വിഷ്ണു നാരായണൻ, ബനേർഘട്ട പോസ്റ്റർ
വിഷ്ണു നാരായണൻ, ബനേർഘട്ട പോസ്റ്റർ

'മലയാളികള്‍ തന്ന 'പണി'; 'ബനേര്‍ഘട്ട' പോലൊരു സിനിമ ആമസോണില്‍ ഇനി വരില്ല'; വിഷ്ണു നാരായണന്‍

'ലാലേട്ടനും പ്രിയദര്‍ശനേയും പോലെ ജയസൂര്യയേയും അനൂപ് മേനോനേയും പോലെ നിവിനേയും അല്‍ഫോണ്‍സ് പുത്രനേയും പോലെ നമുക്കും ഒരു സ്റ്റാര്‍ കയ്യിലുള്ളത് നല്ലതല്ലേ'

രു രാത്രി ഒറ്റയ്ക്ക് വണ്ടിയോടിച്ചുപോകുന്ന നായകന്‍. അയാള്‍ക്ക് വരുന്ന ചില ഫോണ്‍ കോളുകള്‍. നിഗൂഢതയും സസ്‌പെന്‍സും നിറച്ച ഒരു ത്രില്ലര്‍. എടുത്തു പറയാനൊരു താരസാന്നിധ്യമില്ല. സംവിധായകനുള്‍പ്പടെ അണിയറയിലുള്ളവരെല്ലാം പുതുമുഖങ്ങള്‍. എന്നിട്ടും ചിത്രം റിലീസ് ചെയ്തത് ആമസോണ്‍ പ്രൈമിലായിരുന്നു. എന്തുകൊണ്ടാണ് ഈ കുഞ്ഞു പടം ആമസോണ്‍ പണം കൊടുത്തു വാങ്ങിയത്? ബനേര്‍ഘട്ട എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചപ്പോള്‍ പലരുടേയും മനസിലുണ്ടായ സംശയം. ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു നാരായണന്‍ ബനേര്‍ഘട്ടയെക്കുറിച്ചും ആമസോണ്‍ റിലീസിനെക്കുറിച്ചും സമകാലിക മലയാളത്തോട് പങ്കുവെക്കുന്നു. 

ഇത് ആമസോണിന്റെ പരീക്ഷണം

ആമസോണ്‍ ഇതുവരെ എടുത്തത് ദൃശ്യം 2, ജോജി, കോള്‍ഡ് കേസ് തുടങ്ങിയവ സ്റ്റാര്‍ വാല്യുയുള്ള ചിത്രങ്ങളായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നല്ല കണ്ടന്റുള്ള നോണ്‍ സ്റ്റാര്‍ പടം എടുക്കാനുള്ള ആമസോണിന്റെ ആദ്യത്തെ ശ്രമമായിരുന്നു ബനേര്‍ഘട്ട. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അവര്‍ ഇത്തരത്തിലുള്ള ചിത്രങ്ങളെടുക്കുന്നുണ്ട്. നല്ല സ്വീകാര്യത ആ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. അതുപോലെ മലയാളത്തിലും വ്യത്യസ്തമായ കണ്ടന്റ് പുതിയൊരു ടീമിനെവെച്ച് ചെയ്യാമെന്നുള്ള ആശയത്തില്‍ നിന്നുകൊണ്ടാണ് ബനേര്‍ഘട്ട എടുക്കുന്നത്. മൂന്നു ഘട്ട ക്വാളിറ്റി ചെക്ക് ചെയ്തതിനു ശേഷമാണ് സിനിമ സെലക്ട് ചെയ്യുന്നത്. നിര്‍മാതാക്കള്‍ ആമസോണുമായി നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ഒന്നര വര്‍ഷത്തെ പ്രോസസാണ്. ചിത്രം പ്രഖ്യാപിച്ചതു മുതലുള്ള കാര്യങ്ങള്‍ അവരെ അറിയിച്ചുകൊണ്ടിരിക്കണം. അവസാനം പടം കണ്ട് ഓഡിയോ, വിഡിയോ ക്വാളിറ്റി ടെസ്റ്റ് ചെയ്ത ഓകെയാണെങ്കില്‍ മാത്രമേ പ്രദര്‍ശനത്തിന് അനുമതി ലഭിക്കുകയൊള്ളൂ. ഇതിന് നാലുമാസം വേണ്ടിവന്നു. 

