''ഇപ്പോഴാണോ വരുന്നത്?'' സംവിധായകന്റെ ചോദ്യത്തിനുമുന്നില്‍ ഖാദര്‍ പരുങ്ങി; 'ചിത്തിരത്തോണി'യുടെ കഥ
By കെ സജിമോന്‍ | Published: 22nd June 2021 11:39 AM |
Last Updated: 22nd June 2021 11:39 AM | A+A A- |

'ചിത്തിരത്തോണി'യുടെ കഥ
റേഡിയോ തുറന്നാല്‍, നാലുംകൂടിയ മുക്കില്‍ കോളാമ്പി വലിച്ചുകെട്ടിയാല്‍ ഒരൊറ്റ പാട്ടുകൊണ്ടുതന്നെ പ്രണയം വിരിയുമായിരുന്ന കാലത്തുനിന്നുതുടങ്ങണം പൂവച്ചല്‍ ഖാദറിന്റെ പാട്ടുകളെക്കുറിച്ച് അറിയാന്‍. അമ്പതു വര്‍ഷമായി തുടരുന്ന സംഗീതസപര്യയിലെ ഓര്‍മ്മത്താരകള്‍ അദ്ദേഹം പങ്കുവച്ചപ്പോള്‍. (മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കി എഴുതിയത്)
വീടിന്റെ ഉമ്മറത്തുനിന്ന് കിഴക്കോട്ട് നോക്കിയാല്‍ അഗസ്ത്യാര്‍കൂടത്തിന്റെ തുഞ്ചത്തേക്ക് ആകാശത്തില്‍ നിന്നുമൊരു വെള്ളിരേഖ ഊര്‍ന്നിറങ്ങുന്നതുകാണാം. മീന്‍മുട്ടി വെള്ളച്ചാട്ടം എന്ന പ്രകൃതിയുടെ സൗന്ദര്യകാഴ്ച. അഗസ്ത്യാറിന്റെ മലകള്‍ക്കിടയില്‍ ആ വെള്ളിരേഖകള്‍ ഒരു പാലം തീര്‍ക്കും മഴവില്ലുകൊണ്ടൊരു പാലം. അതു കാണുമ്പോള്‍ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന കൊച്ചുകുട്ടിയും കൗതുകത്തോടെ നോക്കിയിരിക്കും. കാണെക്കാണെ ഇല്ലാതായി അവസാനിക്കുന്നിടത്തുനിന്ന് വീണ്ടും കാത്തിരിപ്പാണ് അബ്ദുള്‍ ഖാദറിന്. അജ്ഞാതവാസം കഴിഞ്ഞ് മഴവില്ല് മടങ്ങിവരുന്നതുംകാത്ത്.
''മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു,
മണിമുകില്‍ തേരിലിറങ്ങീ
മരതകകിങ്ങിണി കാടുകള്‍
പുളകത്തില്‍ മലരാട ചുറ്റിയിറങ്ങി
പുഴയുടെ കല്യാണമായി...''
പുറത്തിറങ്ങിയ ആദ്യത്തെ സിനിമ, കാറ്റുവിതച്ചവനില്‍ പാട്ടെഴുതാനൊരുങ്ങുമ്പോള്‍ സംവിധായകന്‍ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളു, ഈ പാട്ട് സീന്‍ ഔട്ട്‌ഡോറാണ്. ഔട്ട്‌ഡോറാണെന്നു പറഞ്ഞാല്‍ ഭാവന ചിറകുവിരിച്ച് പ്രകൃതിയിലേക്ക് പോകാനുള്ള അനുവാദമാണത്. പ്രകൃതിയെക്കുറിച്ചുള്ള പൂവച്ചലിന്റെ ആദ്യ കാഴ്ച തന്നെയാണ് അപ്പോഴും ഓടിവന്നത്. കിഴക്കെ അഗസ്ത്യാര്‍കൂടത്തിലെ വര്‍ണ്ണക്കാഴ്ച. ഇന്ന് ആ കാഴ്ചകളെല്ലാം ഇല്ലാതായി. കുട്ടിക്കാലത്ത് വിസ്മയത്തോടെ എത്രയോ തവണ അഗസ്ത്യാറിന്റെ തിരുനെറ്റിയ്ക്ക് മുകളില്‍ കുടപോലെ മാരിവില്ലിനെ കണ്ടതാണ്.
