മുത്തച്ഛന്റെ ലൈറ്റ് ആൻഡ് സൗണ്ടിനോട് തോന്നിയ ഭ്രമം, എത്തിയത് ബോളിവുഡിൽ; ഒഴിവാക്കപ്പെട്ട പേരുകാരൻ സംസാരിക്കുന്നു

ഓസ്‌കർ പുരസ്‌കാര ജേതാവായ റസൂൽ പൂക്കുട്ടിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ ശബ്ദസംയോജനം നിർവഹിച്ചത്. എന്നാൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബിബിന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു
ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും/ ഫേയ്സ്ബുക്ക്
ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും/ ഫേയ്സ്ബുക്ക്

പുതിയ സിനിമയുടെ ടെൻഷന് ഇടയിലാണ് ബിബിൻ ദേവിനെ തേടി സുഹൃത്തിന്റെ ഫോൺ കോൾ എത്തുന്നത്. ദേശിയ പുരസ്‌കാര പ്രഖ്യാപനം ലൈവായി കേട്ടതിന് ശേഷമുള്ള വിളിയാണ്. 'നിന്റെ സിനിമയ്ക്ക് അവാർഡുണ്ടെടാ' എന്നു പറഞ്ഞപ്പോൾ സത്യം തന്നെയാണോ എന്ന അമ്പരപ്പിലായിരുന്നു. ആ സന്തോഷത്തിൽ നിന്ന് നിമിഷ നേരം കൊണ്ടാണ് ബിബിൻ ദുഃഖത്തിലേക്കും ആശങ്കയിലേക്കും വീണത്. തന്റെ വർക്ക് അംഗീകാരം നേടിയപ്പോൾ അതിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു സൗണ്ട് മിക്‌സർ ബിബിൻ ദേവ്.

തമിഴ് ചിത്രം 'ഒത്ത സെരിപ്പ് സൈസ് 7' എന്ന ചിത്രത്തിനാണ് ബിബിൻ ദേവിനെ തേടി അംഗീകാരം എത്തിയത്. ഓസ്‌കർ പുരസ്‌കാര ജേതാവായ റസൂൽ പൂക്കുട്ടിക്കൊപ്പമായിരുന്നു ചിത്രത്തിന്റെ ശബ്ദസംയോജനം നിർവഹിച്ചത്. എന്നാൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ബിബിന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. പ്രഖ്യാപന വേളയിൽ തന്റെ പേര് പറയാതെ പോയതിന്റെ ദുഃഖമുണ്ടെങ്കിലും കരിയറിലെ ഏറ്റവും വലിയ അവാർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ സമകാലിക മലയാളത്തോട്‌
മനസു തുറക്കുകയാണ് ബിബിൻ.

'എന്റെ അമ്മയുടെ അച്ഛന് നാട്ടിൽ ലൈറ്റ് ആൻഡ് സൗണ്ടൊക്കെയുണ്ടായിരുന്നു. അതൊക്കെ കണ്ടിട്ടാണ് ശബ്ദത്തോട് താൽപ്പര്യം വരുന്നത്. പത്താം ക്ലാസിൽ വച്ച് കരിയറിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോൾ തന്നെ ഇഷ്ട മേഖലയിലെന്തെങ്കിലും ജോലിയുണ്ടോ എന്നാണ് അന്വേഷിച്ചത്. അങ്ങനെയാണ് സൗണ്ട് എൻജിനീയറിങ്ങിനെക്കുറിച്ച് അറിയുന്നത്. പിന്നീട് ലക്ഷ്യം ഇതു തന്നെയായിരുന്നു. പോളി ടെക്‌നിക്കിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ പൂർത്തിയായതിന് ശേഷമാണ് തൃശൂർ ചേതന സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയറിങ്ങിന് ചേരുന്നത്. വൈകാതെ മുംബൈയിൽ ജോലി കിട്ടി.'- ബിബിൻ പറഞ്ഞു.

എറണാകുളം അങ്കമാലി സ്വദേശിയാണെങ്കിലും ബിബിന്റെ തട്ടകം ബോളിവുഡാണ്. 12 വർഷങ്ങൾക്ക് മുൻപ് മുംബൈയിലാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. ഹിന്ദി സിനിമയിൽ ഡബ്ബിങ് ചെയ്താണ് കരിയറിന് തുടക്കമിടുന്നത്. മൂന്ന് സിനിമയിൽ ഡബ്ബ് ചെയ്തതിന് ശേഷം സൗണ്ട് മിക്‌സിങ് സ്റ്റുഡിയോയിൽ അസിസ്റ്റന്റ് മിക്‌സിങ് എൻജിനീയറായി കയറി. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷമാണ് സ്വന്തമായി സിനിമകൾ ചെയ്യാൻ തുടങ്ങിയത്.