പ്രേക്ഷകര്‍ തോല്‍പ്പിച്ചു, ബനേര്‍ഘട്ട ഇനിയുണ്ടാവില്ല

ബനേര്‍ഘട്ട ആമസോണിന്റെ സൈറ്റില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ ടെലഗ്രാം, ടോറന്റ് പോലുള്ള പൈറസി സൈറ്റുകളില്‍ നിന്ന്  കണ്ടെന്നാണ് അവര്‍ പറയുന്നത്. ഇനിയൊരു മലയാളത്തിലെ പടം അവര്‍ അംഗീകരിക്കില്ല. കാരണം സിനിമയുടെ വ്യൂസില്‍ അവര്‍ക്ക് ഒട്ടും തൃപ്തിയില്ല. പണം തന്നാണ് അവര്‍ ഞങ്ങളുടെ പടം വാങ്ങിയത്. എന്നാല്‍ അതിന് അനുസരിച്ചുള്ള കാഴ്ചക്കാരില്ല. പുതിയൊരു ടീം ആമസോണിനെ സമീപിച്ചാല്‍ അവര്‍ നോ എന്നേ പറയുകയുള്ളൂ. മലയാളത്തില്‍ പുതിയ ആളുകളെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ അവര്‍ സാറ്റിസ്‌ഫൈഡല്ല. നമ്മുടെ പ്രേക്ഷകര്‍ ഉണ്ടാക്കിയ പ്രശ്‌നമാണ്. ചിത്രത്തിന്റെ വ്യാജ പ്രിന്റ് ലക്ഷക്കണക്കിന് പേരാണ് കണ്ടിട്ടുള്ളത്.

ബനേര്‍ഘട്ട എന്ന പേരു പണി തന്നു

ബനേര്‍ഘട്ട എന്നു പേരു കാരണം മലയാളം പടം തന്നെയാണോ എന്നു സംശയമുണ്ടായിരുന്നു. കന്നട പടം റീമേക്ക് ചെയ്ത് ആമസോണില്‍ ഇറക്കിയതാണോ എന്നാണ് പലരും കരുതിയത്. ടൈറ്റില്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു. രണ്ടു പ്രാവശ്യം എടുത്തു പറയേണ്ടിവന്നു. പനിനീര്‍ക്കട്ടയാണോ എന്നു തിരിച്ചു ചോദിച്ചവരുണ്ട്. പേരിട്ടപ്പോള്‍ വ്യത്യസ്തമായ ടൈറ്റിലാണല്ലോ എന്നോര്‍ത്ത് സന്തോഷമായിരുന്നു. എന്നാല്‍ ആളുകളിലേക്ക് എത്തിയപ്പോഴാണ് പ്രശ്‌നം മനസിലായത്. അപ്പോഴേക്കും പോസ്റ്റര്‍ റിലീസും ടൈറ്റില്‍ അനൗണ്‍സ്‌മെന്റും കഴിഞ്ഞിരുന്നു. പിന്നീട് മാറ്റാന്‍ സാധിച്ചില്ല. ബനേര്‍ഘട്ട എന്നു പറയുന്നത് ഒരു നാഷണല്‍ പാര്‍ക്കാണ്. അവിടെ കയറിക്കഴിഞ്ഞാല്‍ കൃത്യമായ ഗൈഡ്‌ലൈനില്ലാതെ പുറത്തുകടക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിടെ സ്ത്രീകളെ കാണാതായ സംഭവങ്ങളൊക്കെയുണ്ടായിട്ടുണ്ട്. വളരെ വൈല്‍ഡായ പ്രദേശമാണ്. അതുകൊണ്ടാണ് അങ്ങനെയൊരു സ്ഥലം തെരഞ്ഞെടുക്കാന്‍ കാരണം.

