''സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്''; സത്യന്‍ എന്ന പാട്ടുകാരന്‍, കുറിപ്പ്‌

''സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കര്‍ മാത്രമല്ലേ ഈ ലോകത്ത്''; സത്യന്‍ എന്ന പാട്ടുകാരന്‍, കുറിപ്പ്‌ 
അനശ്വര നടന്‍ സത്യന്‍ വിടപറഞ്ഞിട്ട് അന്‍പതു വര്‍ഷം
അനശ്വര നടന്‍ സത്യന്‍ വിടപറഞ്ഞിട്ട് അന്‍പതു വര്‍ഷം

നശ്വര നടന്‍ സത്യന്‍ വിടപറഞ്ഞിട്ട് അന്‍പതു വര്‍ഷം തികയുകയാണ് ഇന്ന്. സിനിമാ ലോകം മഹാനടന്റെ അഭിനയ മുഹൂര്‍ത്തങ്ങളെ അനുസ്മരിക്കുമ്പോള്‍ സത്യന്‍ എന്ന പാട്ടുകാരനെ, വിവിധ ഗായകരുടെ വാക്കുകളിലൂടെ ഓര്‍ത്തെടുക്കുകയാണ് പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ ഈ കുറിപ്പില്‍.
 

മഹാനടൻ വിടപറഞ്ഞിട്ട് അര നൂറ്റാണ്ട് (ജൂൺ 15)

സത്യൻ എന്ന ``പാട്ടുകാരൻ''

-----------

മഹാനടനൊപ്പമുള്ള ഒരു കാർ യാത്രയുടെ ഓർമ്മ ഗായകൻ കെ പി ഉദയഭാനു പങ്കുവെച്ചതോർക്കുന്നു: സ്റ്റിയറിംഗിൽ താളമിട്ട് പാടുകയാണ് സത്യൻ: ``കഴിഞ്ഞ കാലം തിരികൊളുത്തിയ കൽവിളക്കിനരികെ, ഒരിക്കലിങ്ങനെ നമ്മൾ കാണും ഓരോ വഴിയേ പോകും....'' ആലാപനത്തിൽ മുഴുകി കാറിന്റെ ചില്ലുജാലകത്തിലൂടെ പുറത്തെ കൂരിരുട്ടിലേക്ക് നോക്കി നിശബ്ദനായിരിക്കുന്നു ഉദയഭാനു. ഒരു നിമിഷം പാട്ടു നിർത്തി, വികാരഭരിതനായി സത്യൻ ചോദിക്കുന്നു: ``സത്യമല്ലെടോ ഭാനൂ? നമ്മളൊക്കെ വഴിപോക്കർ മാത്രമല്ലേ ഈ ലോകത്ത്... എവിടെയോ വെച്ച് കാണുന്നു; പിരിയുന്നു. വീണ്ടും കണ്ടുമുട്ടുമ്പോൾ നമ്മൾ പരസ്പരം തിരിച്ചറിയുമോ എന്നു തന്നെ ആർക്കറിയാം ?'' ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു ഭാനു.

മലയാള സിനിമയിലെ കരുത്തനായ നായകനൊത്തുള്ള യാത്രകളോരോന്നും അവിസ്മരണീയ അനുഭവങ്ങളായിരുന്നു ഭാനുവിന്. ``സത്യൻ മാഷിന്റെ ഫിയറ്റ് കാറിൽ തിരുവനന്തപുരത്തു നിന്ന് മദ്രാസിലേക്ക് എത്രയോ തവണ സഞ്ചരിച്ചിരിക്കുന്നു. മിക്കപ്പോഴും രാത്രിയാവും ഞങ്ങളുടെ യാത്ര. ഡ്രൈവ് ചെയ്തുകൊണ്ടു തന്നെ അദ്ദേഹം ടി എം സൗന്ദരരാജന്റെയും പി ബി എസ്സിന്റെയും തമിഴ് പാട്ടുകൾ പാടും. ഞാൻ റഫിയുടെയും മുകേഷിന്റെയും ഹിന്ദി പാട്ടുകളും.'' സത്യൻ എന്ന മഹാനടനെയല്ല, അടിമുടി ഗ്രാമീണനായ ഒരു സാധാരണ മനുഷ്യനെയാണ് അത്തരം യാത്രകളിൽ താൻ കണ്ടുമുട്ടിയിട്ടുള്ളതെന്ന് ഉദയഭാനു.