അഗസ്ത്യാര്‍കൂടത്തെ കാഴ്ചകളില്‍ നിന്ന് പിന്‍വാങ്ങുമ്പോഴേക്കും സന്ധ്യായാല്‍ വീടണയുന്ന ഖാദര്‍. ബാപ്പ കച്ചോടം കഴിഞ്ഞ് കണക്കുമായി വീട്ടിലെത്തിയിട്ടുണ്ടാവും. വീട്ടില്‍ നിറയെ കുട്ടികളുണ്ട്. സന്ധ്യയായാല്‍ മദ്രസയിലെ ഓത്തുപുസ്തകം അവര്‍ നീട്ടിവായിക്കുന്നുണ്ടാവും. താളത്തിലുള്ള വായനയ്ക്ക് ഖാദര്‍ ആദ്യകാലങ്ങളില്‍ കേള്‍വിക്കാരനായി മാറി.
തൊട്ടടുത്ത വീട്ടിലെങ്ങാനും ആരേലും പ്രസവിക്കാറായെന്ന് അറിഞ്ഞാല്‍ വയറ്റാട്ടി എത്തുംമുമ്പേ അവിടെ കുട്ടികളെത്തും, ബദര്‍മാലയും മുഹ്‌യുദ്ധീന്‍മാലയും പക്ഷിപ്പാട്ടും പാടണം. ഈണത്തിലും ഉച്ചത്തിലുമുള്ള ബദര്‍പാട്ടുകള്‍ക്കും ഖാദറിന്റെ ബാല്യം സാക്ഷിയായിട്ടുണ്ട്. പാട്ടുകളിലേക്ക് അറിയാതെ നടന്നുതുടങ്ങിയത് അവിടെ നിന്നാകണം.
അന്ന് പെങ്ങളുടെ ഭര്‍ത്താവിന് പെട്രോമാക്‌സും പാട്ടുപെട്ടിയും വാടകയ്ക്ക് കൊടുക്കുന്ന കടയുണ്ടായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സില്ലെങ്കിലും പാട്ടുപെട്ടിയുണ്ടാകുമായിരുന്നു. അതൊരന്തസ്സായിരുന്നു. കല്യാണങ്ങളില്ലാതെ വീട്ടില്‍ പാട്ടുപെട്ടിയിരിക്കുമ്പോഴും അതിലൊന്ന് തൊടാന്‍തന്നെ കുട്ടികള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. പാട്ടിന്റെ താളം പിടയുമ്പോള്‍ കീ കൊടുക്കാനെങ്ങാന്‍ കുട്ടിക്കൈകള്‍ നീണ്ടാല്‍, ''അടി. കുട്ടികള് ചെയ്ത് നശിപ്പിക്കണ്ടാ, വലിയ കാശിന്റെ മൊതലാ അത്.'' എന്ന് ഒരു പറച്ചില്‍ കാര്‍ന്നോന്മാരുടെ ഭാഗത്തുനിന്നുണ്ടാവും. ഖാദര്‍ അല്‍പ്പംകൂടി മുതിര്‍ന്നപ്പോള്‍ പെങ്ങളുടെ ഭര്‍ത്താവ് ഖാദറിനെയും കല്യാണവീടുകളിലേക്ക് കൊണ്ടുപോയി. പുഹേപുഹേന്ന് കത്തുന്ന പെട്രോമാക്‌സും പിടിച്ച് മൂത്തോര് മുന്നില്‍ നടക്കുമ്പോള്‍ കല്യാണവീട്ടിലെ തിരക്കിനിടയില്‍ നേര്‍ത്തു കരയുന്ന പാട്ടുപെട്ടിക്ക് കീ കൊടുക്കാന്‍ ഖാദറിന് അവസരം കിട്ടി. കീ കൊടുക്കുമ്പോള്‍ അടുത്തെല്ലാം കുട്ടികള്‍ വന്ന് നിറയും, കീ കൊടുക്കുമ്പോള്‍ അത് പാടിത്തുടങ്ങും,
''കായലരികത്ത് വലയെറിഞ്ഞപ്പോള്‍
വല കിലുക്കിയ സുന്ദരി...''
