'ബീമാപള്ളിയില്‍ നടന്നത് എന്താണെന്നൊക്കെ നമുക്കറിയാം; എന്നാലും മാലിക് പക്കാ സിനിമയല്ലേ?'

സിനിമ ഇറങ്ങുന്നതിന് മുന്‍പ് മഹേഷേട്ടനെ ഞാന്‍ വിളിച്ചുചോദിച്ചു, ഞാന്‍ ചെയ്ത സീനൊക്കെ ഉണ്ടല്ലോ അല്ലേന്ന്. 'നീ ചെയ്തതൊക്കെയുണ്ടെടാ, സമാധാനപ്പെട്' എന്നാണ് ചേട്ടന്‍ പറഞ്ഞത്
ശരത്ത് അപ്പാനി/ ഫേയ്സ്ബുക്ക്
ശരത്ത് അപ്പാനി/ ഫേയ്സ്ബുക്ക്

'നിനക്ക് പറ്റിയ ഒന്നും ഇല്ലടാ. എല്ലാ വേഷത്തിനും ആളായി. പിന്നെയൊരു കഥാപാത്രമുണ്ട്, മറ്റൊരാള്‍ക്കു വേണ്ടി വച്ചിരിക്കുകയാണ്'. മാലിക്കില്‍ അവസരം ചോദിച്ച് വിളിച്ചപ്പോള്‍ മഹേഷേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. ആ പുള്ളി നോ പറഞ്ഞോ എന്ന് ചോദിച്ചായിരുന്നു പിന്നെ എന്റെ വിളികള്‍. ഒരു ദിവസം മഹേഷേട്ടന്‍ എന്നെ വീട്ടിലേക്ക് വിളിച്ചു. മൂന്നു ദിവസത്തെ ഡേറ്റ് തന്നു.- മാലിക്കില്‍ 15 മിനിറ്റു മാത്രമുള്ള ഷിബുവിനുവേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ച് പറയുമ്പോള്‍ ശരത്ത് അപ്പാനിയുടെ ശബ്ദത്തില്‍ സന്തോഷം നിറയുകയാണ്. മാലിക് അനുഭവങ്ങളും പുതിയ സിനിമാ വിശേഷങ്ങളുമായി ശരത്ത് അപ്പാനി സമകാലിക മലയാളത്തോടൊപ്പം. 

വിളിച്ചു വാങ്ങിയെടുത്ത റോള്

മാലിക്കിലെ ആ കഥാപാത്രം ഇങ്ങനെ ശ്രദ്ധിക്കപ്പെടുമെന്നൊന്നും ഞാന്‍ കരുതിയില്ല. മഹേഷേട്ടന്റേയും ഫഹദിക്കയുടേയും സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. മഹേഷേട്ടനെ അങ്ങോട്ട് വിളിച്ചു സിനിമയിലേക്ക് അവസരം ചോദിക്കുകയായിരുന്നു, മഹേഷേട്ടാ, എന്തെങ്കിലും ഒരു ക്യാരക്റ്റര്‍ തരണമെന്ന്. 'നിനക്ക് ചെയ്യാന്‍ പറ്റിയ ഒന്നും ഇല്ലടാ. എല്ലാ വേഷത്തിലും ആളായി. പിന്നെ ഒരു ക്യാരക്റ്ററുണ്ട്, അത് ഒരാള്‍ക്കുവേണ്ടി വച്ചിരിക്കുകയാണ്' എന്നാണ് മഹേഷേട്ടന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ആ കഥാപാത്രത്തോട് യെസ്സെന്നോ നോ എന്നോ പറഞ്ഞിരുന്നില്ല. പിന്നെ ഞാന്‍ എപ്പോഴും മഹേഷേട്ടനെ വിളിച്ചു ചോദിക്കും, 'പുള്ളി നോ പറഞ്ഞോ?'. അങ്ങനെ ഒരു ദിവസം എന്നോട് മഹേഷേട്ടന്റെ വീട്ടിലേക്ക് വിളിച്ചു, അദ്ദേഹം കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. മൂന്നു ദിവസത്തെ ഡേറ്റും തന്നു. മേക്കപ്പ്മാനാണ് വ്യത്യസ്തമായ ലുക്ക് പിടിക്കാമെന്നു പറയുന്നത്. അങ്ങനെയാണ് ഗെറ്റപ്പ് ചെയ്ഞ്ച് ചെയ്യുന്നത്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് മഹേഷേട്ടനെ ഞാന്‍ വിളിച്ചുചോദിച്ചു, ഞാന്‍ ചെയ്ത സീനൊക്കെ ഉണ്ടല്ലോ അല്ലേന്ന്. 'നീ ചെയ്തതൊക്കെയുണ്ടെടാ, സമാധാനപ്പെട്' എന്നാണ് ചേട്ടന്‍ പറഞ്ഞത്. എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. 15 മിനിറ്റ് മാത്രമാണുള്ളത്. അത് എങ്ങനെ ഏറ്റെടുക്കും എന്നായിരുന്നു.  