യാത്രക്കിടെ ഒരിക്കൽ സത്യൻ ഭാനുവിനോട് പറഞ്ഞു: ``എടോ... താൻ വലിയ പാട്ടുകാരൻ ആണെന്നല്ലേ വയ്പ്. താൻ പാടിയ ഒരു പാട്ട് ഞാൻ തനിക്ക് പാടിത്തരാൻ പോകുകയാണ്. എങ്ങനെയുണ്ടെന്ന് പറ.'' കളഞ്ഞുകിട്ടിയ തങ്കത്തിലെ ``എവിടെ നിന്നോ എവിടെ നിന്നോ വഴിയമ്പലത്തിൽ വന്നുകയറിയ വാനമ്പാടികൾ നമ്മൾ'' എന്ന പാട്ട് പാടിത്തുടങ്ങുന്നു സത്യൻ. ശ്രുതിശുദ്ധമായ ആലാപനം. ``സത്യൻ മാഷിന്റെ ശബ്ദം അതീവ ലോലമാണ്. ചെറിയൊരു സ്ത്രൈണതയുമുണ്ട് അതിൽ. പക്ഷേ ഭാവമധുരമായാണ് പാടുക. ഉച്ചാരണത്തിൽ അതീവ നിഷ്കർഷയോടെ.'' -- ഉദയഭാനുവിന്റെ ഓർമ്മ. ``പ്രേംനസീർ ആണ് എന്റെ പാട്ടുകൾ കൂടുതലും സിനിമയിൽ പാടിയിട്ടുള്ളത്. അതിമനോഹരമായിത്തന്നെ അദ്ദേഹം പാടി അഭിനയിക്കും; ഒരു പക്ഷേ സത്യനേക്കാൾ ഭംഗിയായി. എങ്കിലും താളബോധത്തിൽ സത്യൻ മാഷായിരുന്നു മുന്നിൽ എന്ന് തോന്നിയിട്ടുണ്ട്. കവിതയുടെ അർത്ഥം ഉൾക്കൊണ്ടാണ് അദ്ദേഹം പാടുക. രണ്ടുപേരുടെയും പാട്ടുകൾ നേരിട്ട് കേട്ട ഓർമ്മയിൽ പറയുകയാണ്..''

എസ് ആർ പുട്ടണ്ണ സംവിധാനം ചെയ്ത `കളഞ്ഞു കിട്ടിയ തങ്കം' (1964) എന്ന സിനിമയിൽ ഉദയഭാനുവിന്റെ ``എവിടെ നിന്നോ'' എന്ന ഗാനത്തിനൊത്ത് ചുണ്ടനക്കിയതും സത്യൻ തന്നെ. പാടി അഭിനയിക്കുമ്പോഴേ ആ വരികൾ സത്യൻ മാഷിന്റെ മനസ്സിനെ പിടിച്ചുലച്ചിരുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി ഉദയഭാനുവിന്. വെള്ളിത്തിരയിൽ യാന്ത്രികമായി ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കുന്ന നടീനടന്മാരെയാണല്ലോ നമുക്ക് കണ്ടു പരിചയം. ഭാനുവിനൊപ്പമുള്ള മദ്രാസ് യാത്രക്കിടെ സത്യൻ മാഷ് ആ പാട്ട് വീണ്ടും വീണ്ടും പാടിക്കൊണ്ടിരുന്നു; ഒരു രാത്രി മുഴുവൻ നീണ്ട ആലാപനം. അത്രയും തീവ്രമായി ആ വരികൾ അദ്ദേഹത്തെ സ്വാധീനിച്ചിരിക്കണം. ``ഞാൻ പാടി അഭിനയിച്ച പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണിത്.'' --അന്ന് സത്യൻ പറഞ്ഞു. ``എത്ര അന്വർത്ഥമാണ് വയലാറിന്റെ വരികൾ. പ്രത്യേകിച്ച് രണ്ടാമത്തെ ഭാഗം. ഇവിടെ വന്നവർ ഇന്നലെ വന്നവർ ഇതിലിരുന്നവർ എവിടെ, കണ്ടു പിരിഞ്ഞവർ പിന്നേയും തമ്മിൽ കണ്ടാൽ അറിയില്ലല്ലോ...എനിക്കും തനിക്കുമൊക്കെ ബാധകമാണ് ആ വരികൾ...'' അത്രയേറെ വികാരഭരിതനായി സത്യനെ അധികം കണ്ടിട്ടില്ലെന്ന് ഉദയഭാനു.

സിനിമയ്ക്ക് വേണ്ടി ഉദയഭാനു പാടി റെക്കോർഡ് ചെയ്ത ആദ്യഗാനത്തിന് വെള്ളിത്തിരയിൽ അനശ്വരതയേകിയത് സത്യനാണ് -- ``നായര് പിടിച്ച പുലിവാലിലെ ``എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ..'' തുടർന്ന് വെളുത്ത പെണ്ണേ വെളുത്ത പെണ്ണേ മനസ്സിലെന്താണ് ( നായര് പിടിച്ച പുലിവാൽ), താമരത്തുമ്പി വാ വാ (പുതിയ ആകാശം പുതിയ ഭൂമി), പാവക്കുട്ടീ പാവാടക്കുട്ടീ (കടത്തുകാരൻ), മനസ്സിനകത്തൊരു പെണ്ണ് (പാലാട്ടുകോമൻ) തുടങ്ങിയ പാട്ടുകൾ. ``തന്റെ ശബ്ദമാണ് എനിക്ക് ഏറ്റവും ഇണങ്ങുക എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്''-- ഒരിക്കൽ സത്യൻ ഭാനുവിനോട് പറഞ്ഞു. ``പക്ഷേ എന്തു ചെയ്യാം. താൻ നസീറിന് വേണ്ടിയല്ലേ നല്ല പാട്ടുകൾ അധികം പാടിയത്..''

