പേടിപ്പിക്കാൻ പൃഥ്വിരാജിന്റെ കോൾഡ് കേസ്, ട്രെയിലർ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 01:27 PM  |  

Last Updated: 21st June 2021 01:27 PM  |   A+A-   |  

COLD_CASE_TRAILER_OUT

ട്രെയിലറിൽ നിന്ന്

 

പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന കോൾഡ് കേസിന്റെ ട്രെയിലർ പുറത്ത്. ഹൊറർ ഇൻവസ്റ്റി​ഗേറ്റീവായാണ് ചിത്രം എത്തുന്നത്. ദുരൂഹമായൊരു കൊലപാതകവും തുടർന്നുണ്ടാകുന്ന അമാനുഷിക സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം. ഛായാ​ഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ്  പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇൻവസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റ് മേധാ പത്മജയുടെ റോളിലാണ് അതിഥി എത്തുന്നത്. ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇരുവരും. എന്നാൽ അതിനിടെ അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടും. ദുരൂഹത നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. 

ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണുമാണ്. സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഈ മാസം 30ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.