'മരക്കാർ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാൾ വലിയ സ്കെയിലിൽ, 21 ദിവസം ചിത്രം ഓടുക എതിരാളികളില്ലാതെ'; പ്രിയദർശൻ

21 ദിവസം മരക്കാരിനൊപ്പം മറ്റു ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും തിയറ്ററുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്
മരക്കാർ, ബാഹുബലി പോസ്റ്റർ, പ്രിയദർശൻ/ ഫേയ്സ്ബുക്ക്
മരക്കാർ, ബാഹുബലി പോസ്റ്റർ, പ്രിയദർശൻ/ ഫേയ്സ്ബുക്ക്

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാറിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഒന്നരവർഷമായുള്ള കാത്തിരിപ്പ് അടുത്ത മാസം അവസാനിക്കുമെന്നാണ് പ്രതീക്ഷ. വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തെക്കുറിച്ചുള്ള പ്രിയദർശന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' 'ബാഹുബലി'യേക്കാള്‍ വലിയ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്. 

'ബാഹുബലിയേക്കാൾ വലിയ സ്കെയിലിലാണ് മരക്കാർ ഒരുക്കിയിരിക്കുന്നത്. അതൊരു സാങ്കൽപിക കഥയാണ്. എന്നാൽ മരക്കാര്‍  യഥാര്‍ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് ചിത്രം. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. ജോലികളെല്ലാം തീര്‍ത്ത് ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്യുകയാണ്. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് പദ്ധതി. തിയറ്ററുകളില്‍ ചിത്രം തരംഗമാവുമെന്നാണ് പ്രതീക്ഷ. 21 ദിവസം മരക്കാരിനൊപ്പം മറ്റു ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും തിയറ്ററുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ജനങ്ങളെ തിയറ്ററിലേക്ക് കൊണ്ടുവരാന്‍ പറ്റിയ സിനിമയാണ് ഇതെന്ന് അസോസിയേഷന് അറിയാം. - പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു. 

മരക്കാറില്‍ തനിക്കൊപ്പം മകന്‍ സിദ്ധാര്‍ഥിനും പുരസ്‍കാരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടിയിരുന്നു. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്. ബോളിവുഡിൽ എട്ടു വർഷത്തിനുശേഷം വീണ്ടും പ്രിയദർശൻ തിരിച്ചെത്തിയിരിക്കുകയാണ്. താരം സംവിധാനം ചെയ്ത ഹം​ഗാമ 2 ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com