രണ്ട് ദിവസത്തില്‍ നൂറു കോടി ക്ലബ്ബില്‍; ഇത് രജനീ സ്റ്റൈല്‍, സൂപ്പര്‍ഹിറ്റായി 'അണ്ണാത്തെ'

തമിഴ്‌നാട്ടില്‍ നിന്നു മാത്രം രണ്ടു ദിവസങ്ങളിലായി 62.02 കോടി രൂപ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൂപ്പര്‍താരം രജനീകാന്ത് നായകനായെത്തിയ അണ്ണാത്തെ കുതിപ്പു തുടരുന്നു. ആദ്യത്തെ രണ്ടു ദിവസം കൊണ്ട് ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 112. 82 കോടി രൂപയാണ് വേള്‍ഡ് വൈഡ് ബോക്‌സ് ഓഫിസില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് അണ്ണാത്തെ വാരിയത്. റെക്കോര്‍ഡ് കുറിച്ച് തമിഴ്‌നാട്ടില്‍ ചിത്രം വിജയകരമായി മുന്നേറ്റം തുടരുകയാണ്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 62 കോടി

തമിഴ്‌നാട്ടിന് പുറമെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച കളക്ഷനാണ് ആദ്യ ദിവസങ്ങളില്‍ നേടിയത്. ആദ്യത്തെ ദിവസം 70. 19 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്നു മാത്രം ചിത്രം 35 കോടിയോളം രൂപ നേടിയിരുന്നു. ഒരു ചിത്രത്തിന് ലഭിച്ച എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനായിരുന്നു ഇത്. രണ്ടാമത്തെ ദിവസം ചിത്രം 42.63 കോടി രൂപയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇതില്‍ 27.15 കോടി രൂപ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ് നേടിയത്. ഇതോടെ രണ്ടാമത്തെ ദിവസത്തെ മികച്ച റെക്കോര്‍ഡും രജനീകാന്തിന്റെ പേരിലായി. 

 
തമിഴ്‌നാട്ടില്‍ നിന്നു മാത്രം രണ്ടു ദിവസങ്ങളിലായി 62.02 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍്ട്ടുകള്‍. ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ദിപാവലി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 

കേരളത്തിലും ആവേശം

കേരളത്തിലെ തീയറ്ററില്‍ കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം എത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. 50 ശതമാനം സീറ്റിങ്ങോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. തിയറ്ററുകളില്‍ ചലനമുണ്ടാക്കിയെങ്കിലും ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര സുഖകരമല്ല. പുതുമയില്ലാത്ത പ്രമേയമാണ് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി  ഒട്ടേറെ പേരുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com