പിഷാരടിയുടെ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ മക്കളെയെങ്കിലും ഒഴിവാക്കണം; സുബിഷ് സുധി

അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി
സുബിഷ് സുധിയും രമേഷ് പിഷാരടിയും/ ഫേയ്സ്ബുക്ക്
സുബിഷ് സുധിയും രമേഷ് പിഷാരടിയും/ ഫേയ്സ്ബുക്ക്

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നടൻ രമേഷ് പിഷാരടിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. യുഡിഎഫിന്റെ മാൻഡ്രേക്കാണ് പിഷാരടി എന്നാണ് ഒരു വിഭാ​ഗത്തിന്റെ കണ്ടുപിടുത്തം. ഇപ്പോൾ താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സുബിഷ് സുധി. രാഷ്ട്രീയപരമായി പിഷാരടിയോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ പിഷാരടിയുടെ മക്കളെ വച്ചുള്ള ചിത്രങ്ങളെ ട്രോളുകളിൽ നിന്ന് ഒഴിവാക്കണം എന്നാണ് സുബിഷ് പറയുന്നത്. പിഷാരടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പോസ്റ്റ്. 

സുബിഷ് സുധിയുടെ പോസ്റ്റ് വായിക്കാം

രാഷ്ട്രീയപരമായി പിഷാരടിയോട് ഞാൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ  രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കുകയും ഞാനെന്റെ കൃത്യമായ രാഷ്ട്രീയം അദ്ദേഹത്തോട് പറയാറുമുണ്ട്. പക്ഷെ പിഷാരടി എന്ന വ്യക്തി ഒരു പക്ഷെ എനിക്ക് അടുത്ത് അറിയാവുന്ന ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിഷാരടി സിപിഎം ന്റെ വർഗ ബഹുജന സംഘടനകൾ അല്ലെങ്കിൽ കോളേജ് യൂണിയനുകൾ നടത്തുന്ന പല പരിപാടികൾക്കും പൈസ നോക്കാതെ വന്ന ഒരു സെലിബ്രിറ്റി ആണ്.
അതുകൊണ്ട് തന്നെ ഇന്നലെ ഞാൻ രമേശേട്ടനോട് സംസാരിച്ചപ്പോൾ , ട്രോളുകളും മറ്റും ഒരു തമാശയായി കാണുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ മക്കളെ, കൊച്ചുക്കുട്ടിയുടെ ഫോട്ടോ പോലും ട്രോളാൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഏറെ വിഷമം തോന്നി. പിഷാരടിക്ക് അദ്ദേഹത്തിന്റെ മക്കൾ ജീവന് തുല്യം ആണ്. അതെല്ലാവർക്കും അങ്ങനെ ആണല്ലോ!!
ഞാൻ അതിനെ ന്യായീകരിക്കുകയോ അല്ലെങ്കിൽ പിഷാരടിയെ ന്യായീകരിക്കാൻ രംഗത്ത് വന്നതോ ഒന്നുമല്ല. പിഷാരടിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നവർക്ക് പിഷാരടിയുടെ മക്കളെ വെച്ചുള്ള ഈ ചിത്രങ്ങൾ ട്രോളിന് ഉപയോഗിക്കാതെ നോക്കണമെന്ന് ഞാൻ വിനയത്തിന്റെ ഭാഷയിൽ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com