'ഞാൻ മരിച്ചിട്ടില്ല, പൂർണ ആരോഗ്യവാനാണ്'; വ്യാജവാർത്തയിൽ പ്രതികരണവുമായി നടൻ മുകേഷ് ഖന്ന; വിഡിയോ
By സമകാലിക മലയാളം ഡെസ്ക് | Published: 12th May 2021 12:07 PM |
Last Updated: 12th May 2021 12:08 PM | A+A A- |

മുകേഷ് ഖന്ന /ഫയല്‍ ചിത്രം
ബോളിവുഡ് നടൻ മുകേഷ് ഖന്ന മരിച്ചെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് 62 കാരനായ താരം. ചൊവ്വാഴ്ചയോടെയാണ് താരത്തിന്റെ മരണ വാർത്ത സോഷ്യൽ മീഡിൽ വൈറലായത്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താൻ ജീവനോടെയിരിക്കുന്ന വിവരം താരം അറിയിച്ചത്.
ഞാൻ ആരോഗ്യവാനായി ഇരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ്.- താരം വിഡിയോയിൽ പറഞ്ഞു. കൂടാതെ തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരെ അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. ഇത്തരം വ്യാജപ്രചരണം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഇതാണ് സോഷ്യൽ മീഡിയയുടെ പ്രശ്നം. മാനസിക വൈകല്യമുള്ള ഇത്തരം ആളുകൾക്ക് എന്ത് ചികിത്സയാണ് നൽകേണ്ട്. ഇത്തരക്കാരെ ആരാണ് ശിക്ഷിക്കേണ്ടത്. ഇത്രയും മതി. ഇപ്പോൾ തന്നെ കൂടുതലായി. വ്യാജ വാർത്തകൾ അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം- മുകേഷ് ഖന്ന പറഞ്ഞു.
താരം കോവിഡ് പോസിറ്റീവായിരുന്നു എന്നും വ്യാജ വാർത്തയിലുണ്ടായിരുന്നു. താരം ഇതും തള്ളി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിങ്ങളുടെ അനുഗ്രഹത്തിൽ സുഖമായി ഇരിക്കുന്നു എന്നും താരം വ്യക്തമാക്കി. ഞാൻ പൂർണ ആരോഗ്യവാനായി ഇരിക്കുന്നു. എനിക്ക് കോവിഡ് ഇല്ല. എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ആരാണ് ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചതെന്ന് എനിക്കറിയില്ല. ഇത്തരം വ്യാജ വാർത്തകളിലൂടെ മനുഷ്യരുടെ വികാരങ്ങൾക്ക് ഹാനിവരുത്തുന്നതിലൂടെ അവരുടെ ലക്ഷ്യമെന്തെന്ന് എന്ന് എനിക്കറിയില്ല. താരം വ്യക്തമാക്കി. സൂപ്പർഹിറ്റായ ശക്തിമാൻ സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് മുകേഷ് ഖന്ന.