ആറ് വർഷം മുൻപാണ് റസൂൽ പൂക്കുട്ടിയുമായി ബിബിൻ പരിചയപ്പെടുന്നത്. 'റസൂൽക്കയുമായി ആറു വർഷത്തോളമായി പരിചയമുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ചെയ്യാൻ എന്നെ വിളിക്കാറുണ്ട്. അദ്ദേഹം വളരെ കൂളാണ്. ആറ് വർഷത്തോളം ഒന്നിച്ച് വർക്ക് ചെയ്തതുകൊണ്ട് ഞങ്ങൾ വളരെ ട്യൂൺഡ് ആണ്. അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൺഫ്യൂഷൻസ് വളരെ കുറവാണ്. ആദ്യം വർക്ക് ചെയ്തപ്പോൾ ഭയങ്കര എക്‌സൈറ്റഡായിരുന്നു. ഒന്നിച്ചു വർക്ക് ചെയ്ത ഒരാഴ്ചയൊക്കെ കഴിഞ്ഞപ്പോൾ അതൊക്കെ മാറി പിന്നീട് സൗഹൃദമായി.'

അവാർഡ് പ്രഖ്യാപിക്കുമ്പോഴും ഒന്നിച്ച് ഒരു ചിത്രത്തിന്റെ തിരക്കിലായിരുന്നു ഇരുവരും. റാണാ ദഗ്ഗുബാട്ടിയുടെ ബിഗ് ബജറ്റ് ചിത്രം കാടനിലാണ് ഇരുവരും ഒന്നിക്കുന്നത്. രജനീകാന്ത്- ശങ്കർ ഒന്നിച്ച 2.0 ഉൾപ്പടെ നിരവധി ബിഗ്ബജറ്റ് ചിത്രങ്ങളിൽ ഇവർ ചെയ്തിട്ടുണ്ട്. ബിബിൻ ദേവ് ശ്രദ്ധിക്കപ്പെടുന്നതും ഈ ചിത്രത്തിലൂടെയാണ്.

അവാർഡ് നേടിത്തന്ന 'ഒത്ത സെരുപ്പ് സൈസ് 7' ജീവിതത്തിൽ അപൂർവമായി ലഭിച്ച അവസരമായിരുന്നു എന്നാണ് ബിബിൻ പറയുന്നത്. ശബ്ദത്തിന് വളരെ പ്രാധാന്യം നൽകിക്കൊണ്ട് എടുത്ത ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ചത് പാർഥിപനാണ്. പരീക്ഷണാടിസ്ഥാനത്തിൽ എടുത്തിരിക്കുന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ മാത്രമാണ് പ്രേക്ഷകർ കാണുന്നത്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദസാന്നിധ്യം മാത്രമാണ്. സ്‌ക്രീനിൽ കഥാപാത്രങ്ങളുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ടാണ് ശബ്ദം നൽകിയിരുന്നത്. അതിനാൽ തന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ്ങായ സിനിമയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.

നിർമാതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അവാർഡിൽ ബിബിന്റെ പേര് ഒഴിവാക്കപ്പെടാൻ കാരണമായത്. 'പ്രൊഡക്ഷൻ ഹൗസ് അയച്ചപ്പോൾ എന്റെ പേര് മിസ്സായി എന്നാണ് അറിയുന്നത്. ഇത് പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. അവാർഡ് കിട്ടിയപ്പോഴാണ് തന്റെ പേര് അയച്ചിട്ടില്ല എന്ന് അറിയുന്നത്. അല്ലായിരുന്നെങ്കിൽ അറിയാതെ പോകുമായിരുന്നു. സിനിമയുടെ ടൈറ്റിലിലൊക്കെ എന്റെ പേര് തന്നെയാണ് കിടക്കുന്നത്. പോസിറ്റീവായാണ് ചിന്തിക്കുന്നത്. പക്ഷേ ഒഫീഷ്യൽ കാര്യങ്ങളായതിനാൽ എത്ര സമയമെടുക്കും എന്ന് പറയാനാകില്ല. ഇതേപോലെ മുൻപും പല സംഭവങ്ങൾ നടന്നിട്ടുണ്ട്. അതൊക്കെ തിരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാൽ ശരിയാകുമെന്നാണ് വിശ്വസിക്കുന്നത്. പ്രൊഡ്യൂസറായിട്ട് ഇതു സംബന്ധിച്ച് ചർച്ച ചെയ്തിട്ടുണ്ട്. പ്രൊഡക്ഷൻ ഹൗസിന്റേയും റസൂൽ പൂക്കുട്ടിയുടേയും ലെറ്റർ മന്ത്രാലയത്തിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ്.' ദേശിയ പുരസ്‌കാര ജേതാക്കളുടെ പട്ടികയിൽ തന്റെ പേരു ഔദ്യോഗികമായി ഉൾപ്പെടുത്തുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ബിബിൻ.

ഇതിനോടകം ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ഒടിയൻ, മാമാങ്കം ഉൾപ്പടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശബ്ദമിശ്രണം നിർവഹിച്ചത് ബിബിനായിരുന്നു. ഫഹദ് ഫാസിലിന്റെ ട്രാൻസായിരുന്നു അവസാന മലയാളം പടം. ഇത് മികച്ച കയ്യടി നേടിയിരുന്നു. ഭാര്യ ഡെൽമിക്കും മകൻ യോഹനുമൊപ്പം മുംബൈയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ബിബിൻ. ബോളിവുഡ് പോലെ ഹോളിവുഡും കീഴടക്കി തന്റെ മേഖലയിൽ നമ്പർ വൺ ആകാനുള്ള സ്വപ്‌നത്തിന്റെ വഴിയെയാണ് അദ്ദേഹത്തിന്റെ യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com