'വൻ പ്രതിഫലം കൊടുക്കാൻ ഇല്ലാത്തതിനാൽ സ്പെഷൽ ഇഫക്റ്റ് മകനെ ഏൽപ്പിച്ചു; ഇതിലും വലിയ അവാർഡ് ഇനി നൽകേണ്ടത് പ്രേക്ഷകർ'- പ്രിയദർശൻ

'വൻ പ്രതിഫലം കൊടുക്കാൻ ഇല്ലാത്തതിനാൽ സ്പെഷൽ ഇഫക്റ്റ് മകനെ ഏൽപ്പിച്ചു; ഇതിലും വലിയ അവാർഡ് ഇനി നൽകേണ്ടത് പ്രേക്ഷകർ'- പ്രിയദർശൻ
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

രക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ദേശീയ തലത്തിൽ മൂന്ന് അവാർഡുകൾ സ്വന്തമാക്കിയപ്പോൾ അതിൽ രണ്ടെണ്ണവും ചെന്നൈ നുങ്കമ്പാക്കം വള്ളുവർകോണം വീരഭദ്രൻ സ്ട്രീറ്റിലെ വീട്ടിലേക്കാണ് വന്നിരിക്കുന്നത്. അച്ഛൻ പ്രിയ​ദർശന് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മകൻ സിദ്ധാർഥിന് അതേ ചിത്രത്തിലെ സ്പെഷൽ ഇഫക്റ്റിനുള്ള അംഗീകാരവും. വസ്ത്രാലങ്കാരത്തിനാണ് ചിത്രത്തിന് മൂന്നാമത്തെ പുരസ്കാരം കിട്ടിയത്. 

അവാർഡ് വിവരം അറിഞ്ഞതിന് പിന്നാലെ പ്രിയദർശനെ തേടി മോഹൻലാലിന്റെ കോൾ എത്തി. ഫോണെടുത്ത് പതിറ്റാണ്ടുകൾ നീണ്ട അടുപ്പത്തിന്റെ ആർദ്രതയോടെ പ്രിയൻ പറഞ്ഞു : ‘‘ലാലു...അങ്ങനെ നമ്മുടെ വലിയൊരു സ്വപ്നം നടന്നു...മോസ്റ്റ് അവെയ്റ്റഡ്...അതെപ്പോഴും നീ പറയാറില്ലേ..? നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളു...!!’’

ഇരട്ട വിജയത്തിന്റെ ആഹ്ളാദം പ്രിയൻ പ്രകടിപ്പിച്ചതേയില്ല. മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയന്റെ 94–ാം ചിത്രമാണ്. മുമ്പ് കാഞ്ചീവരം എന്ന തമിഴ് സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന് ആദ്യമാണ്. മലയാളത്തിന് അംഗീകാരം കിട്ടിയതിലെ സംതൃപ്തി മറ്റൊന്നിനുമില്ലെന്ന് പ്രിയൻ പറഞ്ഞു. ‘‘മാത്രമല്ല ഞാൻ ആളുകളെ രസിപ്പിക്കുന്ന സിനിമയെടുക്കുന്നയാളാണ്. കമേഴ്ഷ്യൽ സിനിമയ്ക്കുള്ള അംഗീകാരമാണ് മരക്കാറിനു കിട്ടിയത്. അതിൽ അഭിമാനമുണ്ട്.’’

ഇത്ര വലിയൊരു കാൻവാസിലുള്ള സിനിമ മലയാളത്തിൽ എടുക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. ഇതിൽ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി അനേകം ഭാഷകളിലെ നടീനടൻമാരുണ്ട്. ആ അർഥത്തിൽ ഇതൊരു ഇന്ത്യൻ സിനിമയാണ്. ഒരു കുടുംബ സിനിമയുമാണ്. മകൻ സിദ്ധാർഥും മകൾ കല്യാണിയും കീർത്തി സുരേഷും മോഹൻലാലും സാബുവുമെല്ലാം കൈകോർക്കുന്ന സിനിമ. മരക്കാറും കാഞ്ചീവരവും മികച്ച ചിത്രങ്ങളായിട്ടും സംവിധായകനുള്ള അവാർഡ് പ്രിയന് കിട്ടിയില്ല. സംസ്ഥാന അവാർഡും കിട്ടിയില്ല. 

മകനെ സ്പെഷൽ ഇഫക്റ്റ്സ് ഏൽപ്പിച്ചതു തന്നെ ബാഹുബലിയിലെ പോലെ വൻ പ്രതിഫലം കൊടുത്ത് വിദേശികളെ കൊണ്ടുവരാൻ കഴിയാത്തതുകൊണ്ടാണ്. മകൻ വിഎഫ്എക്സ് ബിരുദമെടുത്ത് അമേരിക്കയിൽ പ്രവർത്തിച്ച പരിചയവുമായാണ് മരക്കാറിനു വേണ്ടി വർക്ക് ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് സ്പെഷൽ ഇഫക്റ്റ്സ് വളരെ പ്രധാനമായിരുന്നു. ഇനി പ്രേക്ഷകരുടെ അംഗീകാരമാണു വേണ്ടത്. ഇതിലും വലിയ അംഗീകാരമാണ് പ്രേക്ഷകരിൽ നിന്നു കിട്ടേണ്ടത് എന്ന് പ്രിയദർശൻ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com