കെ. ഭാസ്‌കരന്‍മാഷിന്റെ ഈണവും ശബ്ദവും. അന്ന് അത്ഭുതത്തോടെ ആ ശബ്ദത്തിന് കാതോര്‍ത്തിരുന്നപ്പോഴൊന്നും പൂവച്ചല്‍ ഖാദര്‍ ഓര്‍ത്തിരുന്നില്ല, ഭാസ്‌കരന്‍മാഷിനെ ഒന്നു കാണാന്‍ പോലും പറ്റുമോയെന്ന്. അന്നത്തെ ആരാധകനായ കുട്ടിക്ക് പിന്നീട് രാഘവന്‍മാഷിനൊപ്പം പാട്ടുചെയ്യാന്‍ അവസരമുണ്ടായി. കവിത എന്ന കന്നിചിത്രത്തില്‍ത്തന്നെ പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് രാഘവന്‍മാഷ് ഈണം നല്‍കി.
വിശ്വേശ്വരന്‍ നായരെന്ന ട്യൂഷന്‍ മാസ്റ്റര്‍ ഒരിക്കല്‍ കുട്ടിയായിരുന്ന ഖാദറിനോട് പറഞ്ഞു, കൈയ്യെഴുത്തുമാസികയിലേക്ക് എന്തെങ്കിലും എഴുതിത്തരണം എന്ന്. എന്തെഴുതണം എന്ന് അധ്യാപകനോടുതന്നെ ചോദിച്ചു. ''ഞാന്‍ പറഞ്ഞ പുസ്തകങ്ങളൊക്കെ വായിച്ചതല്ലേ, അതുവെച്ച് എന്തെങ്കിലും എഴുതൂ.''
ആലോചനയ്‌ക്കൊടുവില്‍ എഴുതി,
''ഉണരൂ നീ, ....
നെടുനീളെ നിദ്രവിട്ട് ഉണരൂ നീ വേഗം....''
കൈയ്യെഴുത്തുമാസികയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ അടിയില്‍ പേരെഴുതി, പൂവച്ചല്‍ ഖാദര്‍. മുഹമ്മദ് അബ്ദുള്‍ ഖാദര്‍ അങ്ങനെയാണ് പൂവച്ചല്‍ ഖാദറാകുന്നത്. അത് കവിതയാണെന്നു മനസിലാക്കിക്കൊടുത്തതും പ്രിയപ്പെട്ട ഗുരുനാഥന്‍തന്നെ. പി.ഡബഌു.ഡിയില്‍ ജോലി കിട്ടി കോഴിക്കോട്ടേക്ക് പോകുമ്പോള്‍ വാരികകളുടെ വായനക്കാര്‍ക്ക് പൂവച്ചല്‍ ഖാദര്‍ പരിചിതനായിരുന്നു. കോഴിക്കോട് ആകാശവാണിയുമായി അങ്ങനെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ചന്ദ്രിക ആഴ്ചപ്പതിപ്പിലെ കാനേഷ് പുനൂര് എന്ന സുഹൃത്താണ് ഐ.വി. ശശിയെന്ന അസോസിയേറ്റ് ഡയറക്ടറുമായുള്ള അടുപ്പത്തിന് വഴിതെളിക്കുന്നത്. കുറേയേറെ കഥകളുമായി സിനിമ ചെയ്യാന്‍ നടക്കുന്ന ഐ.