ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ വരുന്നു, മലയാളത്തിൽ ഇത് ആദ്യം; സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

രാത്രി 8 മുതല്‍ 8.30 വരെയായിരിക്കും ബുര്‍ജ് ഖലീഫയില്‍ ട്രെയ്‍ലര്‍ കാണാനാവുക
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതം പറയുന്ന കുറുപ്പ് തിയറ്ററുകളിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രമോഷനുകളാണ് ചിത്രത്തിനു വേണ്ടി നടക്കുന്നത്. എല്ലാത്തിനും മേലെയായി  ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ കീഴടക്കാൻ ഒരുങ്ങുകയാണ് കുറുപ്പ്. ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. 

ബുധനാഴ്ച രാത്രി 8 മുതൽ 8.30 വരെ

ദുൽഖർ സൽമാൻ തന്നെയാണ് അപൂർവ പ്രമോഷനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. നവംബർ പത്ത് ബുധനാഴ്ചയാണ് ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ പ്രദർശിപ്പിക്കുക. രാത്രി 8 മുതല്‍ 8.30 വരെയായിരിക്കും ബുര്‍ജ് ഖലീഫയില്‍ ട്രെയ്‍ലര്‍ കാണാനാവുക. ഇതാദ്യമായാണ് ബുര്‍ജ് ഖലീഫയില്‍ ഒരു മലയാള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്നത്. ദുബായിലുള്ളവർക്ക് മലയാള സിനിമയിലെ അഭിമാന നിമിഷത്തിന് സാക്ഷിയാകാം. നവംബർ 12നാണ് കുറുപ്പ് തിയറ്ററുകളിലൂടെ റിലീസാകുന്നത്. 

ദുൽഖറിന്റെ കരിയറിലെ വമ്പൻ ചിത്രം

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. കൂടാതെ കോവിഡ് പ്രതിസന്ധിക്കു ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യമായി എത്തുന്ന സൂപ്പർതാരചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 35 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. 

കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com