'ആരോപണം നേരിടുന്ന നടന്മാർക്കൊപ്പം അഭിനയിക്കുന്നവരാണ് കോമരം തുള്ളുന്നത്, അവാർഡ് വൈരമുത്തുവിന് തന്നെ കൊടുക്കണം'

പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാംസ്കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കുമെന്നും ഹരീഷ് പേരടി
വൈരമുത്തു, ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്
വൈരമുത്തു, ഹരീഷ് പേരടി/ ഫേയ്സ്ബുക്ക്

മീ ടൂ ആരോപണ വിധേയനയനായ വൈരമുത്തുവിന് ഈ വർഷത്തെ ഒഎൻവി പുരസ്കാരം നൽകുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് പുരസ്കാര പ്രഖ്യാപനം പുനഃപരിശോധിക്കാനും തീരുമാനമായി. എന്നാൽ വൈരമുത്തുവിനു തന്നെ ഒഎൻവി പുരസ്കാരം നൽകണം എന്നാണ് നടൻ ഹരീഷ് പേരടി പറയുന്നത്. കുറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്. ഇത് ഒരുതരം സദാചാര സർട്ടിഫിക്കറ്റാണ്. പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാംസ്കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കുമെന്നും ഹരീഷ് പേരടി കുറിക്കുന്നു. 

ഹരീഷ് പേരടിയുടെ കുറിപ്പ്

"കാതൽ റോജാവേ എങ്കേ നിയെങ്കേ" എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്. എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്. അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ  ഇന്ത്യയിൽ നിയമങ്ങളുണ്ട്. നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക. നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും. പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും. കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇതു പോലെ കുറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്. ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാംസ്കാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും. ഒഎൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം. ഒരു വട്ടം. രണ്ട് വട്ടം. മൂന്ന് വട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com