വി. ശശി അസോസിയേറ്റ് ഡയറക്ടറായ അടുത്ത പടം, കവിതയില്‍ പാട്ടെഴുതാനുള്ള അവസരം കാനേഷ്പുനൂര് വഴി ലഭിച്ചു. പക്ഷേ, പുതിയൊരാളെ പരീക്ഷിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു മടി. എന്നാല്‍ കവിത എന്ന ചിത്രത്തില്‍ കവയിത്രിയുടെ കഥയാണ് പറയുന്നത്. അവരുടെ കവിതകള്‍ എഴുതാന്‍ അവസരം നല്‍കിക്കൊണ്ടായിരുന്നു പൂവച്ചല്‍ ഖാദറിനെ ഐ.വി. ശശി സഹകരിപ്പിച്ചത്. ആ കവിതകള്‍ക്ക് ഭാസ്‌കരന്‍മാഷ് സംഗീതമൊരുക്കുകയും ചെയ്തു. പാട്ടുപെട്ടിക്കു മുന്നില്‍ ഇരുന്ന് കെ. രാഘവന്‍മാഷിന്റെ ശബ്ദത്തെയും ഈണത്തെയും ആദരവോടെ നോക്കിയിരുന്ന കുട്ടിയുടെ അതേ ഭാവത്തിലാണ് പൂവച്ചല്‍ ഖാദര്‍ ആ റെക്കോഡിംഗിന് മാഷിന്റെ മുന്നിലിരുന്നത്.
കോഴിക്കോടിന്റെ മണ്ണില്‍ പാട്ടുകള്‍കൊണ്ട് സൗഹൃദങ്ങള്‍തീര്‍ത്ത അനശ്വര ഗായകന്‍ ബാബുരാജിനെ പരിചയപ്പെടുന്നത് ചുഴി എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയിലായിരുന്നു. കവിത സിനിമയിറങ്ങിയയുടന്‍ പാട്ടെഴുതാന്‍ കിട്ടിയ അവസരമായിരുന്നു അത്.
''ഹൃദയത്തില്‍ നിറയുന്ന മിഴിനീരാല്‍
ഞാന്‍ തൃക്കാല്‍ കഴുകുന്നു നാഥാ...''
എന്ന ഗാനം എസ്. ജാനകി പാടിഹിറ്റായപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍,
''അക്കല്‍ദാമയില്‍ പാപം പേറിയ
ചേരത്തുള്ളികള്‍ വീണു....'' എന്ന ഗാനവും ബാബുരാജിന്റെ സംഗീതത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടു.
ഏത് ദൈവത്തെ സ്തുതിച്ച് എഴുതേണ്ടിവരുമ്പോഴും പൂവച്ചല്‍ ഖാദറിന്റെ തൂലിക അതിനൊത്ത് നീങ്ങി.
പൂവച്ചല്‍ ഒരു കുഗ്രാമമായിരുന്നു. നാട്ടിന്‍പുറത്തിന്റെ മണവും രുചിയും മാത്രമറിഞ്ഞുവളര്‍ന്ന ബാല്യമായിരുന്നു പൂവച്ചല്‍ ഖാദറിന്റേത്. ജാതിയുടെയോ മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ജീവിച്ചിരുന്ന കാലം. പള്ളിമണികളും ബാങ്ക് വിളികളും ഭാഗവത സ്‌ത്രോത്രങ്ങളുമൊന്നും അതിര്‍ വരമ്പിട്ട് നിര്‍ത്തിയിരുന്നില്ല അക്കാലത്ത് പൂവച്ചലിനെ. ഓരോ ഉത്സവങ്ങളും നാടിന്റെ ഉത്സവമായിരുന്നു പൂവച്ചല്‍ ഖാദറിന്റെ കുട്ടിക്കാലത്ത്.