ഹൈസ്‌കൂള്‍കാലം മുതലുള്ള കൂട്ട്, ഒരു സ്റ്റാര്‍ കയ്യിലുള്ളത് നല്ലതല്ലേ

ബനേര്‍ഘട്ടയിലെ നായകനായി എത്തിയത് കാര്‍ത്തിക് രാമകൃഷ്ണനായിരുന്നു. കാര്‍ത്തിക് എന്റെ ഉറ്റസുഹൃത്താണ്. ഞങ്ങള്‍ ഹൈസ്‌കൂള്‍ മുതല്‍ ഒന്നിച്ചാണ്. ഒരുമിച്ചാണ് ഞങ്ങള്‍ സിനിമ സ്വപ്‌നം കണ്ടത്. നിയോ സ്‌കൂളില്‍ ചേര്‍ന്നത് പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചതുമെല്ലാം ഒന്നിച്ചായിരുന്നു. ബനേര്‍ഘട്ട ആലോചിച്ചതുതന്നെ കാര്‍ത്തിക്കിനെവച്ചാണ്. ചിത്രത്തില്‍ വളരെ സൂക്ഷ്മമായാണ് അഭിനയിക്കേണ്ടിയിരുന്നത്. അത് ഗംഭീരമായാണ് കാര്‍ത്തിക് ചെയ്തത്. ക്യാമറയിലൂടെയും മോണിറ്ററിലൂടെയും നോക്കുമ്പോഴൊന്നും അത് മനസിലായിരുന്നില്ല. എഡിറ്റിങ്ങെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോഴാണ് അത് അറിഞ്ഞത്. കാര്‍ത്തിക് ഡ്രൈവിങ് പഠിക്കുന്നത് അഞ്ചു ദിവസം മുന്‍പാണ്. വണ്ടിയോടിക്കാന്‍ ഒട്ടും അറിയില്ലായിരുന്നു. വാടകയ്ക്ക് കാറെടുത്താണ് ഡ്രൈവിങ് പഠിച്ചത്. ഇപ്പോള്‍ ആള് എക്‌സ്പര്‍ട്ടാണ്. പകല്‍ ഡ്രൈവ് പഠിച്ചിട്ടാണ് രാത്രി വന്ന് ഷൂട്ട് ചെയ്യുന്നത്. ഡ്രൈവറിന്റെ പക്കാ മാനറിസമെല്ലാം കൃത്യമായാണ് കാര്‍ത്തിക് ചെയ്തത്. 

കാര്‍ത്തിക്കിനെ നിവിന്‍ പോളിയെപ്പോലെ വളര്‍ത്തിയെടുക്കാനുള്ള പരിപാടിയാണ്. ലാലേട്ടനും പ്രിയദര്‍ശനേയും പോലെ ജയസൂര്യയേയും അനൂപ് മേനോനേയും പോലെ നിവിനേയും അല്‍ഫോണ്‍സ് പുത്രനേയും പോലെ നമുക്കും ഒരു സ്റ്റാര്‍ കയ്യിലുള്ളത് നല്ലതല്ലേ. ബനേര്‍ഘട്ടയുടെ തിരക്കഥ ഒരുക്കിയത് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനുമായിരുന്നു. അവരുടെ ആദ്യത്തെ സിനിമയായ ഷിബുവിലും  കാര്‍ത്തിക് തന്നെയായിരുന്നു നായകന്‍.

തമിഴ് അറിയാത്തതല്ല, അത് റാവുത്തര്‍ തമിഴ്

ബനേര്‍ഘട്ട പക്കാ പരീക്ഷണ ചിത്രമാണ്. ഒരു കഥാപാത്രമാണ് ഉള്ളതെങ്കിലും ഫോണില്‍ സംസാരിക്കുന്ന എല്ലാ കഥാപാത്രങ്ങള്‍ക്കും ഐഡന്റിറ്റി കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അമ്മ റാവുത്തര്‍ തമിഴിലാണ് സംസാരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. സംവിധായകന് തമിഴ് അറിയാത്തതുകൊണ്ടാണ് ചിത്രത്തില്‍ ഇങ്ങനെയൊരു തമിഴ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പലരും വിമര്‍ശിക്കുന്നത്. പാലക്കാട് കൊയമ്പത്തൂര്‍ ഭാഗത്തുള്ള തമിഴാണ് ഇത്. തമിഴിന്റേയും മലയാളത്തിന്റേയും മിക്‌സാണ്്. എന്റെ വീട് പാലക്കാടായതുകൊണ്ട് റാവുത്തര്‍ തമിഴ് സംസാരിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഒരുപാടു പേര്‍ക്കൊന്നും റാവുത്തര്‍ തമിഴിനെക്കുറിച്ച് അറിയില്ല. പാലക്കാട് ഭാഷ പല രീതിയില്‍ സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് റാവുത്തര്‍ തമിഴ്. കഥാപാത്രത്തിന് ഒരു ഐഡന്റിറ്റി നല്‍കാന്‍ വേണ്ടിയാണ് ഇത് ഉപയോഗിച്ചത്.

അച്ഛന്‍ കാണാതെ പോയ സിനിമ

വീട്ടില്‍ അച്ഛന്‍ അമ്മ, രണ്ട് അനിയന്മാരാണ്. നാലു മാസം മുന്‍പ് അച്ഛന്‍ മരിച്ചു. അറ്റാക്കായിരുന്നു. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു മകന്റെ സിനിമ തിയറ്ററില്‍ കാണണമെന്ന്. പൂജയുടെ സമയത്തൊക്കെ അച്ഛനുണ്ടായിരുന്നു. വലിയ പിന്തുണയായിരുന്നു. സമയം കളയുന്നതിലാണ് വഴക്ക് പറഞ്ഞിരുന്നത്. സിനിമ ആഗ്രഹിച്ചതിന് ഒരിക്കലും വഴക്കു പറഞ്ഞിട്ടില്ല. പക്ഷേ സിനിമ ആഗ്രഹിച്ചാല്‍ സമയം പോകുമെന്ന് അച്ഛനറിയില്ല. ഇതൊക്കെ ശരിയാകുമോ എന്ന് ഇടയ്‌ക്കൊരു നോട്ടത്തിലൂടെ ചോദിക്കും. അതൊക്കെ ഇന്‍സ്പയറിങ് ആയിരുന്നു.

