വിസ്മയ ആ​ഗ്രഹിച്ചതു പോലെ ആ പ്രണയലേഖനം കാളിദാസിന്റെ കയ്യിലെത്തി, വേദനയോടെ താരത്തിന്റെ കുറിപ്പ്

ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നത്, ഇഷ്ടതാരത്തിന്റെ ഫോൺവിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കണ്ടിരുന്നു
കാളിദാസ്, വിസ്മയ, വിസ്മയ എഴുതിയ കത്ത്/ ഫേയ്സ്ബുക്ക്
കാളിദാസ്, വിസ്മയ, വിസ്മയ എഴുതിയ കത്ത്/ ഫേയ്സ്ബുക്ക്

ണ്ടു വർഷം മുൻപത്തെ വാലന്റൈൻസ് ഡേയ്ക്കാണ് വിസ്മയ തന്റെ ഇഷ്ട നടനായ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനം എഴുതുന്നത്. ആ കത്ത് കാളിദാസിന്റെ അടുത്തെത്തുന്നത്, ഇഷ്ടതാരത്തിന്റെ ഫോൺവിളി തന്നെത്തേടിയെത്തുന്നതുമെല്ലാം വിസ്മയ സ്വപ്നം കണ്ടിരുന്നു. അവസാനം ആ കത്ത് കാളിദാസിന്റെ അടുത്തു എത്തുക തന്നെ ചെയ്തു. പക്ഷേ അതു കൊണാൻ വിസ്മയ മാത്രം ഇല്ല.

വിസ്മയയുടെ മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരിക്കുന്നതിന് ഇടയിലാണ് കത്തിനെക്കുറിച്ച് കാളിദാസ് വെളിപ്പെടുത്തിയത്. വേദനയോടെയാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’- എന്നാണ് താരം കുറിച്ചത്. 

സ്ത്രീധന പീഡനത്തെ തുടർന്നായിരുന്നു വിസ്മയയുടെ മരണം. ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് വാർത്തകളിൽ നിറയുന്നതിനിടെയാണ് വർഷങ്ങൾക്ക് മുൻപ് വിസ്മയ, കാളിദാസിന് എഴുതിയ കത്ത് പുറത്തുവന്നത്. വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് കത്തിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും എഴുതിയത്. അത് വൈറലാവുകയും കത്ത് കാളിദാസിന്റെ അടുത്തെത്തികയുമായിരുന്നു, അരുണിമയുടെ കുറിപ്പ് ഇങ്ങനെ; 

രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്.....,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്...എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും  ഷെയർ ചെയുന്നു.... പോസ്റ്റ് വൈറൽ ആവുന്നു....., കാളി ഇത് കാണുന്നു.... എന്നെ കോൾ ചെയുന്നു....., ഞങ്ങൾ സെൽഫി എടുക്കുന്നു.... അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ,  അന്ന് ഞാനാ ലവ് ലൈറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല.  കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോ  പോസ്റ്റ് മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു. ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ...അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ.... അവൾ ആഗ്രഹിച്ച പോലെ വൈറൽ  ആയി. കഴിഞ്ഞ 6 വർഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.’

വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ വിയോ​ഗ വാർത്തയെക്കുറിച്ച് കുറിച്ചത്. വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുക്ക് നമ്മുടെ പെൺക്കുട്ടികളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com