ചുഴി എന്ന ചിത്രത്തിനുമുന്നേ കാറ്റുവിതച്ചവന്‍ എന്ന ചിത്രമിറങ്ങി. കാറ്റുവിതച്ചവനുവേണ്ടിയും ക്രിസ്തീയഗാനമെഴുതി,
''നീയെന്റെ പ്രാര്‍ത്ഥന കേട്ടു,
നീയെന്റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍
വന്നെന്‍, അഴലിന്‍ കൂരിരുള്‍ മാറ്റി..''
ആകാശവാണിക്കുവേണ്ടി എം.ജി. രാധാകൃഷ്ണന്റെ ഈണത്തില്‍ കൃഷ്ണസ്തുതിഗീതമെഴുതി,
''രാധാമാധവ സങ്കല്‍പത്തിന്‍
രാഗസുദാനന്ദമേ, നിന്റെ
യമുനാതീരത്തുനിന്നും കൗമാരഗന്ധികള്‍ പൂത്തു..''
പതിനാലാം രാവ് എന്ന ചിത്രത്തിനുവേണ്ടി കെ. രാഘവന്‍മാഷിന്റെ സംഗീതത്തില്‍ മാപ്പിളപ്പാട്ടുമെഴുതി,
''അഹദോന്റെ തിരുനാമം മൊളിന്തിന്റെ സമയത്ത്
ദു:അ ശെയ്ത് കരം മൊത്തി തെളിഞ്ഞ് റബ്ബേ..''
കെ. രാഘവന്‍മാഷിനും ബാബുരാജിനും ശേഷം നിരവധി സിനിമാക്കാര്‍ പാട്ടുകള്‍ക്കായി കാത്തിരുന്നു. എ.ടി. ഉമ്മറിനൊപ്പമുള്ള ആദ്യത്തെ കൂടിച്ചേരലില്‍ ഉല്ലാസം എന്ന ചിത്രത്തില്‍ ഹിറ്റുപാട്ടുകളൊരുക്കി.
''ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍...'', ''സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം..'' ''കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍ കരളിന്‍ കായലില്‍ വന്നവനേ...''
അക്കാലത്ത് സംവിധായകന്‍ ശശികുമാര്‍ പൂവച്ചല്‍ ഖാദറിനെയും പുതുതായെത്തിയ രവീന്ദ്രന്‍ എന്ന സംവിധായകനെയും ഏല്‍പ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. ചൂള എന്ന ചിത്രത്തില്‍ ഒരു പാട്ടെഴുതണം, അത് സംഗീതം നല്‍കി റെക്കോഡ് ചെയ്ത് നല്‍കണം. സംവിധായകന്‍ ഈ പാട്ട് എല്ലാം കഴിഞ്ഞ് സെറ്റില്‍ വെച്ച് മാത്രമേ കേള്‍ക്കൂ. അതിനിടയിലൊന്നും ഇടപെടാന്‍ നേരമുണ്ടാവില്ല. സിനിമയിലാണെങ്കില്‍ പാട്ടിന് അത്രയേറെ പ്രാധാന്യമുണ്ട്. നല്ല പാട്ടല്ലെങ്കില്‍ മാറ്റേണ്ടിവരുമെന്ന മുന്നറിയിപ്പും ശശികുമാര്‍ നല്‍കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ജോലിയായിരുന്നു അത്.
