ഓരോരുത്തരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ, ഒന്നരക്കോടിയുടെ സഹായവുമായി യഷ്

കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് താരം സഹായം നൽകുന്നത്
യഷ്/ ഇൻസ്റ്റ​ഗ്രാം
യഷ്/ ഇൻസ്റ്റ​ഗ്രാം

കോവിഡ് രണ്ടാം വ്യാപനം സിനിമ മേഖലയെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് ജോലിയില്ലാതെ വീട്ടിലിരിക്കുന്നത്. ഇപ്പോൾ തന്റെ സഹപ്രവർത്തകർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് കന്നഡ സൂപ്പർതാരം യഷ്. കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് താരം സഹായം നൽകുന്നത്. ഓരോരുത്തരുടേയും അക്കൗണ്ടിലേക്ക് 5000 രൂപവീതം ഇടുമെന്നാണ് താരം പ്രസ് റിലീസിലൂടെ പറഞ്ഞത്. ഒന്നര കോടിയോളം രൂപയുടെ സഹായമാണ് താരം നൽകുന്നത്. 

"നമ്മുടെ രാജ്യമെമ്പാടും അനവധിയായ ആളുകളുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയും ഏറെ മോശമായി ബാധിക്കപ്പെട്ടു. ഈ ഗുരുതരമായ സാഹചര്യത്തില്‍ കന്നഡ സിനിമാമേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് എന്‍റെ സമ്പാദ്യത്തില്‍ നിന്നും 5000 രൂപ വീതം ഞാന്‍ സംഭാവന ചെയ്യും. സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷ", യഷ് പ്രസ്താവനയിലൂടെ പറഞ്ഞു. 

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് യഷ് തെന്നിന്ത്യയിലെ തന്നെ സൂപ്പർ താരമാകുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ജൂലൈ 16ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണെങ്കിലും നിലവിലെ കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റിയിട്ടുണ്ട്. ജൂലൈ 16ന് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com