'ആ അ​ഗ്നിബാധയിൽ എല്ലാം നശിച്ചു, ദയവായി സഹായിക്കണം'; ആദ്യ ചിത്രം ഇല്ലാതായ വേദനയിൽ ബാലചന്ദ്രമേനോൻ; വിഡിയോ

ഒരു അ​ഗ്നിബാധയിൽ ഉത്രാടരാത്രി പൂർണമായി നശിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ കുറച്ച് സ്റ്റിൽസും പാട്ടുകളും മാത്രമാണ് ബാക്കിയാവുന്നത്
ഉത്രാട രാത്രിയിലെ സ്റ്റിൽസും പോസ്റ്ററും/ വിഡിയോ സ്ക്രീൻഷോട്ട്, ബാലചന്ദ്രമേനോൻ/ ഫേയ്സ്ബുക്ക്
ഉത്രാട രാത്രിയിലെ സ്റ്റിൽസും പോസ്റ്ററും/ വിഡിയോ സ്ക്രീൻഷോട്ട്, ബാലചന്ദ്രമേനോൻ/ ഫേയ്സ്ബുക്ക്

ലയാള സിനിമയിൽ ഒരുകാലത്തെ സൂപ്പർഹിറ്റ് സംവിധായകനായിരുന്നു ബാലചന്ദ്രമേനോൻ.  1978ൽ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. ഒരു സംവിധായകന്റെ ഉദയമായാണ് ആ ചിത്രം വിലയിരുത്തപ്പെട്ടത്. എന്നാൽ ഇന്ന് ബാലചന്ദ്ര മേനോന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായി മാറിയിരിക്കുകയാണ് ഈ ചിത്രം. ഒരു അ​ഗ്നിബാധയിൽ ഉത്രാടരാത്രി പൂർണമായി നശിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിലെ കുറച്ച് സ്റ്റിൽസും പാട്ടുകളും മാത്രമാണ് ബാക്കിയാവുന്നത്. സിനിമ ഒരിക്കലും ഇനി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോൾ തന്റെ സിനിമയെ പുനർസൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ബാലചന്ദ്ര മേനോൻ. അതിനായി സിനിമ കണ്ടിട്ടുള്ളവരുടെ സഹായം തേടിയിരിക്കുകയാണ് അദ്ദേഹം. 

ബാലചന്ദ്ര മേനോന്റെ വാക്കുകൾ

 43 വര്‍ഷങ്ങള്‍ക്കു   മുന്‍പ്  1978 -ല്‍  ഇതേ ദിവസം എന്റെ  ആദ്യ  ചിത്രമായ  'ഉത്രാടരാത്രി'  തിരശ്ശീലയിലെത്തി ....
അതിനെപ്പറ്റി പറയുമ്പോള്‍ എന്റെ മനസ്സ്  ഒരു തരത്തില്‍  സന്തോഷം കൊണ്ട് നിറയുന്നുണ്ട് . ഒപ്പം,  ഞാന്‍ അറിയാതെ  തന്നെ  പറഞ്ഞറിയിക്കാനാവാത്ത, പരിഹരിക്കാനാവാത്ത  ഒരു നൊമ്പരവും   എന്റെ   ഉള്ളിന്റെ  ഉള്ളില്‍  ഉറഞ്ഞു  കൂടുന്നു ....
സന്തോഷത്തിനു  കാരണം ..... 

സാമ്പത്തിക  വിജയം  നേടി എന്ന് പറയാനാവില്ലെങ്കിലും, ഒരു  സംവിധായകന്റെ  ജനനം  എന്ന് പ്രേക്ഷകരും  മാദ്ധ്യമങ്ങളും  ഒരേപോലെ ശ്ളാഘിച്ച  ചിത്രം എന്ന സല്‍പ്പേര്  ഉത്രാടരാത്രിക്ക് ലഭിച്ചു. എന്തിനധികം പറയുന്നു ?   2013 ല്‍  പുറത്തിറങ്ങിയ  എന്റെ  ഇന്നിത് വരെയുള്ള ചിത്രങ്ങളെ വിലയിരുത്തിയ  'ഇത്തിരി നേരം ഒത്തിരി കാര്യം ' എന്ന  പുസ്തകത്തില്‍  ഉത്രാടരാത്രിയെ പറ്റി എഴുത്തുകാരി റോസ്മേരി കുറിച്ചത് ഇങ്ങനെയാണ് ....

