'എന്റെ മക്കൾക്കുള്ള സ്ത്രീധനം തൂക്കാനും തുലാസ് വാങ്ങി വെച്ചിരുന്നു, ഇന്ന് അത് ഒഴിവാക്കുകയാണ്'; സലിംകുമാർ

വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും അവരുടെ ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിത്തമാണ് തനിക്കുമുള്ളതെന്നും താരം പറഞ്ഞു
സലീംകുമാര്‍ ഫയല്‍ ഫോട്ടോ
സലീംകുമാര്‍ ഫയല്‍ ഫോട്ടോ

ല്ലാ ആൺകുട്ടികളുടെ വീട്ടിലും സ്ത്രീധനം തൂക്കുന്നതിനായി ഒരു തുലാസുണ്ടെന്ന് നടൻ സലിം കുമാർ. സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ ആ തുലാസ് നീക്കം ചെയ്യണമെന്നും താരം പറഞ്ഞു. തനിക്ക് രണ്ട് ആൺമക്കളാണെന്നും അവർ സ്ത്രീധനം വാങ്ങില്ലെന്നും താരം വ്യക്തമാക്കി. ഡിവൈഎഫ്ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍. 

സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സലിംകുമാർ പറഞ്ഞു. വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും അവരുടെ ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിത്തമാണ് തനിക്കുമുള്ളതെന്നും താരം പറഞ്ഞു. 

കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും പറഞ്ഞു. 20 ാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്ജി തൂക്കാൻ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാർ ആ കർമം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ. പതിനായിരം വട്ടം അവൾ വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചു കാണും. ഞാൻ ഉൾപ്പെടുന്ന സമൂഹമാണ് അവളെ അതിൽ നിന്നും പിൻതിരിപ്പിച്ചത്. ആ പെൺകുട്ടി സൈക്യാർടിസ്റ്റിനെ കാണാൻ പോകുന്നത് അറിയുന്ന ആരെങ്കിലും കണ്ടാൽ ഉടനെ തന്നെ പറഞ്ഞുപരത്തും, ‘അവൾക്ക് ഭ്രാന്താണെന്ന്’. അല്ലാതെ മാനസികമായ ധൈര്യത്തിനു വേണ്ടി കാണാൻ പോയതാണെന്ന് ആരും പറയില്ല.’

‘മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാൻ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ്.’- സലിംകുമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com