'ആഡംബര കാറിന് നികുതി ഇളവ് വേണ്ട, അപകീർത്തികരമായ പ്രസ്താവനകൾ ഒഴിവാക്കണം'; അപ്പീൽ നൽകി വിജയ്

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2012ലാണ് താരം ഹർജി നൽകുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ; ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി സൂപ്പർതാരം വിജയ്. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെ‍ഞ്ചിലാണ് താരം അപ്പീൽ നൽകിയത്. ജസ്റ്റിസ് എം.എം.സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍.മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും.

ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് 2012ലാണ് താരം ഹർജി നൽകുന്നത്. താരത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിധി. റീൽ ഹീറോ ആകരുതെന്നായിരുന്നു പരാമർശം. താരത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അതിനു പിന്നാലെയാണ് വിധിക്കെതിരെ അപ്പീലുമായി താരമെത്തിയത്. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാൻ വേണ്ടിയോ അല്ല അപ്പീൽ നൽകുന്നതെന്നും ജഡ്ജിയുടെ അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെയാണ് അപ്പീൽ നൽകിയത് എന്നാണ് വിജയ്‌യുടെ അഭിഭാഷകൻ കുമാരേശൻ പറഞ്ഞത്. 

ബ്രിട്ടനിൽ നിന്നെത്തിച്ച 5 കോടി രൂപയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന് 5 കോടി രൂപ ഇറക്കുമതിച്ചുങ്കം അടച്ചതിനാൽ എൻട്രി ടാക്സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് 2012ൽ വിജയ് ഹർജി നൽകിയത്. ഹർജിയിൽ വിജയ് തന്റെ ജോലി എന്താണെന്നു ചേർക്കാതിരുന്നതും കോടതിയെ ചൊടിപ്പിച്ചു. അഭിഭാഷകൻ അറിയിച്ചപ്പോഴാണു നടന്റെ അപേക്ഷയാണെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ അറിയുന്നത്. വിജയ്‌യെപ്പോലെയുള്ള പ്രശസ്തനായ നടൻ കൃത്യമായി നികുതി അടയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും ഹീറോ ആണെന്നു ജനം കരുതുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഒരു ലക്ഷം രൂപ പിഴയും വിധിച്ച കോടതി, തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com