"മേനവനേ" എന്നു മാത്രം വിളിക്കും, 'അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന  മന്ത്രികനായിരുന്നു ബിച്ചു': ബാലചന്ദ്ര മേനോൻ 

ആദ്യ ചിത്രം മുതൽ ഒന്നിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോൻ 
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തന്റെ ആദ്യ ചിത്രം മുതൽ ഒന്നിച്ചുള്ള ഓർമ്മകൾ പങ്കുവച്ചാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ്. അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു ബിച്ചുവെന്നും ആ അർഹതക്കുള്ള അംഗീകാരം കിട്ടിയോ എന്ന കാര്യത്തിൽ തനിക്കും സംശയമുണ്ടെന്ന് കുറിച്ചിരിക്കുകയാണ് അദ്ദേഹം. 

ബാലചന്ദ്ര മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

എന്റെ ആദ്യ ചിത്രമായ 'ഉത്രാടരാത്രി'യുടെ ഗാനരചയിതാവ് ...അതായത് , സിനിമയിലെ എന്റെ തുടക്കത്തിലെ അമരക്കാരൻ ..
( ജയവിജയ - സംഗീതം )
എന്നെ ജനകീയ സംവിധായകനാക്കിയ "അണിയാത്തവളകളിൽ ..... സംഗീതാസ്വാദകർക്കു "ഒരു മയിൽ‌പ്പീലി " സമ്മാനിച്ച  പ്രതിഭാധനൻ ......
എന്റെ ആദ്യ നിർമ്മാണ സംരംഭമായ " ഒരു പൈങ്കിളിക്കഥ " യിലൂടെ  ഞാൻ ആദ്യമായി സിനിമക്ക് വേണ്ടി പാടിയ വരികളും ബിച്ചുവിന് സ്വന്തം ......
എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായ "ഏപ്രിൽ 18 " ലൂടെ  "കാളിന്ദീ തീരം " തീർത്ത സർഗ്ഗധനൻ ......
എന്തിന് ? രവീന്ദ്ര  സംഗീതത്തിന്  തുടക്കമിട്ട "ചിരിയോ ചിരി" യിൽ 
."ഏഴുസ്വരങ്ങൾ...." എന്ന അക്ഷരക്കൊട്ടാരം  തീർത്ത  കാവ്യശിൽപ്പി .....
ഏറ്റവും ഒടുവിൽ എന്റെ സംഗീത സംവിധാനത്തിൽ  എനിക്ക്  ഏറ്റവും പ്രിയപ്പെട്ട "കൃഷ്ണ ഗോപാൽകൃഷ്ണ "എന്ന  ചിത്രത്തിന് വേണ്ടി ഒത്തു കൂടിയ  ദിനങ്ങൾ ...
രാവിലെ ന്യൂസിൽ നിന്ന്  മനസ്സിനെ നൊമ്പരപ്പെടുത്തിയ ഈ വാർത്ത കേട്ടപ്പോൾ  മനസ്സിലൂടെ  കടന്നുപോയ  ചില ചിതറിയ ചിന്തകൾ ....
 ബിച്ചു ....അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടുന്ന ഒരു മന്ത്രികനായിരുന്നു നിങ്ങൾ.... എന്നാൽ ആ അർഹതക്കുള്ള അംഗീകാരം നിങ്ങൾക്ക് കിട്ടിയോ എന്ന കാര്യത്തിൽ എനിക്കും എന്നെപ്പോലെ പലർക്കും സംശയമുണ്ടായാൽ  കുറ്റം പറയാനാവില്ല ....
തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളീ സംഗീതാസ്വാദകരുടെ മനസ്സിൽ സജീവമായിത്തന്നെ നില നിൽക്കും ....
എന്നെ സിനിമയിൽ "മേനവനേ" എന്നു മാത്രം സംബോധന ചെയ്യുന്ന , എന്റെ ജേഷ്ഠ സഹോദരന്റെ ആത്മാവിന്  ഞാൻ നിത്യ ശാന്തി നേർന്നുകൊള്ളുന്നു ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com