അച്ഛന്റെ ഭരണം എന്റെ സ്വപ്നങ്ങൾ നശിപ്പിച്ചു, ഞാൻ നിർത്തുന്നു; ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്

ബ്രിട്ട്നിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ജാമിയാണ്. താൻ എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നുവരെ അച്ഛനാണ് തീരുമാനിക്കുന്നത് എന്നാണ് ബ്രിട്ട്നി പറയുന്നത്
ബ്രിട്ട്‌നി സ്പിയേഴ്‌സ്/ ഇൻസ്റ്റ​ഗ്രാം
ബ്രിട്ട്‌നി സ്പിയേഴ്‌സ്/ ഇൻസ്റ്റ​ഗ്രാം

ലോസ് ആഞ്ചലസ്: ​​ഗായിക ബ്രിട്ട്നി സ്പിയേഴ്സും അച്ഛൻ ജാമി സ്പിയേഴ്സുമാണ് ഇപ്പോൾ സം​ഗീതലോകത്തെ ഹോട്ട് ടോപ്പിങ്. സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ട്നി പ്രഖ്യാപിച്ചതോടെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. അച്ഛന്റെ രക്ഷാകർതൃ ഭരണത്തിൽ മനം മടുത്താണ് താരത്തിന്റെ തീരുമാനം.  ബ്രിട്ട്നിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ജാമിയാണ്. താൻ എന്തു ധരിക്കണമെന്നും എന്തു കഴിക്കണമെന്നുവരെ അച്ഛനാണ് തീരുമാനിക്കുന്നത് എന്നാണ് ബ്രിട്ട്നി പറയുന്നത്. ഇനിയും മുന്നോട്ടുപോകാനാവില്ല എന്നാണ് നിലപാട്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പോപ്പ് സൂപ്പർസ്റ്റാറിന്റെ പ്രതികരണം.

ഞാന്‍ എന്ത് ധരിക്കണം, ഭക്ഷിക്കണം എന്ന കാര്യങ്ങള്‍ എന്റെ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തില്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ല. പകരം എന്റെ ലിവിങ് മുറിയില്‍ നൃത്തം ചെയ്യുന്ന വീഡിയോകള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം. പിതാവിന്റെ ഭരണം എന്റെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു. ഞാന്‍ നിര്‍ത്തുന്നു- ബ്രിട്ട്‌നി കുറിച്ചു.

2008ലാണ് ബ്രിട്ട്നി രക്ഷാകർതൃ ഭരണത്തിലായത്. അന്നു മുതൽ താരത്തിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത് അച്ഛൻ ജാമിയാണ്. ഗായികയ്ക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നാണ് അദ്ദേഹത്തിന്റെ വാദം.തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും തന്നെ അനുഭവിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്നി കോടതിയില്‍ പറഞ്ഞു. ജാമിയുമായുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. 

'എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍  എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല- ബ്രിട്ട്നി പറഞ്ഞു. കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏല്‍പിക്കുന്നത്. കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്നിയെന്നാണ് ജേമി സ്പിയേഴ്സിന്റെ വാദം. സംഭവത്തിൽ താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ബ്രിട്ട്നിയെ മോചിപ്പിക്കണം എന്നുപറഞ്ഞുകൊണ്ടാണ് കാമ്പയിനുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com