'അതിൽ എന്താണ് മാനനഷ്ടമുള്ളത്, പബ്ലിക് ലൈഫ് നിങ്ങൾ തെരഞ്ഞെടുത്തതല്ലേ'; ശിൽപ ഷെട്ടിയോട് കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2021 10:19 AM  |  

Last Updated: 31st July 2021 10:19 AM  |   A+A-   |  

shilpa_shetty highcourt

ശിൽപ ഷെട്ടി/ ഫേയ്സ്ബുക്ക്

 

ർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ തനിക്കെതിരെ വരുന്ന വാർത്തകൾക്കെതിരെ നടി ശിൽപ ഷെട്ടി സമർപ്പിച്ച മാനനഷ്ടക്കെസിൽ നടപടി സ്വീകരിക്കാതെ കോടതി. ശിൽപയ്ക്കെതിരെയുള്ള വാർത്തകൾ വിലക്കാൻ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നുമാണ് കോടതിയുടെ നിരീക്ഷണം. 

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾ വിലക്കണം എന്നാവശ്യപ്പെട്ട് ശിൽപ ഹർജി സമർപ്പിച്ചത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ 25 കോടി നഷ്ടപരിഹാരം നല്‍കമെന്നും ആവശ്യപ്പെട്ടു. ഹർജി ഫയലിൽ സ്വീകരിച്ചെങ്കിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഇടക്കാല സ്റ്റേ നൽകാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഇപ്പോൾ വരുന്ന വാർത്തകളിൽ അപകീർത്തികരമായി ഒന്നുമില്ലെന്നും കൂട്ടിച്ചേർത്തു. 

തെളിവെടുപ്പിനായി രാജ് കുന്ദ്രയെ പൊലീസ് വീട്ടിലെത്തിച്ചപ്പോള്‍ ശില്‍പ ഷെട്ടി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഹര്‍ജിയില്‍  പറയുന്നുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ നടക്കുന്ന സ്വകാര്യമായ സംഭവം ഒരിക്കലും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലെന്നാണ് ശിൽപയുടെ വക്കീല്‍ വാദിച്ചത്. എന്നാല്‍ പൊലീസിന് മുന്‍പിലാണ് സംഭവം നടന്നതെന്നും, അവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്നും കോടതി ചൂണ്ടിക്കാട്ടി. ശില്‍പ തെരഞ്ഞെടുത്തത് പബ്ലിക്കായ ഒരു ജീവിതമാണ്. നിങ്ങളുടെ ജീവിതം ഒരു മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കപ്പെടും. അവര്‍ കരഞ്ഞതായും, ഭര്‍ത്താവുമായി വഴക്ക് കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ എന്താണ് മാനനഷ്ടമുള്ളത്. അവര്‍ ഒരു സ്ത്രീയാണ് എന്നതാണ് അത് തെളിയിക്കുന്നത് - ജഡ്ജി പറഞ്ഞു.