കോവിഡ് എന്നെ ശാരീരികമായി തളര്‍ത്തി, എഴുന്നേറ്റിരിക്കാന്‍ പോലും ബുദ്ധിമുട്ടി; ശക്തി തിരിച്ചു പിടിച്ച് മലൈക അറോറ

എനിക്ക് വണ്ണം വെക്കുകയും ക്ഷീണിതയാവുകയും സ്റ്റാമിന നഷ്ടപ്പെടുകയും ചെയ്തു
മലൈക അറോറ/ ഇൻസ്റ്റ​ഗ്രാം
മലൈക അറോറ/ ഇൻസ്റ്റ​ഗ്രാം

കോവിഡ് ബാധിതയായതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മലൈക അറോറ. കോവിഡ് തന്നെ ശാരീരികമായി തളര്‍ത്തിയെന്നാണ് താരം പറയുന്നത്. എഴുന്നേറ്റ് ഇരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഒരിക്കലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാനാകില്ല എന്നാണ് കരുതിയത്. എന്നാല്‍ കോവിഡ് നെഗറ്റീവായി 32 ആഴ്ചയ്ക്ക് ശേഷം തന്റെ ശക്തി വീണ്ടെടുക്കാനായെന്നാണ് മലൈക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നത്. കൃത്യമായ വര്‍ക്കൗട്ടിലൂടെയാണ് താരം തന്റെ ലക്ഷ്യം നേടിയെടുത്തത്. ദൃഢമായ തന്റെ ശരീരം വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

മലൈക അറോറയുടെ കുറിപ്പ് വായിക്കാം

നിങ്ങള്‍ ഭാഗ്യവതിയാണ്, ഇത് വളരെ എളുപ്പമാണ്, ഞാന്‍ എപ്പോഴും കേള്‍ക്കുന്നതാണ് ഇത്. അതേ, എന്റെ ജീവിതത്തിലുള്ള ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവതിയാണ്. എന്നാല്‍ ഭാഗ്യത്തിന് ചെറിയ വേഷം മാത്രമാണുള്ളത്. കാര്യങ്ങള്‍ അത്ര എളുപ്പവുമല്ല. സെപ്റ്റംബര്‍ അഞ്ചിനാണ് എനിക്ക് പോസിറ്റീവായത്. അത് വളരെ മോശമായിരുന്നു. കോവിഡ് മുക്തി എളുപ്പമാണെന്ന് പറയുന്നവരുണ്ട്. മികച്ച രോഗപ്രതിരോധശേഷിയുള്ളവരായിരിക്കും അവര്‍, അല്ലെങ്കില്‍ കോവിഡ് ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാത്തവരാകും. അതിലൂടെ കടന്നുപോയ ഒരാളെന്ന നിലയില്‍ എളുപ്പം എന്ന വാക്കല്ല ഞാന്‍ തെരഞ്ഞെടുക്കുക. അത് എന്നെ ശാരീരികമായി തളര്‍ത്തി. രണ്ട് സ്റ്റെപ്പ് നടക്കുന്നതുപോലും വലിയ ടാസ്‌കായി. എഴുന്നേറ്റ് ഇരിക്കുന്നത്, കട്ടിലില്‍ നിന്ന് ഇറങ്ങുന്നത്, ജനലിന് അടുത്തുപോയി നില്‍ക്കാനുള്ള ശ്രമം പോലും വലിയ യാത്രയായി. എനിക്ക് വണ്ണം വെക്കുകയും ക്ഷീണിതയാവുകയും സ്റ്റാമിന നഷ്ടപ്പെടുകയും ചെയ്തു. എന്റെ കുടുംബത്തില്‍ നിന്ന് അകന്നു. അവസാനം സെപ്റ്റംബര്‍ 26ന് ഞാന്‍ കോവിഡ് നെഗറ്റീവായി. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായി. എന്നാല്‍ ക്ഷീണം അതുപോലെ നിലനിന്നു. എന്റെ മനസു വിചാരിക്കുന്നതുപോലെ ശരീരത്തിന് ശക്തിയില്ലെന്ന ചിന്ത എന്നെ നിരാശയാക്കി. എന്റെ ശക്തി ഒരിക്കലും തിരിച്ചു പിടിക്കാനാവില്ലെന്നു ഭയന്നു. ഒരു കാര്യം ചെയ്ത് 24 മണിക്കൂറില്‍ പൂര്‍ത്തിയാക്കാനാവില്ലെന്നുപോലോലും കരുതി. 

എന്റെ ആദ്യത്തെ വര്‍ക്കൗട്ട് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒന്നും എനിക്ക് ശരിയായി ചെയ്യാനായില്ല. തകരുന്നതായി തോന്നി. എന്നാല്‍ രണ്ടാമത്തെ ദിവസം എനിക്ക് ആത്മവിശ്വാസം തോന്നി. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. ഞാന്‍ കോവിഡ് മുക്തി നേടിയിട്ട് ഇന്നേക്ക് 32 ആഴ്ചയാവുകയാണ്. ഇപ്പോള്‍ എനിക്ക് എന്നെ ഞാനായിട്ടു തന്നെ തോന്നുന്നു. പോസിറ്റീവ് ആകുന്നതിന് മുന്‍പ് ചെയ്തപോലെ ഇന്നെനിക്ക് വര്‍ക്കൗട്ട് ചെയ്യാനാകുന്നുണ്ട്. എനിക്ക് നന്നായി ശ്വസിക്കാനും ശാരീരികമായും മാനസികമായും ശക്തിയും തോന്നുന്നുണ്ട്. പ്രതീക്ഷയാണ് എന്നെ മുന്നോട്ടു നയിച്ചത്. പിന്തുണച്ച എല്ലാവരോടും നന്ദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com