പൂവച്ചല്‍ ഖാദറും രവീന്ദ്രനും ചേര്‍ന്ന് പാട്ടൊരുക്കി, ''കിരാതദാഹം, ദാഹം ഒരു കിളിയുടെ രാഗം രാഗം...''. പാട്ടുമായി സെറ്റില്‍ ചെന്നു പാട്ട് പ്‌ളേ ചെയ്തു. പാട്ടുകഴിഞ്ഞപ്പോള്‍ ശശികുമാര്‍ ഇരുവരെയും ചേര്‍ത്തുപിടിച്ച് പറഞ്ഞു, ''വേഗം പൊക്കോളൂ രണ്ടുപേരും. അടുത്ത പാട്ടുംകൂടി എത്രയുംവേഗം ശരിയാക്കിത്തരൂ.'' പൂവച്ചല്‍ ഖാദറും രവീന്ദ്രനും സ്റ്റുഡിയോയിലെത്തി അടുത്ത പാട്ടിനുള്ള ഒരുക്കങ്ങള്‍ നടത്തി.
''സിന്ദൂരസന്ധ്യയ്ക്ക് മൗനം മന്ദാരക്കാട്ടിനു മൗനം എന്തു
പറഞ്ഞാലും എന്നരികില്‍ എന്‍ പ്രിയനെപ്പോഴും മൗനം...''
എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നുകൂടി പിറന്നുവീണു.
പിന്നെയും പല സംവിധായകര്‍ക്കൊപ്പം ഹിറ്റുകള്‍ തീര്‍ക്കാന്‍ പൂവച്ചല്‍ ഖാദര്‍ നിയോഗിക്കപ്പെട്ടു. ശ്യാം പൂവച്ചല്‍ ഖാദര്‍ കൂട്ടുകെട്ടിലും, ''ഒരു ചിരി കാണാന്‍ കൊതിയായി, ഒരു മലര്‍ കാണാന്‍ കൊതിയായി....'' തുടങ്ങിയ ഹിറ്റുകളുണ്ടായി. എങ്കിലും എല്ലാ പാട്ടുകളും ഹിറ്റായിമാറിയ കായലും കയറും എന്ന ചിത്രം നല്‍കിയ ബ്രേയ്ക്ക് വലുതായിരുന്നു. കെ.വി. മഹാദേവന്‍ എന്ന പ്രശസ്ത സംഗീതസംവിധായകന്റെ കൂടെയുള്ള ധന്യനിമിഷങ്ങളായിരുന്നു ആ പാട്ടില്‍ മുഴുവന്‍. ഒരുദിവസം ഒരു പാട്ടെന്ന രീതിയില്‍ റെക്കോഡ് ചെയ്തിരുന്നു. ''ചിത്തിരത്തോണിയില്‍ അക്കരെപ്പോകാനെത്തിടാമോ പെണ്ണേ...'' ഇതായിരുന്നു ആദ്യദിവസം റെക്കോഡ് ചെയ്യപ്പെട്ടത്. രണ്ടാം ദിവസത്തേക്കുള്ള പാട്ടെഴുതി കൊടുത്തിട്ടുണ്ടെങ്കിലും രണ്ടാംദിവസം സ്റ്റുഡിയോയില്‍ എത്താന്‍ അരമണിക്കൂര്‍ വൈകി. ''ഇപ്പോഴാണോ വരുന്നത്?'' സംവിധായകന്റെ ചോദ്യത്തിനുമുന്നില്‍ പൂവച്ചല്‍ ഖാദര്‍ പരുങ്ങി, അതിനിടയില്‍ത്തന്നെ സംവിയാകന്റെ കമന്റ്, ''പാട്ട് മാറ്റേണ്ടിവരും. ഏതായാലും പാട്ട് കേള്‍ക്ക്.''
പാട്ടുകേട്ടു, കുഴപ്പമൊന്നുമുണ്ടായതായി തോന്നിയില്ലെന്നുതന്നെ പൂവച്ചല്‍ ഖാദര്‍ പറഞ്ഞു. ''എന്നാല്‍പ്പിന്നെ ഇതുതന്നെയാണ് നമ്മുടെ പാട്ട്.'' എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആ പാട്ട് ഹിറ്റാകുമെന്നതിന്റെ സന്തോഷംകൂടിയുണ്ടായിരുന്നിരിക്കണം.
