കോവിഡ് രോ​ഗികൾക്ക് ഓക്സിജൻ എത്തിക്കാൻ ബൈക്ക് വിറ്റ് നടൻ ഹർഷവർദ്ധൻ റാണെ, എത്തിച്ചത് മൂന്ന് കോൺസൻട്രേറ്ററുകൾ

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ബൈക്ക് വിറ്റ് സഹായം എത്തിക്കാനുള്ള തീരുമാനത്തേക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്
ഹർഷവർദ്ധൻ റാണെ തന്റെ ബൈക്കുമായി/ ഇൻസ്റ്റ​ഗ്രാം
ഹർഷവർദ്ധൻ റാണെ തന്റെ ബൈക്കുമായി/ ഇൻസ്റ്റ​ഗ്രാം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബോളിവുഡിലേയും മറ്റും താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തുന്നത്. ഓക്സിജൻ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കാണ് സഹായം എത്തുന്നത്. ഇപ്പോൾ കോവിഡ് രോ​ഗികൾക്ക് ഓക്സിജൻ എത്തിക്കുവാനായി തന്റെ ആഡംബര ബൈക്ക് വിറ്റിരിക്കുകയാണ് നടൻ ഹർഷവർദ്ധൻ റാണെ. ഹൈദരാബാദിലേക്ക് മൂന്ന് ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് സഹായമായി താരം എത്തിച്ചത്.

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ബൈക്ക് വിറ്റ് സഹായം എത്തിക്കാനുള്ള തീരുമാനത്തേക്കുറിച്ച് താരം ആരാധകരെ അറിയിച്ചത്. മഞ്ഞ നിറത്തിലുള്ള റോയൽ എൻഫീൽഡ് ബൈക്കാണ് താരം വിറ്റത്. 'കുറച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കുവേണ്ടി എന്റെ മോട്ടോർസൈക്കിൾ വിൽക്കുകയാണ്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് നമ്മുടെ സഹായം ആവശ്യമാണ്. ഹൈദരാബാദിൽ നല്ല ഓക്സിജൻ കോൺസെൻട്രേറ്റർ കിട്ടുന്നത് എവിടെയെന്ന് കണ്ടുപിടിക്കാൻ എന്നെ  സഹായിക്കണം'- നടൻ ഹർഷവർദ്ധൻ കുറിച്ചു. ബൈക്കിന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. 

അതിന് പിന്നാലെ താരത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. ബൈക്കിൽ ഒപ്പിട്ട് വിൽപ്പനയ്ക്കുവച്ചാൽ കൂടുതൽ പണം ലഭിക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. അതിന് പിന്നാലെയാണ് ബൈക്ക് വിറ്റു പോയത് അറിയിച്ചുകൊണ്ട് താരം ഇൻസ്റ്റ​ഗ്രാം സ്റ്റോയിട്ടിത്. മൂന്ന് ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് താരം ഹൈദരാബാദിൽ എത്തിച്ചു നൽകിയത്. ആരാധകർക്ക് നന്ദി പറയാനും താരം മറന്നില്ല. 

കഴിഞ്ഞ വർഷം താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സുഹൃത്തുക്കളോടും മറ്റും ഹൈദരാബാദിലെ നല്ല കോൺസൺട്രേറ്ററുകൾ കണ്ടെത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു. സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ഹർഷവർദ്ധൻ സിനിമാലോകത്തേക്കെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com