സിനിമയായി കണ്ടാല്‍ പോരേ!

സിനിമയെ സിനിമയായി കണ്ടാല്‍ പോരെ, അങ്ങനെ കാണുന്നതിനാണ് എനിക്ക് ഇഷ്ടം. സിനിമയില്‍ ഒരിക്കലും ബീമാപള്ളിയെന്ന് എടുത്തു പറയുന്നില്ല. എന്നാല്‍ ബീമാപള്ളി വെടിവയ്പ്പും വിഷയങ്ങളുമൊക്കെയാണ് സിനിമ പറയുന്നത് എന്ന് മനസിലാക്കാം. ഞാന്‍ തിരുവനന്തപുരംകാരനാണ്. ബീമാപള്ളി വെടിവയ്പ്പു നടക്കുന്ന സമയത്ത് ഞാന്‍ ഹയര്‍സെക്കന്‍ഡറി ക്ലാസിലാണ് പഠിക്കുന്നത്. എനിക്ക് ബീമാപള്ളിയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്, ഒരുപാട് തവണ പോയിട്ടൊക്കെയുണ്ട്. അവിടെ നടന്നത് എന്താണെന്നൊക്കെ ഏറെക്കുറെ നമുക്ക് അറിയാം. എന്നാലും  മാലിക് പക്കാ സിനിമയല്ലേ, ഒരുപാടു പേരുടെ കഥ പറയുന്ന ഒരുപാടു പേരുടെ വികാരം പറയുന്നൊരു സിനിമ, അതിനെ സിനിമയായി കണ്ടാല്‍ മതിയെന്നാണ് തോന്നുന്നത്. 

മമ്മൂട്ടി പറഞ്ഞതുപോലെ...

മഹേഷേട്ടനുമായി നല്ല സൗഹൃദമാണ്. അങ്ങനെയാണ് ചാന്‍സ് ചോദിക്കുന്നത്. പരിചയമുള്ള എല്ലാ ഡയറക്ടേഴ്‌സിനോടും ചോദിക്കാറുണ്ട്. മമ്മൂട്ടി പറഞ്ഞതുപോലെ, 'അവരെ നമുക്കാണ് ആവശ്യം' അതുകൊണ്ട് എല്ലാവരെയും ഞാന്‍ വിളിക്കും, പരിചയമില്ലാത്തവരെ പരിചയമുണ്ടാക്കി വിളിക്കും. സ്‌ക്രീനില്‍ നില്‍ക്കുക എന്നതാണല്ലോ നമ്മുടെ ആവശ്യം. അവസരം കിട്ടാന്‍ ചാന്‍സ് ചോദിക്കണം. പുതിയ സംവിധായകര്‍ വരുമ്പോള്‍ വിളിച്ചു അവസരം ചോദിക്കാറുണ്ട്. നമ്മള്‍ വളര്‍ന്നു വരുന്നതല്ലേയുള്ളൂ. 

എന്നെ മനസിലാക്കിയത് തമിഴ്

എനിക്ക് കുറച്ചുകൂടി റോ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. എന്റെ ശരീരഭാഷവെച്ചുകൊണ്ടുള്ള ശക്തമായ കഥാപാത്രങ്ങള്‍. അങ്ങനെ നോക്കുവാണെങ്കില്‍ എന്നെ കൂടുതല്‍ മനസിലാക്കിയിട്ടുള്ളത് തമിഴ് സിനിമയാണ്. അങ്കമാലി ഡയറീസിന് ശേഷം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചത് തമിഴില്‍ നിന്നാണ്. തമിഴില്‍ നിന്നുള്ള ആദ്യത്തെ വെബ് സീരീസായ ഓട്ടോ ശങ്കറില്‍ ശക്തമായ വേഷമാണ് ലഭിച്ചത്. അത് വലിയ രീതിയിലാണ് തമിഴില്‍ ശ്രദ്ധിക്കപ്പെട്ടത്. സൈക്കോ സീരിയല്‍ കില്ലര്‍ വെബ് സീരിസായിരുന്നു അത്. ഓട്ടോ ശങ്കര്‍ എന്ന കൊടും ക്രിമിനലിന്റെ ജീവിതമായിരുന്നു സീരീസ്. അതിനായി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. പ്രത്യേക രീതിയിലുള്ള തമിഴാണ് അതില്‍ പറയുന്നത്. ആ ഭാഷ പഠിച്ചു. ഓട്ടോ ശങ്കറിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം നേരിട്ടു കണ്ടു സംസാരിച്ചു. തമിഴ് സിനിമാ മേഖലയില്‍ സീരിസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

