അത് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റായിപ്പോയി, ശ്വാസം കിട്ടാതായപ്പോൾ മരിക്കുമെന്നു തോന്നി; കണ്ണുനിറഞ്ഞ് ബീന ആന്റണി; വിഡിയോ

വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷേ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല.  എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് ബാധിതയായി ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന നടി ബീന ആന്റണി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ചതിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതാണ് താരത്തിന്റെ അവസ്ഥ മോശമാക്കിയത്. മരണത്തിൽ നേരിൽ കണ്ട അവസ്ഥയിലായിരുന്നു താനെന്നാണ് ബീന ആന്റണി പറയുന്നത്. കോവിഡ് കാലത്തെ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നടി തസ്നിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബീനയുടെ പ്രതികരണം. 

സീരിയൽ ഷൂട്ടിന് ഇടയിലാണ് ബീന കോവിഡ് ബാധിതയാവുന്നത്. ഇത്രയും നാൾ ആശുപത്രിയിൽ കഴിയുന്നത് ആദ്യമായിട്ടാണ് എന്നാണ് താരം പറയുന്നത്. എന്നാൽ ഇപ്പോൾ തന്റെ അവസ്ഥ മെച്ചപ്പെട്ടെന്നും കൃത്യമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും വ്യക്തമാക്കി. പനി വിട്ടുമാറാതെയിരുന്നിട്ടും ഡോക്ടറെ പോകാതിരുന്നതാണ് താൻ ചെയ്ത തെറ്റെന്നും താരം കൂട്ടിച്ചേർത്തു. ഒരു സെറ്റെപ്പു വയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയായപ്പോഴാണ് താരം ചികിത്സ തേടുന്നത്. 

പുതിയൊരു ഷൂട്ടുമായി ബന്ധപ്പെട്ട് എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്. തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. അങ്ങനെ വീട്ടിൽ ആറേഴ് ദിവസം ഇരുന്നു. പക്ഷേ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല.  എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. പനി വിട്ടുമാറുന്നില്ലെങ്കിൽ ആശുപത്രിയിൽ പോകണമെന്ന് ബന്ധുവായ ഡോക്ടർ നിർബന്ധിച്ചു.  ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. 

പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഞാൻ അവിടെ ഒറ്റയ്ക്കാണെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. അതുകൊണ്ട് പെട്ടെന്ന് രോഗമുക്തി നേടാൻ പറ്റി. ആശുപത്രിയിലെത്തിയ ആദ്യം ദിവസം തന്നെ മരണത്തെ മുഖാമുഖം കണ്ടു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നു. രണ്ടുദിവസം ഓക്സിജൻ മാസ്കില്ലാതെ ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനിടെ ന്യുമോണിയ വല്ലാതെ ബാധിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. ഭർത്താവ് മനുവും മകനും ബുദ്ധിമുട്ടേറിയ നാളുകളിലൂടെയാണ് കടന്നുപോയതെന്ന് അവരുടെ വിഡിയോ കണ്ടപ്പോഴാണ് മനസിലായത്. - ബീന ആന്റണി പറഞ്ഞു. 

‘അമ്മ’ എന്ന സംഘടനയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ. ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ ‘അമ്മ’യുടെ മെഡി ക്ലെയിം ഉള്ളതിനാൽ കൈയിൽ നിന്ന് ചെറിയ തുകയേ ആയുള്ളൂ. ആദ്യമായാണ് ഞാൻ ഈ തുക ഉപയോഗിക്കുന്നത്. 'അമ്മ' ഒപ്പമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസ്സിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒരുപാട് നടന്മാരും നടിമാരും വിളിച്ച് സുഖവിവരം അന്വേഷിച്ചു. ഈ ഘട്ടത്തിൽ മനസിലാക്കുകയാണ് എല്ലാവരുടെയും സ്നേഹം. സുരേഷേട്ടൻ, സിദ്ദിഖിക്ക, പാർവതി ചേച്ചി , ഹരിശ്രീ അശോകേട്ടൻ അങ്ങനെ ഒരുപാട് പേർ.- നിറകണ്ണുകളുമായാണ് ബിന താൻ കടന്നുപോയ ഭീതിതമായ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com