ആദ്യകാലത്ത് പി ബി എസ്സിൻെറയും എ എം രാജയുടെയുമൊക്കെ ശബ്ദങ്ങളാണ് വെള്ളിത്തിരയിൽ സത്യൻ ഏറെയും കടമെടുത്തതെങ്കിലും, യേശുദാസ് രംഗത്ത് വന്നതോടെ കഥ മാറി. ദാസിന്റെ വിശ്രുത ഗാനങ്ങൾ പലതും സിനിമയിൽ അവതരിപ്പിച്ചത് സത്യനാണ്. ``എനിക്കേറ്റവും അടുപ്പമുള്ള വ്യക്തികളിൽ ഒരാളായിരുന്നു സത്യൻ മാഷ്. നല്ല സംഗീതബോധവും താളബോധവുമുള്ള ആൾ. പാട്ടുപാടി അഭിനയിക്കുന്നതിൽ പ്രത്യേകിച്ചൊരു ശൈലിയുണ്ടായിരുന്നു അദ്ദേഹത്തിന്. ആർക്കും അനുകരിക്കാനാവാത്ത ഒന്ന്.''-- യേശുദാസ് പറയുന്നു. പാലാട്ടുകോമനിലെ ആനക്കാരാ ആനക്കാരാ (പി സുശീലയ്‌ക്കൊപ്പം) ആണ് സത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ച ആദ്യ ഗന്ധർവ ഗാനം. സംഗീതജീവിതത്തിൽ യേശുദാസിന് വഴിത്തിരിവായി മാറിയ `നിത്യകന്യക'യിലെ കണ്ണുനീർമുത്തുമായ് എന്ന ഗാനത്തിനൊത്ത് ചുണ്ടനക്കിയതും സത്യൻ തന്നെ. തുടർന്ന് അനവദ്യ സുന്ദരങ്ങളായ അനേകമനേകം പാട്ടുകൾ: ആദ്യത്തെ കണ്മണി (ഭാഗ്യജാതകം), സ്വർണ്ണചാമരം (യക്ഷി), വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ് (കാട്ടുതുളസി), പകൽക്കിനാവിൻ സുന്ദരമാകും (പകൽക്കിനാവ്), എന്റെ വീണക്കമ്പിയെല്ലാം, സ്വർഗ്ഗഗായികേ (മൂലധനം), കാക്കത്തമ്പുരാട്ടി (ഇണപ്രാവുകൾ), ഇന്നലെ മയങ്ങുമ്പോൾ (അന്വേഷിച്ചു കണ്ടെത്തിയില്ല), അഷ്ടമുടിക്കായലിലെ (മണവാട്ടി), കന്നിയിൽ പിറന്നാലും (തറവാട്ടമ്മ), പൊന്നിൻ തരിവള, അകലെയകലെ നീലാകാശം (മിടുമിടുക്കി), പാലാഴിമഥനം കഴിഞ്ഞു (ഉറങ്ങാത്ത സുന്ദരി), മധുരപ്പതിനേഴുകാരി (അമ്മയെ കാണാൻ), കല്പനയാകും (ഡോക്ടർ).... ദാർശനികമാനങ്ങളുള്ള പശ്ചാത്തല ഗാനങ്ങൾ വേറെ: അഗ്നിപർവതം പുകഞ്ഞു, സൂര്യഗ്രഹണം, ചലനം ചലനം, ഈ യുഗം കലിയുഗം, കാലം മാറിവരും എന്നിങ്ങനെ.