'ഉത്രാടരാത്രി  ശരിക്കും ശ്രദ്ധിക്കപ്പെട്ടു.'ഇതാ മലയാളത്തില്‍ ഒരു പുതിയ സംവിധായകന്റെ രംഗപ്രവേശം'   എന്ന്  നിരൂപകര്‍ കുറിച്ചിട്ടു. ഒരു നല്ല ചിത്രം എന്ന അംഗീകാരം ലഭിച്ചു. മേനോന്‍ ചിത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച  സിനിമ ഏതെന്നു ചോദിച്ചാല്‍  ഉത്രാടരാത്രി  എന്നു ഞാന്‍  നിസ്സംശയം പ്രഖ്യാപിക്കും ....'

ഒരു സിനിമ  ചെയ്യണമെന്നേ  ഞാന്‍  ആഗ്രഹിച്ചിരുന്നുള്ളു ...എന്നാല്‍  നാല് പതിറ്റാണ്ടുകള്‍ക്ക്  മീതെ സിനിമയുടെ സര്‍വ്വ മണ്ഡലങ്ങളിലും ഇടപെട്ട്  നിങ്ങളുടെയൊക്കെ പ്രീതി സമ്പാദിച്ചു 37 സിനിമകള്‍ എനിക്ക് സാധിച്ചു എന്ന് പറഞ്ഞാല്‍ 'ആനന്ദ ലബ്ധിക്കിനി എന്ത് വേണം ?' എന്നാരേലും  ചോദിച്ചാല്‍  തെറ്റ്  പറയാനാവില്ല.

അപ്പോള്‍ നൊമ്പരത്തിനു കാരണം ?

അതിന്റെ കാരണം ഞാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. 

വർഷങ്ങൾക്കു മുൻപ് ഈ ചിത്രത്തിന്റെ നെ​ഗറ്റീവ് സൂക്ഷിച്ചിരുന്ന ലാബിലുണ്ടായ അ​ഗ്നിബാധയിൽ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ ഭൂമുഖത്തുനിന്നു മായ്ച്ചുകളഞ്ഞു. ഇനി ഈ ജന്മം ആ ചിത്രം കാണാനുള്ള ഭാ​ഗ്യം എനിക്കോ നിങ്ങൾക്കോ ഇല്ലാതായി എന്നോർക്കുമ്പോൾ സൃഷ്ടാവ് എന്ന രീതിയിൽ എനിക്ക് വിഷമമുണ്ട്. അതിൽ അഭിനയിച്ചിരുന്ന ഏറെക്കുറേ എല്ലാ ആളുകളും മരിച്ചുപോയി. അവശേഷിക്കുന്നത് കുറച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റിൽസും തിരക്കഥയുടെ ഭാ​ഗങ്ങളും പോസ്റ്ററുകൾ രണ്ട് പാട്ടുകൾ എന്നിവയാണ്. അത് എന്റെ ശേഖരങ്ങളാണ്. 

ഇത്രയൊക്കെ നേടിയിട്ടും  ഇപ്പോള്‍ എന്റെ  വേദന എന്ന് പറയുന്നത്  ഈ ഭൂമുഖത്തു നിന്ന്  ഇല്ലാതായ എന്റെ   കടിഞ്ഞൂല്‍  സൃഷ്ടിയെ കുറിച്ചാണ്. അത് എങ്ങിനെയും പുനരാവിഷ്‌ക്കരിക്കണം എന്നൊരു മോഹം എന്റെ മനസ്സില്‍ കടന്നുകൂടിയിരിക്കുന്നു... അതിനു എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഉത്രാടരാത്രി കണ്ടിട്ടുള്ള പ്രേക്ഷകര്‍ ആ ചിത്രത്തെപ്പറ്റിയുള്ള കഥ തന്തുവടക്കം നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന( vandv@yahoo.com )  മെയിലിലേക്ക്  അയച്ചു തരിക. അലോചിച്ചെഴുതാം എന്ന് ചിന്തിച്ചു ഉഴപ്പരുത് .  'ആറിയ കഞ്ഞി പഴം കഞ്ഞി'  എന്നാണ് പ്രമാണം . കഴിവതും ഇന്നേക്ക് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ (അതായത് , ഓഗസ്റ്റ് 5 നു  മുന്‍പായി ) കിട്ടിയാല്‍ പണി എളുപ്പമായി ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com