'ആ കുട്ടിക്ക് എന്നെയൊന്നു വിളിച്ചുകൂടായിരുന്നോ, അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്തേനേ'; സുരേഷ് ​ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 10:26 AM  |  

Last Updated: 24th June 2021 10:26 AM  |   A+A-   |  

suresh_gopi_about_vismaya_death

വിസ്മയ, സുരേഷ് ​ഗോപി


സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ അനുഭവിക്കേണ്ടിവന്ന പീഡനവും ആ പെൺകുട്ടിയുടെ മരണവുമെല്ലാം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. വിസ്മയ തന്നെ വിളിച്ചിരുന്നെങ്കിൽ വണ്ടിയെടുത്തുപോയി അവന്റെ കുത്തിനു പിടിച്ചു രണ്ടെണ്ണം കൊടുത്തു വിളിച്ചുകൊണ്ടുവരുമെന്നായിരുന്നു താരം പറഞ്ഞത്. പെൺകുട്ടികൾ ഇത്തരത്തിൽ സഹിക്കേണ്ട കാര്യമില്ലെന്നും ടെലിവിഷൻ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു. വിസ്മയയുടെ സഹോദരന്‍ വിജിത്തുമായി സുരേഷ് ​ഗോപി സംസാരിച്ചു. 

‘ഞാന്‍ വിജിത്തിനോട് ചോദിച്ചത് ആ കുട്ടിക്ക് തലേദിവസം രാത്രി ഒന്ന് എന്നെ വിളിച്ചു കൂടായിരുന്നോ. ആരൊക്കെയോ വിളിക്കുന്നു. എവിടൊന്നൊക്കെയോ നമ്പര്‍ തപ്പിയെടുത്ത്. ഇത്രയും മോശമായ സാഹചര്യമായിരുന്നെങ്കില്‍ ഒരു പക്ഷെ വണ്ടിയെടുത്ത് പോയി അവന്റെ കുത്തിന് പിടിച്ച് രണ്ടെണ്ണം കൊടുത്ത് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന്റെ വരും വരായ്ക ഒന്നും നോക്കാതെ…’ സുരേഷ് ഗോപി പറഞ്ഞു. 

സ്ത്രീകള്‍ പരാതിയുമായി വരുമ്പോള്‍ പൊലീസ് എന്തു കൊണ്ട് ശക്തമായി നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം സംഭവങ്ങളില്‍ പുരുഷന്‍മാര്‍ മാത്രമല്ല കുറ്റക്കാരെന്നും ആണ്‍മക്കളുടെ അമ്മാാരായാലും സഹോദരിമാരായാലും അമ്മായിമാരായാലും സ്ത്രീകളും കുറ്റക്കാരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സ്ത്രീധനം വാങ്ങണം എന്നതിനുപരിയായി സ്ത്രീധനം കൊടുക്കണമെന്ന വാശിയും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.