'എന്നും എന്റെ നിഴൽ, അല്ലിയുടെ സന്തതസഹചാരി'; ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടമായി, അച്ഛന്റെ വിയോ​ഗത്തിൽ സുപ്രിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 01:53 PM  |  

Last Updated: 21st November 2021 01:53 PM  |   A+A-   |  

supriya_menon_family

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

കാൻസറിനോട് പൊരുതി അച്ഛൻ എന്നന്നേക്കുമായി വിടപറഞ്ഞതിന്റെ ദുഖത്തിലാണ് സുപ്രിയാ മേനോൻ. എൻറെ ഹൃദയത്തിൻറെ ഒരു വലിയ ഭാഗം നഷ്ടമായെന്നാണ് അച്ഛന്റെ വിയോ​ഗത്തിക്കുറിച്ച് സുപ്രിയ പറയുന്നത്. ജീവിതത്തിൽ അച്ഛനിൽ നിന്ന് ലഭിച്ച നന്മകളെക്കുറിച്ചും അച്ഛൻ നൽകിയ പിന്തുണയെക്കുറിച്ചും ഇൻസ്റ്റ​ഗ്രാമിൽ പങ്കിവച്ചിരിക്കുകയാണ് സുപ്രിയ. ചികിത്സയ്ക്ക് ഒപ്പം നിന്നവർക്കും ശുശ്രൂഷിച്ച ഡോക്ടർമാർക്കും കുറിപ്പിൽ സുപ്രിയ നന്ദി പറഞ്ഞു.

‌സിപ്രിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

‘കഴിഞ്ഞ ഞായറാഴ്ചയാണ് (നവംബർ 14) എൻറെ ഹൃദയത്തിൻറെ ഒരു വലിയ ഭാഗം നഷ്ടമായത്. പതിമൂന്നു മാസങ്ങളോളം കാൻസറിനോട് പൊരുതി എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) യാത്രയായത് അന്നാണ്. എന്റെ എല്ലാമായിരുന്നു ഡാഡി. എന്റെ ചിറകുകൾക്ക് ശക്തി പകർന്ന കാറ്റ്, എൻറെ ശ്വാസവായൂ. ഒറ്റമകളായിരുന്നിട്ടു കൂടി എന്റെ സ്വപ്നങ്ങളെ തന്റെ സുരക്ഷാകവചം കൊണ്ടു പൂട്ടാൻ അദ്ദേഹം ശ്രമിച്ചില്ല. സ്കൂളിലും കോളജിലും ജോലി സംബന്ധമായും ഞാൻ എടുത്ത തീരുമാനങ്ങൾ അദ്ദേഹം എതിർത്തില്ല. എന്തിനു, ഞാൻ എവിടെ ജീവിക്കണം എന്നും ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിച്ചപ്പോഴും എതിർത്തില്ല. എന്നും പിന്തുണച്ചിരുന്നു. തന്റെ തീരുമാനങ്ങളെ എന്റെ പുറത്ത് അടിച്ചേൽപ്പിക്കാൻ നോക്കാതെ, ഞാൻ ഇടറുകയോ വീഴുകയോ ചെയ്യുമ്പോൾ പിടിക്കാനായി എന്നുമെന്റെ നിഴൽ പോലെ പോന്നു. ഇന്ന് എന്റെ സ്വഭാവത്തിൽ ഉണ്ടെന്നു പറയുന്ന എല്ലാ നന്മയും – തുറന്നു പറയുന്ന രീതി, സത്യസന്ധത, ആത്മാർഥത, ശക്തി – അദ്ദേഹത്തിൽ നിന്നും കിട്ടിയതാണ്.


എനിക്ക് പകർന്നു തന്ന പാഠങ്ങൾ എല്ലാം എന്റെ മകൾക്കും നൽകി. അവൾ ജനിച്ച അന്ന് മുതൽ തന്നെ ഡാഡി അവളെ ലാളിച്ചു തുടങ്ങി. അമ്മയ്ക്കൊപ്പം ഡാഡിയും അല്ലിയുടെ സന്തതസഹചാരിയായി. അവളെ പ്രാമിൽ നടക്കാൻ കൊണ്ട് പോവുക, നടക്കാൻ പഠിപ്പിക്കുക, കളിയ്ക്കാൻ കൊണ്ട് പോവുക, സ്കൂളിലും പാട്ട് ക്ലാസിലും കൊണ്ടാക്കുകയും തിരിച്ചുകൂട്ടുകയും ചെയ്യു. അങ്ങനെ അവളുടെയും ഡാഡിയായി അദ്ദേഹം. അദ്ദേഹത്തിൻറെ ലോകമാകട്ടെ, അവൾക്ക് ചുറ്റും കറങ്ങി തുടങ്ങി.