ജീവിക്കാന്‍ പണം വേണമല്ലോ

ഹീറോ ഓറിയന്റഡായിട്ടുള്ള ഒരുപാട് സിനിമകള്‍ ചെയ്തു.  അഭിനയം സ്റ്റക്കാവാതെ തുടര്‍ന്നു പോകുന്നതിനു വേണ്ടിയാണ് അത്. എല്ലാവരും ചോദിച്ചു ഹീറോ വേഷം ചെയ്തതുകൊണ്ട് ഇനി സപ്പോര്‍ട്ടിങ് റോള് ചെയ്യില്ലേ എന്ന്. അതിനുള്ള ഉത്തരമാണ് മാലിക്കും ഇനി ഇറങ്ങാനുള്ള പ്വാലിയുമെല്ലാം. എനിക്ക് ഹ്യൂമര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇമോഷണല്‍ ക്യാരക്‌റ്റേഴ്‌സ് റോളുകളും. 

നായകന്‍ മാത്രമേ ആകുകയൊള്ളൂവെന്നു ഒരിക്കലും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്തു കഥാപാത്രം കിട്ടിയാലും അത് ചെയ്യാന്‍ തയാറാണ്. നമ്മുടെ കഥാപാത്രങ്ങള്‍ നീറ്റാക്കാം ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യില്‍ എന്നു ചിന്തിച്ച് അഭിനയിച്ച സിനിമകളുണ്ട്. അതില്‍ നിരാശയായിട്ടുണ്ട്. ഒരുപാട് പേരു ചോദിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചവറുപോലെ സിനിമ ചെയ്യുന്നത്. നിങ്ങള്‍ നല്ല ആക്റ്ററല്ലേ നല്ല സിനിമകളുടെ ഭാഗമാകണം എന്നൊക്കെ. അതൊക്കെ ഞാന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞാന്‍ ഒരു വ്യക്തി അല്ലല്ലോ, എന്നെ ആശ്രയിച്ചു നില്‍ക്കുന്ന ഒരുപാടു പേരുണ്ട്. 

വളരെ സാധാരണ കുടുംബത്തില്‍ നിന്ന് വളരെ അധികം കഷ്ടപ്പെട്ട കയറി വന്ന ആളാണ് ഞാന്‍. ഇപ്പോഴും നിലനിന്നുപോകാന്‍  കഷ്ടപ്പെടുന്നുണ്ട്. എന്നെ സംബന്ധിച്ച് സാമ്പത്തികം എന്നു പറയുന്നത് വളരെ അത്യാവശ്യമാണ്. ജീവിക്കാന്‍ പണം വേണമല്ലോ. അതുകൊണ്ട് സെലക്ടീവാകാന്‍ കഴിയും എന്നൊന്നും തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് പറയാം. പക്ഷേ നമുക്കൊരു ആവശ്യം വന്നാല്‍ ഇവരാരും സഹായിക്കില്ലല്ലോ. കടം വാങ്ങുക എന്നതുമാത്രമല്ലേ പറ്റുകയുള്ളു. അതും തിരിച്ചുകൊടുക്കണ്ടേ. ഇപ്പോഴത്തെ അവസ്ഥയില്‍ തെരുവുനാടകം കളിക്കാന്‍ പോലുമാവില്ല. അഭിനയിക്കുക എന്ന ആഗ്രഹം ഉള്ളതുകൊണ്ട് ചില സിനിമകളില്‍ അഭിനയിച്ച് കുറേ ദോഷങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഭിനയം എന്റെ തൊഴിലായതുകൊണ്ടാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ വളരെ വിഷമത്തോടെ ആരോടും ഒന്നും പറയാതെ കാമറയ്ക്കു മുന്നില്‍ വന്നു അഭിനയിക്കാറുണ്ട്. കലയില്‍ നമ്മുടെ അത്ര പോലും എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കു മുന്നില്‍ അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ മണിരത്‌നം സാറിനെപ്പോലുള്ളവര്‍ക്കൊപ്പവും. ഇതെല്ലാം ഈ യാത്രയുടെ ഭാഗമാണ്. 