നാട്ടിന്‍പുറത്തെ കോളാമ്പികളില്‍ ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍... എന്ന പാട്ടുയരുമ്പോള്‍ ചില കണ്ണുകള്‍ പരസ്പരം ഒരു നോട്ടംകൊണ്ട് ഇത് നിനക്കുവേണ്ടിയാണെന്ന് പറഞ്ഞുവെയ്ക്കുമായിരുന്നു. മനസിലൊളിപ്പിച്ച പ്രണയം കാമുകിയോട് ആദ്യം പറഞ്ഞത് ഈ പാട്ട് കോളാമ്പിയിലൂടെ കേള്‍ക്കുമ്പോഴുള്ള കണ്ണേറുകൊണ്ടായിരുന്നു. അത്രയേറെ സ്വാധീനം ചെലുത്താന്‍ പൂവച്ചല്‍ ഖാദറിന്റെ ഈ വരികള്‍ക്കായി. മലയാളസിനിമാഗാനശാഖയില്‍ പൂവച്ചല്‍ ഖാദര്‍ എന്ന പേര് മായ്ക്കപ്പെടാതെ എഴുതിവയ്ക്കുന്നത് ഈ പാട്ടുകളോടെയാണ്.
ദേവരാഗശില്‍പി ജി. ദേവരാജന്റെ ഈണത്തിനായി വരികളെഴുതിക്കൊടുക്കുവാനുള്ള നിയോഗം മാനവധര്‍മ്മം എന്ന ചിത്രത്തിലൂടെയാണ് വന്നുചേര്‍ന്നത്. തകര എന്ന ചിത്രത്തിലൂടെ ലളിതഗാനസംഗീതത്തിലെ വസന്തങ്ങളായ പൂവച്ചല്‍ ഖാദറും എം.ജി. രാധാകൃഷ്ണനും ഒന്നിച്ചു. ''മൗനമേ.. നിറയും മൗനമേ...'', ''കുടയോളം ഭൂമി, കുടത്തോളം കുളിര്...'' എന്നീ പാട്ടുകള്‍ പിറന്നു. ഈ കൂട്ടുകെട്ടില്‍ നിന്നുണ്ടായ മറ്റൊരു ഹിറ്റ് പാട്ടായിരുന്നു, ചാമരത്തിലെ ''നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...'' കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് മുടി ചീകുന്ന പെണ്‍കുട്ടി, വിശാലമായ പാടങ്ങളിലൂടെ ഓടിനടക്കുന്ന നായിക, ഇങ്ങനെ ഓരോ സന്ദര്‍ഭവും പൂവച്ചല്‍ ഖാദറിന്റെ മനസില്‍ വരച്ചിട്ടതോടെ, ഒറ്റയിരുപ്പില്‍ എഴുതിയ പാട്ടായിരുന്നു അത്.
നായികയാക്കാന്‍ ആദ്യം പഌന്‍ ചെയ്ത നടിയുടെ കണ്ണുകള്‍ കണ്ടുകൊണ്ടെഴുതിയ ബെല്‍ട്ട് മത്തായിയിലെ ''രാജീവം വിടരും നിന്‍ ചൊടിയില്‍...'', ഗുരുതുല്യനായ എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററിനോടൊപ്പം ''കായല്‍കരയില്‍ തനിച്ചുനിന്നത് കാണാന്‍...'', ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ''ഏതോ ജന്മ കല്‍പനയില്‍...'', ''അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍...'',
ഗംഗൈ അമരന്റെ കൂടെ ''നീലവാനച്ചോലയില്‍ നീന്തിവന്ന ചന്ദ്രികേ...'' അങ്ങനെ എക്കാലത്തെയും ഹിറ്റുകളായ നിരവധി പാട്ടുകള്‍ക്ക് വരികളെഴുതാന്‍ പൂവച്ചല്‍ ഖാദറിന് സാധിച്ചു. ഇപ്പോഴും തുടരുകയാണ് ആ അക്ഷരജാലം, ഗസലുകളിലൂടെയും ലളിതഗാനങ്ങളിലൂടെയും; മരണത്തിനുശേഷവും തുടരുന്ന സംഗീതം.
