എന്തുകൊണ്ടാണ് അവൾ അവനിലേക്ക് തിരിച്ചു പോയത്? 'വിസ്മയയുടെ കുടുംബത്തോട് സഹതാപം തോന്നുന്നില്ല': മൃദുല മുരളി 

നിങ്ങളാണ് അവളെ ഇവിടെകൊണ്ടെത്തിച്ചതെന്ന് നടി
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സ്ത്രീധനപീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തോട് തനിക്ക് സഹതാപം തോന്നുന്നില്ലെന്ന് നടി മൃദുല മുരളി. പെൺകുട്ടികൾ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ വീട്ടിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം എന്തുവിചാരിക്കും എന്നു പറഞ്ഞുകൊടുക്കുന്നവരാണ് ഇത്തരം സംഭവങ്ങൾ വരുത്തിവയ്ക്കുന്നതെന്നും അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണെന്നും മൃദുല കുറ്റപ്പെടുത്തി. ഏതൊരു പുരുഷനെയും പോലെ പെൺകുട്ടികൾക്കും തുല്യമായ അധികാരവും അവകാശവും ഉണ്ടെന്നും, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ലെന്നും എന്തുകൊണ്ട് നിങ്ങൾ പെണ്മക്കളെ പഠിപ്പിക്കുന്നില്ല?, നടി ചോദിച്ചു. 

മൃദുലയുടെ കുറിപ്പ്

"ക്ഷമിക്കണം, വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. ഉപദ്രവങ്ങൾ അവൾ മുൻപും ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന് സഹോദരൻ പറയുന്നു. അച്ഛനും അമ്മയും അത് സമ്മതിക്കുകയും ചെയ്യുന്നു. ഉപദ്രവിച്ചതിന്റെ ചിത്രങ്ങളും അവൾ അവർക്കയച്ചിരുന്നു. സ്വന്തം മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണ്.
പെൺകുട്ടികൾ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ വീട്ടിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം എന്തുവിചാരിക്കും...ഇതൊക്കെയാകും പല പെൺകുട്ടികളോടും അവളുടെ കുടുംബം പറഞ്ഞുകൊടുക്കുന്നത്. ഇതിനു കാരണക്കാരിൽ നിങ്ങളുമുണ്ട്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്.
എന്തുകൊണ്ടാണ് അവൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവർത്തി ഉണ്ടായിട്ടും അവൾ അവനിലേക്ക് തിരിച്ചു പോയത്. തനിക്ക് നൽകിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവൾ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ്? അമ്മ എല്ലാം അറിഞ്ഞിട്ടും തുറന്നു സംസാരിക്കുകയോ അവൾക്ക് വേണ്ടി ഒന്നും ചെയ്യാതെയും ഇരുന്നത് എന്തുകൊണ്ടാണ്?.
നമ്മളിൽ എത്ര പേർ ദുരിതങ്ങളെക്കാൾ ആത്മസംതൃപ്തി നേടാൻ, പ്രശ്‌നങ്ങളോട് താദാമ്യപ്പെട്ടുപോകാതെ അവയെ മറികടക്കാൻ കല്യാണത്തേക്കാൾ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാൻ, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാൻ അവനവന് വേണ്ടി സംസാരിക്കാൻ, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്?
സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ് എന്ന് മനസിലാക്കുക. ഏത് രീതിയിലുമുള്ള അധിക്ഷേപവും സ്വീകാര്യമല്ല എന്ന് തിരിച്ചറിയുക. പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക. ഏതൊരു പുരുഷനെയും പോലെ പെൺകുട്ടികൾക്കും തുല്യമായ അധികാരവും അവകാശവും ഉണ്ടെന്നും, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ലെന്നും എന്തുകൊണ്ട് നിങ്ങൾ പെണ്മക്കളെ പഠിപ്പിക്കുന്നില്ല?", ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ മൃദുല ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com