിടപറഞ്ഞത്. ദീർഘകാലം സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന സേതുരാജൻ അടുത്തിടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രം തിയറ്ററിൽ എത്തിക്കാനായില്ല. 

രാജീവ് അഞ്ചലിന്റെ ’ഗുരു’ എന്ന സിനിമയിൽ സഹ കലാസംവിധായകനും അതിനുമുമ്പ് ‘ചില്ല്’, ‘അമ്മാനംകിളി’ എന്നീ സിനിമകളിലൂടെ പ്രമുഖ സിനിമാ സംവിധായകരുടെ സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം അടുത്ത ബന്ധുവായ രഞ്ജിയെന്ന പ്രവാസിയോട് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ’എന്റെ പ്രിയതമന്’ എന്ന സിനിമ സംവിധാനം ചെയ്തു.

നവാഗതരായ നടീനടന്മാരെ വച്ച് ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇടയ്ക്ക് ചിത്രീകരണം നിലച്ചിരുന്നു. രണ്ടു വർഷം മുമ്പാണ് ചിത്രം പൂർത്തിയാക്കിയത്. എന്നാൽ കോവിഡ് വ്യാപനം മൂലം സിനിമ തിയേറ്ററിലെത്തിയില്ല. ഇന്ദ്രൻസ്, പ്രേംകുമാർ തുടങ്ങിയ നടന്മാരും സിനിമയിലുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്നാറിൽ വച്ചാണ് സേതുരാജന് കോവിഡിന്റെ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ മരിച്ചു.