ആധുനിക സംവിധാനമായ മൊബൈല്‍ ഫോണിന്റെ വിളിപ്പുറത്ത് കിട്ടില്ലെന്നതിനാല്‍ പലര്‍ക്കും പൂവച്ചല്‍ ഖാദര്‍ അജ്ഞാതവാസത്തിലാണെന്നു തോന്നാം. അങ്ങനെയെങ്കില്‍ അങ്ങനെ മഴമുകില്‍ അജ്ഞാതവാസം കഴിഞ്ഞെത്തുന്നതുപോലെ വരികളുടെ വര്‍ണ്ണജാലം തീര്‍ക്കാന്‍ പൂവച്ചല്‍ ഖാദര്‍ മലയാള സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കെയായിരുന്നു മരണം കവര്‍ന്നത്.
പൂവച്ചലിലെ ഗ്രാമീണത വിടാത്ത ചായക്കടകളില്‍ പുതിയ റേഡിയോകള്‍ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നുണ്ട്. ഹിറ്റ് പാട്ടുകളുടെ ലിസ്റ്റില്‍ ദിവസത്തിലൊരിക്കലെങ്കിലും പൂവച്ചലിന്റെ ഗാനം അവിടെ ഒഴുകിയെത്താതിരിക്കില്ല, ''ഒരു ചിരികാണാന്‍ കൊതിയായി, ഒരു മലര്‍ കാണാന്‍ കൊതിയായി...''
അനുരാഗിണി ഇതാ നിന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍
ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍
അണിയൂ, അണിയൂ അഭിലാഷ പൂര്‍ണ്ണിമേ
അനുരാഗിണി...
കായലിന്‍ പ്രഭാതഗീതങ്ങള്‍ കേള്‍ക്കുമീ തുഷാരമേഘങ്ങള്‍(2)
നിറമേകും ഒരുവേദിയില്‍ കുളിരോലും ശുഭവേളയില്‍ പ്രിയതേ.
മമമോഹം നീയറിഞ്ഞോ
അനുരാഗിണി...
മൈനകള്‍ പദങ്ങള്‍ പാടുന്നു, കൈതകള്‍ വിലാസമാടുന്നു(2)
കനവെല്ലാം കതിരാകുവാന്‍ എന്നുമെന്റെ തുണയാകുവാന്‍
വരദേ അനുവാദം നീ തരില്ലേ, അനുവാദം നീ തരില്ലേ
(അനുരാഗിണി..)
ശരറാന്തല്‍ തിരിതാണു..
ചിത്രം: കായലും കയറും
ഗാനരചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: കെ.വി. മഹാദേവന്‍
ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിയില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു(2)
മകരമാസ കുളിരില്‍ അവളുടെ
നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം
മാത്രം ഉണര്‍ന്നിരിക്കുന്നു(മകരമാസ...)
വരികില്ലേ നീ, അലയുടെ കൈകള്‍ തഴുകും
തരിവളയണിയാന്‍ വരുകില്ലേ
(ശരറാന്തല്‍)
അലര്‍ വിടര്‍ന്ന മടിയില്‍ അവളുടെ
അഴിഞ്ഞ വാര്‍മുടി ചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍, രാവില്‍
കിളിര്‍ത്തു നില്‍ക്കുന്നു, കേള്‍ക്കില്ലേ നീ..
കരയുടെ നെഞ്ചില്‍ പടരും
തിറയുടെ ഗാനം കേള്‍ക്കില്ലേ...
(ശരറാന്തല്‍...)