പുഷ്പയിൽ അഭിനയിക്കാൻ അല്ലു അർജുന് 70 കോടി; റെക്കോർഡ് പ്രതിഫലം
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2021 11:12 AM |
Last Updated: 04th June 2021 11:12 AM | A+A A- |

പുഷ്പ പോസ്റ്റർ
അല്ലു അർജുനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ സൂപ്പർതാരം വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ വാർത്തയാകുന്നത്. രണ്ട് ഭാഗങ്ങളിലുമായി അഭിനയിക്കാൻ അല്ലു അർജുൻ 70 കോടി രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
പുഷ്പയുടെ രണ്ടു ഭാഗങ്ങളിലുമായി അല്ലു അര്‍ജുന്‍ 60 മുതല്‍ 70 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ഫഹദ് ചെയ്യുന്നത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. തെലുങ്കിന് പുറമേ തമിഴ് , ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഓഗസ്റ്റ് 13 നാണ് പുറത്തിറക്കുന്നത്. അടുത്ത വർഷമായിരിക്കും രണ്ടാം ഭാഗം എത്തുക.