ഡാഡിയുടെ കാൻസർ കണ്ടെത്തിയത് മുതലുള്ള പതിമൂന്നു മാസങ്ങൾ ജീവിതത്തിലെ ഏറ്റവും ദുർഘടമേറിയ ദിവസങ്ങളായിരുന്നു. ഒരു വശത്ത് ലോകത്തിനു മുന്നിൽ ‘എല്ലാം ഓക്കേ’യാണ് എന്ന് ഭാവിച്ച് ചിരിക്കുമ്പോൾ, ഉള്ളിൽ അവസാന ഘട്ട കാൻസർ കൊണ്ടുണ്ടാകാൻ പോകുന്ന വലിയ വിപത്തിനെക്കുറിച്ചുള്ള വേവലാതികൾ ആയിരുന്നു. കാൻസർ കുടുംബത്തെ മുഴുവൻ ബാധിക്കും എന്നത് സത്യമാണ്. ഞങ്ങളുടെ കാര്യത്തിൽ അത് ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവിനെ തന്നെ ബാധിച്ചു. കഴിഞ്ഞ ഒരു വർഷം അച്ഛന്റെ കൈയും പിടിച്ചു ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു ഞാൻ. അപ്പോഴെല്ലാം ജീവിതത്തെ മുറുക്കിപ്പിടിക്കുന്നത് പോലെ അദ്ദേഹം എന്റെ കൈ പിടിച്ചിരുന്നു. ഈ യാത്രയിലെ ദുർഘടങ്ങൾ താങ്ങാൻ സഹായിച്ചവർ ഏറെയാണ്‌ – ബന്ധുക്കൾ, എന്നും വിളിച്ചു അന്വേഷിച്ച സുഹൃത്തുക്കൾ. ആശുപത്രിയിൽ കൂടെ വരാം എന്ന് പറഞ്ഞവർ. കര കടക്കാൻ വലിയ ലൈഫ് ബോട്ട് എറിഞ്ഞു തന്ന ആരോഗ്യ പ്രവർത്തകർ. അമൃത, ലേക്ക് ഷോർ ആശുപത്രികളിലെ സ്റ്റാഫ് – പ്രത്യേകിച്ചും അച്ഛനെ നോക്കിയ ഇന്ദിര, അഞ്ജു, ജീമോൾ, വിമൽ എന്നിവർ.
അച്ഛനെ ചികിത്സിച്ചതിനും തുടക്കത്തിൽ തന്നെ അറിഞ്ഞ ആ കടുത്ത വിധിയെ നേരിടാൻ സഹായിച്ചതിനും അമൃത ആശുപത്രിയിലെ ഡോക്ടർ പവിത്രന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ലേക്ക് ഷോർ ആശുപത്രിയിലെ ഡോക്ടർ സുധീഷ്‌ കരുണാകരനും നന്ദി – എന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സമയം കണ്ടെത്തിയതിനും ഏറെ ബഹുമാനത്തോടെ, അർപ്പണ മനോഭാവത്തോടെ അച്ഛനെ ചികിത്സിച്ചതിനും. എല്ലാറ്റിനുപരി, പ്രിയപ്പെട്ട മാമൻ, ഡോക്ടർ എം വി പിള്ളയ്ക്ക് നന്ദി പറയുന്നു – ഈ അസുഖത്തിൻറെ സൂക്ഷ്മവിവരങ്ങളും ചികിത്സാ സാധ്യതകളും പറഞ്ഞു തന്ന്, പ്രത്യാശ നൽകി കൂടെ നിന്നതിന്. ഈ അസുഖത്തെക്കുറിച്ച് നിലവിലുള്ള വിവരങ്ങൾ ലഭ്യമായതും അതിൻറെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞു എന്നതും ഭാഗ്യമായി കരുതുന്നു. ഇതെല്ലാം കാരണം ഡാഡിയോടൊപ്പം കുറച്ചു കൂടി സമയം ചെലവഴിക്കാൻ സാധിച്ചു.


അച്ഛനോട് ‘ഗുഡ്-ബൈ’ പറഞ്ഞിട്ട് എന്ന് ഒരാഴ്ചയായി. പബ്ലിസിറ്റിയിൽ നിന്നും മാറി, നിഴലായി മാത്രം നടക്കാനായിരുന്നു ഡാഡി ആഗ്രഹിച്ചിരുന്നത്. എങ്കിലും, ഇന്നത്തെ ദിവസം അദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പറയണം എന്ന് തോന്നി. തന്റെ വലിയ ഹൃദയം കൊണ്ട് ഒരുപാട് ജീവിതങ്ങളെ തൊട്ട മനുഷ്യൻ. ഇന്നെന്റെ കൈയ്യിൽ ഒരു ചിതാഭസ്‌മ കലശമായിരിക്കുന്ന എൻറെ അച്ഛനെക്കുറിച്ച് ഇനിയിത്രയേ പറയുന്നുള്ളൂ – നിങ്ങൾ എന്നെ വിട്ടു പോയിട്ടുണ്ടാവാം, പക്ഷേ എന്റെ ഹൃദയത്തിൽ ഞാൻ എന്നും കൂടെ കൊണ്ട് നടക്കും. ഞാൻ നിങ്ങൾ തന്നെയാണല്ലോ,’ സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.