ലോക്ക്ഡൗണും സംവിധാനവും

ഞാന്‍ സംവിധാനത്തിലേക്ക് ഇല്ല. കോവിഡ് കാരണം നിരവധി കലാകാരന്മാരാണ് പ്രതിസന്ധിയിലായത്. സിനിമയില്‍ നിന്നു വരുമാനം കിട്ടി ജീവിക്കുന്ന ഒരാളായതിനാല്‍ ഞാനും ലോക്ക്ഡൗണില്‍ പ്രതിസന്ധിയിലായി. പെട്ടെന്ന് എല്ലാം നിന്നുപോയപ്പോള്‍ വല്ലാത്ത ഡിപ്രഷനായിരുന്നു. അങ്ങനെ ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് ചാരം എന്നു പറയുന്ന ഒരു സ്‌ക്രിപ്റ്റ് എഴുതിയത്. സുഹൃത്തിനെക്കൊണ്ട് തിരക്കഥ എഴുതിച്ചു സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു. പ്രീപ്രൊഡക്ഷന്‍ ചെയ്തു. 30 ദിവസം കൊണ്ട് ഷൂട്ടിങ് ചെയ്യാമെന്നൊക്കെ കരുതിയിരുന്നു. ഒടിടിക്കു വേണ്ടി ഒരു ചെറിയ ത്രില്ലര്‍ പടം. പക്ഷേ അത് നടക്കാതെ വന്നു. 

ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമകള്‍ ആരംഭിച്ചിട്ടും അവസ്ഥയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. പെയ്‌മെന്റിലെല്ലാം പ്രശ്‌നങ്ങളുണ്ടായി. ആ സമയത്ത് സിനിമകളുണ്ടാാകുമോ, അഭിനയം തുടരുമോ എന്നൊക്കെ ആശങ്കപ്പെട്ടു. കാനഡയിലുള്ള ഒരു സുഹൃത്തിന്റെ യൂട്യൂബ് ചാനലിനുവേണ്ടി ഒരു വെബ്‌സീരീസ് ചെയ്യുമോ എന്ന് ചോദിക്കുന്നത്. ഓട്ടോ ശങ്കര്‍ വെബ്‌സീരീസ് വളരെ ശ്രദ്ധനേടിയിരിക്കുന്ന സമയമായതിനാല്‍ ആദ്യം വേണ്ടെന്നാണ് തീരുമാനിച്ചത്. എന്നാല്‍ ഭാര്യ രേഷ്മ പറഞ്ഞു, 'എത്ര സിനിമകള്‍ ചെയ്തു എന്നതിലല്ല, ഈ സാഹചര്യം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് കാര്യം'. അങ്ങനെയാണ് മോണിക്കയുടെ സ്‌ക്രീപ്റ്റ് എഴുതുന്നത്. വളരെ ചെറിയ ബജറ്റില്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം എന്റെ വീട്ടില്‍ വച്ചാണ് ഇത് ചെയ്യുന്നത്. 10 മിനിറ്റു വച്ചുള്ള 10 എപ്പിസോഡാണുള്ളത്. ഭാര്യയാണ് പ്രധാന കഥാപാത്രത്തെ ചെയ്തത്. സംവിധാനം നല്ല പണിയെടുത്ത് ചെയ്യണം. ഒരു നല്ല ഡയറക്ടറിന്റെ കൂടെ സഹായിയായി നിന്ന് വളരെ കാര്യമായി ചെയ്യേണ്ടതാണ്. പക്ഷേ മോണിക്ക ഞാന്‍ സംവിധാനം ചെയ്തത് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും വെച്ചാണ്. നാടകം സംവിധാനം ചെയ്ത പരിചയമുണ്ടായിരുന്നു. സുഹൃത്തുക്കളും സഹായിച്ചു.  

വീണ്ടുമൊരു അപ്പാനി രവിയെ കിട്ടാത്തതില്‍ നിരാശ

അങ്കമാലി ഡയറീസിലെ അപ്പാനി രവിക്കു ശേഷം അതുപോലുള്ള, സ്‌ക്രീനില്‍ തകര്‍ക്കാന്‍ പറ്റിയ കഥാപാത്രം കിട്ടാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ ഇനിയും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സമയം വരുമ്പോള്‍ കിട്ടുമെന്നുതന്നെയാണ്. അതിനായി കാത്തിരിക്കുകയാണ്. മിഷന്‍ സിയാണ് ഇനി റിലീസിനുള്ള ചിത്രം. വളരെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. കൂടാതെ തമിഴ് നടന്‍ ശശികുമാര്‍ സാറിന്റെ പടത്തില്‍ മെയിന്‍ വില്ലനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഡയറക്ടറിന്റെ പേര് സത്യശിവ. ഓട്ടോ ശങ്കറിലൂടെയാണ് ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ഇനിയുള്ളത് രണ്ട് തമിഴ് സിനിമയിലാണ് അഭിനയിക്കാനുള്ളത്. തമിഴില്‍ ഒരുപാട് സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്. മിഷന്‍ സിയ്ക്ക് ശേഷം മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും വന്നിട്ടില്ല. മികച്ച അവസരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com