'ആ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു അവന്‍ നിരപരാധിയാണെന്ന്', ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പേളിനെ പിന്തുണച്ച് ഏക്ത

പേളിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പിന്തുണ അറിയിച്ചത്
ഏക്ത കപൂറും പേൾ വി പുരിയും/ ഇൻസ്റ്റ​
ഏക്ത കപൂറും പേൾ വി പുരിയും/ ഇൻസ്റ്റ​

ടെലിവിഷന്‍ താരം പേള്‍ വി പുരി ഇന്നലെ രാത്രിയാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലാവുന്നത്. ഇപ്പോള്‍ പേളിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ഏക്ത കപൂര്‍. പേളിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പിന്തുണ അറിയിച്ചത്. പീഡനത്തിന് ഇരയായെന്നു പറയുന്ന പെണ്‍കുട്ടിയുടെ അമ്മ പേള്‍ നിരപരാധിയാണെന്നു പറഞ്ഞുവെന്നാണ് ഏക്ത കുറിക്കുന്നത്. 

'ബാല പീഡകനെയോ മറ്റേതെങ്കിലും തരത്തില്‍ പീഡനം നടത്തുന്ന ഒരാളെയോ ഞാന്‍ പിന്തുണയ്ക്കുമോ? പക്ഷേ ഇന്നലെ രാത്രി മുതല്‍ ഇപ്പോള്‍ വരെ ഞാന്‍ കണ്ടതുവച്ച് മനുഷ്യന്റെ ഏറ്റവും താഴ്ന്ന  നികൃഷ്ടതയാണിത്. എങ്ങനെയാണ് മനുഷ്യത്വം ഈ രീതിയില്‍ താഴുന്നത്. മറ്റൊരാളോടുള്ള ദേഷ്യം തീര്‍ക്കുന്നതിന് മൂന്നാമത് ഒരാളെ അവരുടെ പ്രശ്‌നത്തിലേക്ക് വലിച്ചിടുന്നത് എന്തിനാണ്. ഒരു മനുഷ്യന് മറ്റാരു മനുഷ്യനോട് എങ്ങനെയാണ് ഇത് ചെയ്യാന്‍ തോന്നുന്നത്. ആ പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചപ്പോള്‍ പേള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. 

സിനിമ സെറ്റില്‍ ജോലി ചെയ്യുന്ന അമ്മയ്ക്ക് മകളെ സംരക്ഷിക്കാനാവില്ലെന്നും തെളിയിച്ച് മകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വേണ്ടി അവരുടെ ഭര്‍ത്താവ് കഥകള്‍ ഉണ്ടാക്കുകയാണ്. ഇത് സത്യമെങ്കില്‍ പലരീതിയില്‍ ഇത് തെറ്റാണ്. മീ ടൂ പോലുള്ള വലിയ മുന്നേറ്റത്തെ ഉപയോഗിച്ച് കുട്ടിയെ മാനസികപീഡനത്തിന് ഇരയാക്കുകയും നിരപരാധിയായ ഒരാളെ കുറ്റക്കാരനാക്കുകയുമാണ്. എനിക്ക് ഇതില്‍ അധികാരമില്ല, കോടതിയാണ് ആരാണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കേണ്ടത്. ആ കുട്ടിയുടെ അമ്മ പറഞ്ഞതില്‍ നിന്നാണ് ഞാന്‍ അഭിപ്രായത്തിലെത്തിയത്. പേള്‍ നിരപരാധിയാണ്. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് തങ്ങളുടെ മക്കളെ സംരക്ഷിക്കാനാവില്ലെന്ന് തെളിയിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നത് വളരെ വിഷമകരമാണ്.'- ഏക്ത കുറിച്ചു. 

പേളിന് എതിരെയുള്ളത് തെറ്റായ ആരോപണമാണെന്ന് തെളിയിക്കാനുള്ള ആ അമ്മയുടെ വോയ്‌സ് നോട്ടും മെസേജുകളും എന്റെ കയ്യിലുണ്ടെന്നും ഏക്ത പറഞ്ഞു. ഏക്തയെ കൂടാതെ നടി അനിത ഹസ്സനന്‍ധനിയും കൃസ്റ്റല്‍ ഡിസൂസും പേളിന് പിന്തുണയുമായി രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com