സത്യൻ മാസ്റ്ററുടെ സംഭാഷണ ശകലങ്ങൾ കൂടി ഉൾപ്പെട്ട അപൂർവ്വസുന്ദരമായ ഒരു യുഗ്മഗാനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതാണ് ജയചന്ദ്രന്റെ ഭാഗ്യം. ``വാഴ്‌വേമായ''ത്തിലെ സീതാദേവി സ്വയംവരം ചെയ്തൊരു (സുശീലയോടൊപ്പം) എന്ന ആ പാട്ട് സേതുമാധവന്റെ ചിത്രീകരണമികവ് കൊണ്ടും ശ്രദ്ധേയം. ശ്രീനഗരത്തിലെ ചിത്രവനത്തിലെ (നിലക്കാത്ത ചലനങ്ങൾ), പൂർണേന്ദുമുഖിയോടമ്പലത്തിൽ വെച്ച് (കുരുക്ഷേത്രം), മകരം പോയിട്ടും (വെളുത്ത കത്രീന) എന്നിവയാണ് സത്യന് വേണ്ടി ജയചന്ദ്രൻ പാടിയ മറ്റു മികച്ച ഗാനങ്ങൾ. ``റൊമാന്റിക് നടന്മാരുടെ പതിവ് രൂപഭാവങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടു പോലും നമ്മളാരും ഉദ്ദേശിക്കാത്ത തലത്തിലേക്ക് പാട്ടിനെ കൈപിടിച്ചുയർത്താൻ കഴിഞ്ഞു സത്യൻ മാസ്റ്റർക്ക്. ശരിക്കും ഒരു ലെജൻഡ് ആയിരുന്നു അദ്ദേഹം.''-- ജയചന്ദ്രന്റെ വാക്കുകൾ. മെഹബൂബും (നീലക്കുയിലിലെ മാനെന്നും വിളിക്കില്ല) കെ എസ് ജോർജ്ജും (കാലം മാറുന്നുവിലെ ആ മലർപ്പൊയ്കയിൽ) പിൽക്കാലത്ത് സംഗീത സംവിധായകനായി ഖ്യാതി നേടിയ രവീന്ദ്രനും (വെള്ളിയാഴ്ചയിലെ പാർവണരജനി തൻ) ഒക്കെ സത്യന് വേണ്ടി പല കാലങ്ങളിലായി പിന്നണി പാടിയവർ. സ്വതഃസിദ്ധമായ അഭിനയ ശൈലിയിലൂടെ ആ ഗാനരംഗങ്ങൾ ഓരോന്നും വേറിട്ട ദൃശ്യാനുഭവങ്ങളാക്കി സത്യൻ.

എന്നാൽ സിനിമയിൽ സത്യന് വേണ്ടി ആദ്യം പിന്നണി പാടാൻ ഭാഗ്യമുണ്ടായ ഗായകൻ ഇവരാരുമല്ല എന്നറിയുക. ടി എ മോത്തി എന്ന മറുഭാഷാ ഗായകനുള്ളതാണ് ആ ബഹുമതി. ആദ്യം അഭിനയിച്ചു പുറത്തിറങ്ങിയ ആത്മസഖി (1952)യിലെ ``ആ നീലവാനിലെന്നാശകൾ'' ആയിരിക്കണം സത്യൻ ആദ്യമായി പ്രത്യക്ഷപ്പെട്ട ഗാനരംഗം. മോത്തിയും പി ലീലയും ചേർന്ന് പാടിയ പാട്ടായിരുന്നു അത്. അടുത്ത വർഷം പുറത്തിറങ്ങിയ ``ലോകനീതി''യിൽ സത്യനും എ എം രാജയും ആദ്യമായി ഒന്നിക്കുന്നു -- കണ്ണാ നീയുറങ്ങ് എന്ന മനോഹരഗാനത്തിലൂടെ. സിനിമാ ജീവിതത്തിൽ സത്യന്റെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനം എന്ന് വിശേഷിപ്പിക്കാവുന്ന ``സ്നേഹസീമ''യിലെ കണ്ണും പൂട്ടിയുറങ്ങുക നീയെൻ എന്ന പ്രശസ്തമായ താരാട്ടിന് ലീലയോടൊപ്പം ശബ്ദം പകർന്നതും രാജ തന്നെ.

സത്യന് ഏറ്റവും ഇണങ്ങുന്ന ശബ്ദമായി പലരും എടുത്തുപറഞ്ഞിട്ടുണ്ട് രാജയെ. ``അടിമക''ളിലെ താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന ഒരൊറ്റ പാട്ട് മതി നടനും ഗായകനും തമ്മിലുള്ള ഈ കെമിസ്ട്രി മനസ്സിലാക്കാൻ. മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഗാനചിത്രീകരണങ്ങളിൽ ഒന്ന്. സത്യന് വേണ്ടി വേറെയും നല്ല ഗാനങ്ങൾ പാടി രാജ: പെരിയാറേ (ഭാര്യ), കാട്ടുചെമ്പകം പൂത്തുലയുമ്പോൾ (വെളുത്ത കത്രീന), മാനസേശ്വരീ (അടിമകൾ), കാറ്ററിയില്ല കടലറിയില്ല (ജയിൽ), ആകാശഗംഗയുടെ കരയിൽ (ഓമനക്കുട്ടൻ), ചന്ദനപ്പല്ലക്കിൽ (പാലാട്ടുകോമൻ)....

(ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com