കുറേ കഷ്ടപ്പെട്ടു, അത് പ്രേക്ഷകര്‍ അറിയേണ്ട

പത്ത് വര്‍ഷമായി സിനിമയെന്നു പറഞ്ഞ് ഇറങ്ങിയിട്ട്. നിയോ സ്‌കൂളിലാണ് പഠിച്ചത്. പക്ഷേ സാമ്പത്തിക പ്രശ്‌നങ്ങള്‍കാരണം പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിക്കേണ്ടിവന്നു. നിയോയില്‍ പഠിക്കുന്ന സുഹൃത്തുക്കളുടെ നോട്ട് നോക്കി ഞാന്‍ റഫര്‍ ചെയ്യുമായിരുന്നു. പരസ്യം, വെഡ്ഡിങ് ഫോട്ടോഗ്രഫിയൊക്കെയായി പോയി. അതിനിടെ വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം മൂന്നു വര്‍ഷം പൂര്‍ണമായും സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത് സെയില്‍സിന്റെ ജോലിക്ക് പോയി. നല്ല സാലറിയൊക്കെയുണ്ടായിരുന്നു, പക്ഷേ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയല്ലാത്തതുകൊണ്ട് കളഞ്ഞു. എത്ര കഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലി സിനിമ തന്നെയാണ്. 

സിനിമ സ്വപ്‌നങ്ങളുമായി കൊച്ചിയില്‍ നില്‍ക്കുന്ന സമയത്ത് ചെയ്യാത്ത ജോലികളൊന്നുമില്ല. യൂബര്‍ ഈറ്റ്‌സ് ഓടിയിട്ടുണ്ട്, രാത്രിസമയത്ത് കൊറിയര്‍ സര്‍വീസിന്റെ ഗോഡൗണില്‍ പണിയെടുത്തിട്ടുണ്ട്. പരസ്യം ചെയ്യുമ്പോഴും വെഡ്ഡിങ് ഫോട്ടോഗ്രഫി ചെയ്യുമ്പോഴും എപ്പോഴും പണം കിട്ടണം എന്നില്ല. ആ സമയത്ത് അനിയന്‍ ജോലിക്ക് പോയിരുന്നു. അവന്‍ ഇടക്ക് സഹായിക്കും. നല്ലരീതിയില്‍ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും പുറത്തുപറയാന്‍ പാടില്ല. സിനിമ കണ്ട് നമ്മെ ആളുകള്‍ ഇഷ്ടപ്പെട്ടാല്‍ മതി. നല്ല സിനിമയാണെങ്കില്‍ ആളുകള്‍ ഏറ്റെടുക്കും. കഞ്ഞി കുടിച്ചാണോ ബിരിയാണി കഴിച്ചാണോ സിനിമയെടുത്തതെന്ന് ആളുകള്‍ക്ക് അറിയേണ്ട കാര്യമില്ല.

അടുത്ത ചിത്രവും ത്രില്ലര്‍

ബനേര്‍ഘട്ടയ്ക്ക് മുന്‍പ് പ്ലാന്‍ ചെയ്തത് മൈതാനം എന്ന സിനിമയാണ്. അത് ഫാമിലി കോമഡി എന്റര്‍ടെയ്‌നറായിരുന്നു. കോവിഡ് സാഹചര്യത്തെ തുടര്‍ന്നാണ് അത് വേണ്ടെന്നുവയ്ക്കുന്നത്. അടുത്ത ചിത്രവും ത്രില്ലര്‍ തന്നെയാണ്. എന്നാല്‍ പരീക്ഷണ ചിത്രം ആയിരിക്കില്ല. കാര്‍ത്തിക് തന്നെയായിരിക്കും ചിത്രത്തില്‍ നായകനാവുക. പ്രൊഡ്യൂസറെ കണ്ടെത്തിയാല്‍ ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകും.

ബനേര്‍ഘട്ട ഒരിക്കലേ ഉണ്ടാവുകയുള്ളൂ. ഇനി അത്തരത്തിലൊരു സിനിമ ചെയ്താല്‍ അത് എന്റെ അവസാന സിനിമയായി മാറും. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ട ചിത്രമായിരുന്നു ബനേര്‍ഘട്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com